ADVERTISEMENT

ഫെബ്രുവരി 22നു നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയ്ക്കു കർശന സുരക്ഷാ ക്രമീകരണങ്ങൾ.  പരമാവധി പരീക്ഷാ കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ പിഎസ്‌സിയും പൊലീസ് വകുപ്പും ധാരണയിലെത്തി.  ആവശ്യമെങ്കിൽ കൂടുതൽ സേനയെ എത്തിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെഎഎസ് പരീക്ഷ നടക്കുന്നത്. എല്ലാ  പരീക്ഷാ കേന്ദ്രങ്ങളിലും പിഎ‌സ്‌സിയുടെ ഒരു ജീവനക്കാരൻ  ജോലിയിലുണ്ടാകും.  ഇതോടൊപ്പം പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.  രാവിലെ ചോദ്യപേപ്പറുമായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന പിഎസ്‍സി ജീവനക്കാരൻ രണ്ടു പരീക്ഷയും കഴിഞ്ഞതിനു ശേഷമേ പരീക്ഷാ കേന്ദ്രത്തിനു പുറത്തു പോകാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.  വേനൽ സമയമായതിനാൽ   ഹാളിൽ കുടിവെള്ളം ലഭ്യമാക്കണമെന്നും  പരീക്ഷാ കേന്ദ്രങ്ങൾക്കു പിഎസ്‌സി നിർദേശം നൽകി.  

രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് കെഎഎസ് പ്രാഥമിക പരീക്ഷ. പരീക്ഷ എഴുതാനെത്തുന്നവർക്ക് ആദ്യ പരീക്ഷയ്ക്കു ശേഷം പുറത്തു പോകുന്നതിനു നിയന്ത്രണമില്ല. ഇവർ ഉച്ചയ്ക്ക് 1.30നു മുൻപു തിരികെ എത്തിയാൽ മതി. രാവിലത്തെ പരീക്ഷ എഴുതാത്തവരെ ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ എഴുതാൻ അനുവദിക്കില്ല. 

പരീക്ഷാ കേന്ദ്രങ്ങൾ 1534
കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 1534 പരീക്ഷാ കേന്ദ്രങ്ങൾ. ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം ജില്ലയിലാണ്– 261. ഏറ്റവും കുറവ് കേന്ദ്രങ്ങൾ വയനാട്ടിൽ– 30. സംസ്ഥാനത്തെ എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.  അപേക്ഷകർക്കു സ്വന്തം ജില്ലയിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽ അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ മാറ്റം അനുവദിക്കില്ല. വിവിധ ജില്ലകളിൽ തയാറാക്കിയിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം പട്ടികയിൽ.  

കെഎഎസ് പരീക്ഷാ കേന്ദ്രങ്ങൾ

ജില്ല–പരീക്ഷാകേന്ദ്രം

തിരുവനന്തപുരം–261

കൊല്ലം–148

പത്തനംതിട്ട–52

ആലപ്പുഴ –111

കോട്ടയം–115

ഇടുക്കി–50

എറണാകുളം–172

തൃശൂർ–133

പാലക്കാട്–103

മലപ്പുറം–109

കോഴിക്കോട്–123

വയനാട്–30

കണ്ണൂർ- 93

കാസർകോട്–34

ആകെ–1534

പരീക്ഷാ ഹാളിൽ കർശന നിയന്ത്രണം
സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്നു മൊബൈൽ ഫോൺ, വാച്ച് എന്നിവ ഉൾപ്പെടെയുള്ളവയ്ക്കു കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പരിശീലനം നേടിയ പിഎസ്‌സി ജീവനക്കാർ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. ചീഫ് സൂപ്രണ്ടുമാർക്കും ഇക്കാര്യത്തിൽ പിഎസ്‌സി പരിശീലനം നൽകിയിട്ടുണ്ട്. ചെറിയ ക്രമക്കേടുകകൾ പോലും കണ്ടെത്തിയാൽ  നിയമ നടപടിയുണ്ടാകും. 

സമയം അറിയാൻ ബെല്ലടി മാത്രം

പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ  സമയമറിയാൻ  പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ 7 തവണയാണ്  ബെല്ലടിക്കുക.  ചീഫ് സൂപ്രണ്ടിന്റെ ഒാഫിസ് മുറിയിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിക്കുന്നത്. 7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ.

1. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടുമാരും ഉദ്യോഗാർഥികളും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്)

2. പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് (ചോദ്യം വിതരണം ചെയ്യുന്നതിനുള്ള അറിയിപ്പ്)

3. പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്

4. പരീക്ഷ അര മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്.

5. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്.

6. പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അറിയിപ്പ്.

7. പരീക്ഷ അവസാനിച്ചതായുള്ള അറിയിപ്പ്.

യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി 

കെഎഎസ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രയാസമില്ലാതെ എത്താൻ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും  സർവീസുകളുണ്ടാകും. പരീക്ഷാ ദിവസം സർവീസുകൾ മുടങ്ങാതിരിക്കാൻ കോർപറേഷൻ മുൻകരുതലെടുത്തിട്ടുണ്ട്.  ബസുകളുടെ സമയം ഉൾപ്പെടെ ഏതു വിവരത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 0471 2463799, 94470 71021. 

അഡ്‌മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ 

കെഎഎസ് പരീക്ഷയ്ക്കുള്ള അഡ്‌മിഷൻ ടിക്കറ്റ് പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകർ ഒറ്റത്തവണ റജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്‌ത് യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് പ്രൊഫൈലിലെ അഡ്‌മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അഡ്‌മിഷൻ ടിക്കറ്റ് ലഭിക്കും. ഇതു ഡൗൺലോഡ് ചെയ്‌തു പ്രിന്റെടുത്ത് പരീക്ഷയ്‌ക്കു ഹാജരാകുക. അഡ്‌മിഷൻ ടിക്കറ്റിന്റെ വലതുവശത്തു മുകളിലായി ബാർകോഡ്, ഇടതുവശത്തു മുകളിലായി പിഎസ്‌സിയുടെ എംബ്ലം എന്നിവയും ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.  

ഇതില്ലാത്ത അഡ്‌മിഷൻ ടിക്കറ്റുമായി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അഡ്‌മിഷൻ ടിക്കറ്റിലെ  ഉദ്യോഗാർഥിയുടെ സ്‌കാൻ ചെയ്‌ത ചിത്രത്തിനു  മുകളിൽ ഫോട്ടോ പതിക്കാൻ പാടില്ല. 

പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ

∙അഡ്മിഷൻ ടിക്കറ്റ്, 

∙അസൽ തിരിച്ചറിയൽ രേഖ, 

∙നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന. 

പരീക്ഷ എഴുതാൻ 4 ലക്ഷം പേർ

കെഎഎസ് പ്രാഥമിക പരീക്ഷ എഴുതുന്നത് 4,00,014 പേരാണ്.  നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ 3,75,993 പേരും സ്ട്രീം രണ്ടിൽ 22,564 പേരും സ്ട്രീം മൂന്നിൽ 1457 പേരുമാണ് പരീക്ഷ എഴുതുക.    

1365 അപേക്ഷകൾ കൂടി  അസാധു

കെഎഎസ് പരീക്ഷയ്ക്കു കൺഫർമേഷൻ നൽകിയ 1365 പേരുടെ അപേക്ഷകൾ പിഎസ്‌സി അസാധുവാക്കി. സ്ട്രീം രണ്ടിലും മൂന്നിലും അപേക്ഷ നൽകിയ, വിജ്ഞാപന പ്രകാരം യോഗ്യത നേടാത്ത സർക്കാർ ജീവനക്കാരുടെ അപേക്ഷകളാണ് വിശദ പരിശോധനയിൽ അസാധുവാക്കിയത്. സ്ട്രീം രണ്ടിൽ 23,804 ജീവനക്കാരാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ഇവരിൽ 1240 പേരുടെ അപേക്ഷ സൂക്ഷ്മ പരിശോധനയിൽ തളളി. സ്ട്രീം മൂന്നിൽ 1582 പേർ കൺഫർമേഷൻ നൽകിയിരുന്നെങ്കിലും  125 പേരുടെ അപേക്ഷകൾ അസാധുവാക്കി.   ജനറൽ വിഭാഗത്തിൽ (സ്ട്രീം 1) കൺഫർമേഷൻ നൽകിയ എല്ലാവർക്കും പരീക്ഷ എഴുതാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com