ADVERTISEMENT

രണ്ടു ഘട്ടമായി നടത്തിയ കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ‌റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും രണ്ടാമത്തെ പരീക്ഷ എഴുതിയവർ. റാങ്ക് ലിസ്റ്റിലെ ആദ്യ 500 റാങ്കുകാരിൽ 373 പേരും 28–10–2017ൽ നടത്തിയ രണ്ടാമത്തെ പരീക്ഷ എഴുതിയവരാണ്. 127 പേർ മാത്രമാണ് 07–10–2017ൽ നടത്തിയ ആദ്യ പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടത്. 100ൽ അധികം മാർക്ക് നേടിയ 9 പേർ റാങ്ക് ലിസ്റ്റിലുണ്ട്. ഇവരിൽ 5 പേരും, 100 മാർക്ക് നേടിയ 12 പേരിൽ 11 പേരും രണ്ടാമത്തെ പരീക്ഷ എഴുതിയവരാണ്. ആദ്യ പരീക്ഷ എഴുതിയവരിൽ ഒരാൾക്കു മാത്രമേ 100 മാർക്ക് ലഭിച്ചിട്ടുള്ളൂ. ലിസ്റ്റിലെ താഴോട്ടുള്ള റാങ്കുകൾ പരിശോധിച്ചാലും രണ്ടാമത്ത പരീക്ഷ എഴുതിയവരാണ്  കൂടുതലും ഉൾപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാണ്.

മാർക്ക് സമീകരണം പാളിയോ?
സംസ്ഥാനതല തിരഞ്ഞെടുപ്പായിരുന്നു കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ. എന്നാൽ  അപേക്ഷകരുടെ എണ്ണക്കൂടുതൽ കാരണം രണ്ടു ഘട്ടമായാണ്  പരീക്ഷ നടത്തിയത്. രണ്ടു തീയതികളിലായി നടത്തിയ രണ്ടു പരീക്ഷകളുടെയും മാർക്കുകൾ സമീകരിച്ച (Normalisation) ശേഷമാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്. എന്നാൽ ഈ രീതിയിൽ തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് ആദ്യ പരീക്ഷ എഴുതിയ ഭൂരിഭാഗം പേരും  പുറത്തായതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 94.33 ആയിരുന്നു ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള കട്ട്ഒാഫ് മാർക്ക്. എന്നാൽ ഇതിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്നുറപ്പുള്ള ധാരാളം പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്നു പരാതിയുമുണ്ട്. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴേ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പിഎസ്‌സിക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

കോപ്പിയടി ആരോപണവും
ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച സമയത്തു തന്നെ കോപ്പിയടി ആരോപണവും ഉയർന്നിരുന്നു. അടുത്തടുത്ത റജിസ്റ്റർ നമ്പറുകളുള്ള ധാരാളം പേർ ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഇവർ പരീക്ഷാ ഹാളിൽ അടുത്തിരുന്നു കോപ്പിയടിച്ചാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി  ഉദ്യോഗാർഥികൾ പിഎസ്‌സിക്ക് അന്നേ പരാതി നൽകിയതാണ്.  എന്നാൽ പരാതികൾ കാര്യമായെടുത്തില്ല.   അതുകൊണ്ടുതന്നെ ഇവരെല്ലാം ഇപ്പോൾ റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി  മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ. 

3 ചോദ്യം ഒഴിവാക്കിയ പരീക്ഷയിൽ നൂറിൽ നൂറ്
കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ 3 ചോദ്യങ്ങൾ പിഎസ്‌സി മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും റാങ്ക് ലിസ്റ്റിൽ 12 പേർക്കു 100 മാർക്ക് ലഭിച്ചു.  ആദ്യ പരീക്ഷയിലെ ഒരു ചോദ്യവും  രണ്ടാമത്തെ പരീക്ഷയിലെ 2 ചോദ്യങ്ങളുമാണ് മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയത്. അങ്ങനെ വരുമ്പോൾ ആകെ മാർക്കിൽ 3 മാർക്കിന്റെ കുറവുണ്ടാകും. എന്നാൽ മാർക്ക് സമീകരണം കഴിഞ്ഞപ്പോൾ 12 പേർക്കു 100 മാർക്ക് ലഭിച്ചു. വെയ്റ്റേജ് മാർക്ക് കൂടി കൂട്ടിയപ്പോൾ 9 പേർക്കു 100ൽ കൂടുതൽ മാർക്കും ലഭിച്ചു. 

എന്നാൽ ഇക്കാര്യത്തിൽ അസ്വാഭാവികതയില്ലെന്നും രണ്ടു പരീക്ഷകളുടെ മാർക്കുകൾ പ്രത്യേക ഫോർമുല ഉപയോഗിച്ച് സമീകരിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ആശങ്ക േവണ്ടെന്നുമാണ് പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com