sections
MORE

നേടും മുൻപ്‌ കൊട്ടിഘോഷിക്കരുത്; ഒഴിവാക്കണം ജീവിതത്തിലെ ഈ പ്രലോഭനങ്ങൾ

Victory
SHARE

അൽപം യവനപുരാണം കേൾക്കുക. ടാൻറ്റലുസിന് ദേവന്മാരുടെ ആസ്ഥാനമായ ഒളിമ്പസ് മലയിൽ പ്രവേശനം കിട്ടി. നമ്മുടെ ദേവേന്ദ്രനു സമാനമായ സ്ഥാനമുള്ള സെയൂസിന്റെ മകനാണ് ടാന്റലുസ്. പക്ഷേ അയാൾ അവിടെനിന്ന് അമൃതിനു തുല്യമായ അംബ്രോസിയയും നെക്റ്ററും മോഷ്ടിച്ചു. നാട്ടിൽ മടങ്ങിയെത്തി നാട്ടുകാരെ മരണമില്ലാത്തവരാക്കി, ദേവന്മാരുടെ രഹസ്യങ്ങൾ കവരുകയായിരുന്നു ലക്ഷ്യം. പിന്നീട് അയാൾ സ്വന്തം മകൻ പെലോപ്സിനെ വെട്ടിനുറുക്കി പുഴുങ്ങി ദൈവങ്ങൾക്കു വിളമ്പി. അവർ കഴിച്ചില്ല. സെയൂസ് സത്യം മനസ്സിലാക്കി. വിധിദേവതകളിലൊരാളായ ക്ലോതോയോട് പറഞ്ഞ് പെലോപ്സിനെ ജീവിപ്പിച്ചു. ടാൻറ്റലുസിനെ ഒളിമ്പസിൽ നിന്ന് ഇറക്കിവിട്ടു. മരണശേഷം അയാൾക്ക് നരകത്തിൽ സവിശേഷമായ ശാശ്വതശിക്ഷ നല്കി. പഴങ്ങൾ നിറഞ്ഞ് താണുനിൽക്കുന്ന മരക്കൊമ്പിനു തൊട്ടുതാഴെയുള്ള ചെറുജലാശയത്തിൽ നിൽക്കണം. പഴങ്ങളെത്തിപ്പിടിക്കാൻ ശ്രമിച്ചാൽ മരക്കൊമ്പ് കൈയെത്താത്ത ഉയരത്തിലേക്കു പൊങ്ങിപ്പോകും. കുനിഞ്ഞ് വെള്ളം കുടിക്കാൻ ആഞ്ഞാലുടൻ വെള്ളം വറ്റുകയും ചെയ്യും. തൊട്ടടുത്ത് തിന്നാനും കുടിക്കാനുമുള്ളതുണ്ടെങ്കിലും രണ്ടും ഒരിക്കലും കിട്ടാത്ത തരത്തിലുള്ള കൊടിയ ദുരിതം.

ഒരിക്കലും നേടാനാവാത്തവിധം നിരന്തരം അകന്നു പോകുന്ന പ്രലോഭനത്തെ സൂചിപ്പിക്കാൻ ‌ടാന്റലൈസിങ് (tantalizing) എന്നു പറയുന്നതിനു പിന്നിൽ ഇക്കഥയുണ്ട്. നമ്മുടെയൊക്കെ ജീവിത്തിലുമുണ്ടാവും മോഹിപ്പിച്ച് നിരാശപ്പെടുത്തുന്ന പല അനുഭവങ്ങളും. എല്ലാം ഈ ക്ഷണത്തിൽ നേടിക്കളയാം എന്ന് ഒരിക്കലും കരുതാതിരിക്കാം. നേടിക്കഴിഞ്ഞ് പറഞ്ഞാൽമതി നേടിയെന്ന്.  കപ്പിനും ചുണ്ടിനും ഇ‌ടയിൽ തെന്നിപ്പോകാൻ ഇടനല്കുന്ന ചിലത് വന്നുപെടാം. പഴമക്കാർ പറയും, ‘മാമ്പൂ കണ്ടും മക്കളെക്കണ്ടും മദിക്കരുത്.’ പാതിവിജയമാകുമ്പോഴേ വലിയ പ്രഖ്യാപനങ്ങൾ നടത്തി, പിന്നീട് പരിഹാസപാത്രമാകുന്നവരുണ്ടല്ലോ.

വിജയത്തിൽ ആഹ്ലാദിക്കുക മനുഷ്യസഹജമാണ്. വിജയം നേടിക്കഴിയുമ്പോൾ ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളല്ലോ എന്ന തോന്നലിന് അടിപ്പെടുന്നവരുമുണ്ട്. ഒരു തരത്തിൽ അതിനുമുണ്ട് നല്ലവശം. കയറിയെത്തിയ കൊടുമുടിയെക്കാൾ ഉയരമുള്ള മറ്റു കൊടുമുടികൾ ലക്ഷ്യമാക്കി പരിശ്രമം തുടരാൻ അതു വഴിവയ്ക്കുന്നു. ലക്ഷ്യപ്രാപ്തിയിൽ ലഹരിപിടിച്ച് മദിക്കാതെ അതിനെ ലാഘവബുദ്ധിയോടെയും കാണാമെന്ന് ഓർമ്മിപ്പിക്കുന്നതാണ് നമ്മുടെ നാറാണത്തു ഭ്രാന്തന്റെ കഥ. പറയി പെറ്റ പന്തിരുകുലത്തിലെ ഒരുവനാണ് ഇദ്ദേഹം. കാലത്തുമുതൽ ഉച്ചവരെ കഷ്ടപ്പെട്ട് വലിയ പാറയുരുട്ടി മലമുകളിലെത്തിക്കും. അത് താഴോട്ട് തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കും. ഭ്രാന്തനായിരുന്നില്ല നാറാണത്തു ഭ്രാന്തൻ. ജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനായിരുന്നു അദ്ദേഹം ഈ കഠിനവിനോദം ആവർത്തിച്ചിരുന്നത്.

രാഷ്ട്രീയനേതാക്കൾ പലപ്പോഴു നമ്മെ പ്രലോഭനംവഴി മോഹിപ്പിക്കും. ഇന്നോളം കിട്ടാത്ത പലതും അവർ തന്നുകളയുമെന്ന് വാഗ്ദാനം ചെയ്യും. അങ്ങനെ തന്നാൽക്കൊള്ളാമെന്ന് അവർക്ക് ആഗ്രഹമുണ്ടാവാം. വസ്തുതകളും സ്വപ്നങ്ങളും കലർത്തി നമ്മെ ആശിപ്പിക്കും. അതെല്ലാം കൈവരുമെന്ന് ചില ശുദ്ധാത്മാക്കൾ വിശിവസിച്ചുപോകും, പക്ഷേ വാഗ്ദാനങ്ങൾ പ്രായോഗികമാവില്ല. നീട്ടിത്തന്ന് പിൻവലിച്ച് നിരാശരാക്കപ്പെട്ട അനുഭവം. നമ്മുടെ മുന്നിൽ പൊട്ടിത്തകർന്ന മോഹക്കുമിളകൾ. വെറും ആകാശപുഷ്പങ്ങൾ. നേതാക്കൾ പക്ഷേ പിന്നീട് പുതിയ പ്രലോഭനങ്ങളുടെ വലിയ ബൊക്കേയുമായി വീണ്ടും ജനങ്ങളെ സമീപിക്കുന്നതും സാധാരണം. എല്ലാം കിട്ടിക്കഴിഞ്ഞ് കിട്ടിയെന്നു കരുതിയാൽ നൈരാശ്യം ഉണ്ടാവില്ല.

ഇക്കാര്യത്തിൽ ഷേപ്സ്കിയറുടെ ചോദ്യം ചിന്തോദ്ദീപകം: ‘പ്രലോഭിപ്പിക്കുന്നയാളോ പ്രലോഭനത്തിനു വശംവദനാകുന്നയാളോ ആരാണ് കൂടുതൽ പാപം ചെയ്യുന്നത്?’ (The tempter or the tempted, who sins most? – മെഷർ ഫോർ മെഷർ 2:2)

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA