ADVERTISEMENT

സംസ്ഥാനത്തു മധ്യനിര സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ നിലവാരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ. പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങൾ കടുകട്ടിയായിരുന്നെന്നാണു പരിശീലകരുടെ വിലയിരുത്തൽ. സിവിൽ സർവീസ് പരീക്ഷ മാതൃകയാക്കിയുള്ള ചോദ്യങ്ങളിൽ പലതും ആ നിലവാരത്തിലേക്ക് എത്തിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇംഗ്ലിഷിലുള്ള ചോദ്യങ്ങളുടെ ശൈലിയും പ്രയോഗങ്ങളും കാലഹരണപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്. 

ലളിതമായ ഭാഷയിൽ ചോദിക്കുന്നതിനു പകരം ദുർഗ്രഹമാക്കാൻ ബോധപൂർവം ശ്രമിച്ചെന്നാണ് ആക്ഷേപം. സിവിൽ സർവീസ് മാതൃകയിൽ കെഎഎസ് പ്രിലിമിനറിയിലും 2 പേപ്പർ ഉണ്ടായിരുന്നു. യുപിഎസ്‌സി ഓരോ പേപ്പറിനും 2 മണിക്കൂർ സമയം നൽകുമ്പോൾ പിഎസ്‍സി ഒന്നര മണിക്കൂർ വീതമേ അനുവദിച്ചുള്ളൂ. സിവിൽ സർവീസ് പരീക്ഷയെക്കാൾ കൂടുതൽ മേഖലകൾ ഉൾക്കൊള്ളുന്നതായിരുന്നു കെഎഎസ് സിലബസ്. 

പിഎസ്‌സിയുടെ മറ്റു പരീക്ഷകളിൽ നിന്നു വ്യത്യസ്തമായി സ്റ്റേറ്റ്മെന്റ് മാതൃകയാണു കെഎഎസിന്റെ ചോദ്യങ്ങൾ പിന്തുടർന്നത്. ഓരോ വിഷയത്തിലും അടിസ്ഥാന ഗ്രാഹ്യമില്ലാത്തവർക്ക് ഉത്തരം കണ്ടെത്താനാവില്ല. രണ്ടാം ഇഎംഎസ് സർക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന് ആ മുന്നണിയെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും സമഗ്രമായി അറിയാത്തവർ ഉത്തരമെഴുതാൻ വിഷമിക്കും. ഇതേ രീതിയിലാണു മറ്റു ചോദ്യങ്ങളും. അഭിരുചി സംബന്ധിച്ച ചോദ്യങ്ങൾ താരതമ്യേന ലളിതമായിരുന്നു.രണ്ടാം പേപ്പറിൽ ചില ചോദ്യങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണെന്നും പരാതിയുണ്ട്. പൊതുജനാരോഗ്യ മേഖലയിലെ മികവിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉദാഹരണം. ദേശീയ ആരോഗ്യ മിഷൻ, കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ വകുപ്പ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും എന്നിവയാണ് ഉത്തരത്തിനുള്ള ഓപ്ഷൻ. ഇതിൽ ഏതു തിരഞ്ഞെടുക്കണമെന്നതിൽ പരീക്ഷാർഥികൾക്കു വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും.

ചുരുക്കപ്പട്ടിക 2 മാസത്തിനകം
കെഎഎസ് പ്രാഥമിക പരീക്ഷയുടെ ചുരുക്കപ്പട്ടിക 2 മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നു പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു. മൂന്നര ലക്ഷത്തിലേറെ പേരിൽ നിന്ന് 5000 പേരെ കണ്ടെത്താൻ പരീക്ഷ കടുപ്പമാക്കാതെ വഴിയില്ല. രാജ്യത്തെ മികച്ച അധ്യാപകരാണു ചോദ്യങ്ങൾ തയാറാക്കിയത്. പ്രധാന പരീക്ഷ ഇതിലും കടുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com