ADVERTISEMENT

ഐ ലവ് 9 മന്ത്സ് ! ആ 9 മാസങ്ങളെ ആഹ്ലാദ അനുഭവമാക്കാൻ സഹായിക്കുകയാണു വനിതാ സ്റ്റാർട്ടപ്പ് സംരംഭമായ മെറ്റേണിയ കെയർ ടെക്നോളജീസ്. ഗർഭധാരണം മുതൽ കുഞ്ഞുപിറവി വരെയും അതിനു ശേഷവും സഹായം ലഭ്യമാക്കുകയാണു ദൗത്യം. മെറ്റേണിയയുടെ സേവന വിഭാഗത്തിന്റെ പേരാകട്ടെ, താരാട്ടു പോലെ ഹൃദ്യം; ‘ഐ ലവ് 9 മന്ത്സ്.’

ഫണ്ടിങ് യുഎസിൽ നിന്ന് 

ന്യൂയോർക്ക് ആസ്ഥാനമായ വെൻച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഇക്വിഫിൻ വിസിയിൽ നിന്നു സംരംഭ മൂലധനം ലഭിക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണു മെറ്റേണിയ. ‘എത്ര തുകയെന്നു വെളിപ്പെടുത്താനാവില്ല. മാർച്ച് 15 നകം ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ’’ – മെറ്റേണിയ സഹ സ്ഥാപക ഗംഗ രാജ് പറയുന്നു. 2018ൽ ആരംഭിച്ച മെറ്റേണിയ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ ടെക്നോപാർക്കിലാണ് ഇൻകുബേറ്റ് ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണു സേവനം. 

ലേബർ റൂമിലെ സാന്ത്വനം 

ഗർഭിണികൾക്കും പുതിയ അമ്മമാർക്കും മൊബൈൽ ആപ്പിലൂടെ മാർഗ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനു പുറമേ, ‘ബർത്ത് കംപാനിയൻ’ സൗകര്യവും ഐ ലവ് 9 മന്ത്സ് ലഭ്യമാക്കുന്നു. ശാസ്ത്രീയ പരിശീലനം സിദ്ധിച്ചവരാണു ലേബർ റൂമിൽ സഹായത്തിനെത്തുക. ഹോം കെയർ സേവനങ്ങളും ലഭ്യമാക്കും. പൊതു സ്ഥലങ്ങളിൽ മുലയൂട്ടലിനു സൗകര്യമൊരുക്കുന്ന ബ്രെസ്റ്റ് ഫീഡിങ് പോഡുകൾ സ്ഥാപിച്ചുവരികയാണ്. ‘കൊച്ചി മെട്രോയിലെ 16 സ്റ്റേഷനുകളിലും കന്യാകുമാരിക്കും തൃശൂരിനും ഇടയിലെ റെയിൽവേ സ്റ്റേഷനുകളിൽ 50 ബ്രെസ്റ്റ് ഫീഡിങ് പോഡുകളും സ്ഥാപിക്കാൻ അനുമതി ലഭിച്ചു’ – ഗംഗയുടെ വാക്കുകൾ. 

കുടുംബ സംഗമം 

ഗംഗ, മകൾ അഞ്ജലി രാജ് എന്നിവർക്കു പുറമേ, ഗംഗയുടെ സഹോദരി സുമ അജിത്തും സ്റ്റാർട്ടപ്പിന്റെ സഹ സ്ഥാപകരാണ്. വി.കെ.രാജ്കുമാറാണു മറ്റൊരു കോ ഫൗണ്ടർ. ഫിറ്റ്നസ്, ആരോഗ്യ സംരക്ഷണ മേഖലകളിലെ സേവന പരിചയമാണു ഗംഗയുടെയും സുമയുടെയും കരുത്ത്. ചൈൽ‍ഡ് ബർത്ത് എജ്യുക്കേറ്ററായ അഞ്ജലി ഇപ്പോൾ യുകെയിലെ വാറിക് സർവകലാശാലയിൽ ഹെൽത്ത് സയൻസ് പിഎച്ച്ഡി വിദ്യാർഥിനി. വൻകിട കമ്പനികളിൽ പ്രവൃത്തിപരിചയമുണ്ട്, രാജ്കുമാറിന്.

English Summary: I love 9 months start up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com