ADVERTISEMENT

ബിഎസ്‌സി ഇലക്ട്രോണിക്സിനു പഠിക്കുന്നു. ഉപരിപഠനത്തിനു വിദേശത്തു പോകാനാണു താൽപര്യം. പറ്റിയ കോഴ്സിൽ ചേരാനുള്ള നിർദേശം തരുമോ? 

പി.ഷിൻസി

ഇലക്ട്രോണിക്സിലെ ഉപരിപഠനത്തിനു യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ധാരാളം അവസരങ്ങളുണ്ട്. വിദേശപഠനത്തിന് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നീ കാര്യങ്ങൾ പലരെയും കുഴക്കുന്നു. നമുക്കു യുഎസ് ദൃഷ്ടാന്തമായെടുക്കാം. 

നമ്മൾ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് എന്നിങ്ങനെ പറയുന്ന പ്രോഗ്രാമുകളെ അമേരിക്കൻ സർവകലാശാലകളിൽ യഥാക്രമം അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് എന്നു പറയും. നമ്മൾ കോഴ്സ് എന്നു പറയുന്നതിന് അവർ പ്രോഗ്രാം എന്നാണു പറയുക. ഇന്ത്യയിലെ ബാച്‌ലർ ബിരുദം കഴിഞ്ഞു പോകുന്നവർ അവിടെ ഗ്രാജുവേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണു ശ്രമിക്കുക. അവിടെ പ്രവേശനച്ചുമതല പ്രഫസർമാർക്കാണ്. അവരുമായി ഇ–മെയിൽ വഴി സമ്പർക്കം പുലർത്തി പ്രവേശനനടപടികളിൽ ഏർപ്പെടാം. 

സർവകലാശാലകൾ മികച്ചതും അല്ലാത്തതുമുണ്ട്. സർവകലാശാലകളുടെ പല വിധത്തിലുമുള്ള റാങ്കിങ്ങുകൾ ഇന്റർനെറ്റിൽ നോക്കി, പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തിൽ ഭേദപ്പെട്ട മൂന്നോ നാലോ സർവകലാശാലകളിലേക്ക് ഒരേ സമയം ശ്രമിക്കാം. തെറ്റായ വിലാസത്തിലേക്കു മെയിൽ പോകാതിരിക്കാൻ ഓരോന്നിനും തനതു ഡയറക്ടറി സൂക്ഷിക്കുക. ലഭ്യമായ പ്രോഗ്രാമുകളെയും പ്രഫസർമാരെയും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിര‌ിക്കും. ഇ–മെയിലുകൾക്കു മറുപടി കിട്ടുകയും ചെയ്യും. ഏറ്റവും ഉയർന്ന റാങ്കിങ്ങുള്ള സർവകലാശാലകൾ മാത്രം ലക്ഷ്യമാക്കിയാൽ പ്രവേശനത്തിനു പ്രയാസം വരാം എന്നോർക്കുക.

യുഎസ് സർവകലാശാലകൾ വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ പരിഗണിക്കുന്ന മുഖ്യ ഘടകങ്ങൾ:

1. GRE സ്കോർ (Graduate Record Examinations-www.ets.org/gre), 

2. TOEFL സ്കോർ (Test of English as a Foreign Language-www.ets.org/toefl)

3. അക്കാദമിക് ചരിത്രം

4. നിങ്ങൾ തയാറാക്കുന്ന SOP (സ്റ്റേറ്റ്മെന്റ് ഓഫ് പർപസ്)

5. നിങ്ങൾ ഈ പഠനത്തിനു യോഗ്യനാണെന്നു നിങ്ങളെ പരിചയവും അക്കാദമിക് മികവുള്ള രണ്ടു വിദഗ്ധർ നല്കുന്ന ‘ലെറ്റർ ഓഫ് റക്കമെൻഡേഷൻ’ (നമുക്കു സാധാരണ പരിചയമുള്ള രാഷ്ട്രീയക്കാരുടെയും മറ്റും ശുപാർശക്കത്തു പോലെയല്ലിത്!)

നിങ്ങൾ ധനിക കുടുംബത്തിലെ അംഗമാണെങ്കിൽപ്പോലും വിദേശത്തെ പഠനച്ചെലവു മുഴുവൻ സ്വന്തമായി നേരിടാൻ കഴിഞ്ഞെന്നു വരില്ല. സ്കോളർഷിപ്പോ പാർട്–ടൈം ജോലി, ‘വർക് സ്റ്റഡി’ തുടങ്ങിയവയോ വേണ്ടിവരുമെന്നു പ്രഫസറെ യഥാസമയം അറിയിക്കണം. സാധാരണ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി കിട്ടും. യൂണിവേഴ്സിറ്റിയുടെ പേരിനോടൊപ്പം ‘സ്റ്റേറ്റ്’ എന്ന വാക്കുമുണ്ടെങ്കിൽ ഫീസ് താരതമ്യേന കുറവായിരിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ ഫിസ് നിരക്കുകൾ പൊതുവേ തീരെക്കുറവാണ്. ചിലപ്പോൾ ഫീസില്ലാതെ പഠിക്കാനും കഴിയും.

ഇലക്ട്രോണിക്സിൽ നിങ്ങൾക്കു താൽപര്യമുള്ള വിഷയഭാഗം തിരഞ്ഞെടുത്ത്, ഭേദമെന്നു തോന്നുന്ന സർവകലാശാലകളിലെ കരിക്കുലവും സിലബസും നോക്കി ലഭ്യത കണ്ടെത്തി മുന്നോട്ടു പോകുക. GRE, TOEFL പരീക്ഷകൾക്കുള്ള തയാറെടുപ്പ് കാലേക്കൂട്ടി തുടങ്ങുക. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് എന്നീ രാജ്യങ്ങളിൽ TOEFLനു പകരം IELTS (International English Language Testing System–www.ielts.org) മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com