sections
MORE

കരിയർ വേറെ ലെവലിൽ എത്തിക്കണോ? ഇതിലും മികച്ച ഇന്റേൺഷിപ് വേറെയില്ല!

career-guru
മോ‍ഡൽ: ഏയ്മി സൂസേൻ ജേക്കബ്, ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
SHARE

പഠനത്തിന്റെ ഇടവേളയിലെ സമയംകൊല്ലി ഏർപ്പാടല്ല ഇന്ന് ഇന്റേൺഷിപ്. റെസ്യൂമെയിൽ ക്രെഡിറ്റ് ഉയർത്താനും ജോലിസാധ്യത വർധിപ്പിക്കാനുമെല്ലാം  ഇതു സഹായിക്കും. 

നയതന്ത്ര ലോകത്തു തന്നെ ഇന്റേൺഷിപ് ചെയ്താലോ? ഒരുപക്ഷേ വിദേശത്തെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും വരെ ?  വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്റേൺഷിപ്പിലാണ് ഈ അവസരം. പരിശീലനം ഒരു മാസം മുതൽ 6 മാസം വരെ. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു കീഴിൽ പ്രവർത്തിക്കാനുള്ള സുവർണാവസരം. 

നേട്ടങ്ങൾ പലത്

വിദേശകാര്യ മന്ത്രാലയത്തിന്റെ ഘടന, പ്രവർത്തന രീതി എന്നിവ മനസ്സിലാക്കാൻ അവസരം ലഭിക്കും. മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം സംബന്ധിച്ച് ഏകദേശ  ധാരണ നേടാം. 

സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കു മികച്ച അനുഭവം. പ്രഗത്ഭ ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ പാഠപുസ്തക അറിവിനേക്കാൾ വിലപ്പെട്ടത്. 

ആർക്കാണ് അവസരം

ബിരുദധാരികൾക്കാണ് അവസരം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും പരിശീലനം തുടങ്ങുന്ന ഘട്ടത്തിൽ  ബിരുദം  പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി: 30 വയസ്സ്. 

ഇന്ത്യക്കാർക്കു മാത്രമാണു ഡൽഹിയിലെ  വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത്  ഇന്റേൺഷിപ്പിന് അവസരം. ഇന്ത്യക്കാർക്കും ഒസിഐ കാർഡുള്ള പ്രവാസികൾക്കും വിദേശത്തെ എംബസികളിലും കോൺസുലേറ്റുകളിലും ഇന്റേൺഷിപ്പിന് അവസരമുണ്ട്. 

അപേക്ഷിക്കാൻ

വിശദമായ  ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പഠിച്ച സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് തുടങ്ങിയവ സഹിതം വിദേശകാര്യ മന്ത്രാലയത്തിൽ എപ്പോൾ വേണമെങ്കിലും  അപേക്ഷിക്കാം. ഇന്റേൺഷിപ് ഉദ്ദേശിക്കുന്ന കാലയളവിനു 4 മാസമെങ്കിലും മുൻപ് അപേക്ഷിക്കുന്നതാകും ഉചിതം. ഒരു ഘട്ടത്തിൽ 30 പേർക്കു മാത്രമാണ് അവസരം. എംബസിയിലും കോൺസുലേറ്റിലും ഒരു സമയം 2 പേർക്കു മാത്രം. 

എംബസിയിലും കോൺസുലേറ്റിലും ഇന്റേൺഷിപ്പിന് ‌അവിടത്തെ മേധാവിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്കും അഭിമുഖത്തിനും ശേഷമാണു  തിരഞ്ഞെടുപ്പ്. ഇന്റേൺഷിപ്പിനൊടുവിൽ ഒരു റിപ്പോർട്ട് തയാറാക്കി  സമർപ്പിക്കണം.  ഇതും  വിലയിരുത്തിയ ശേഷമാകും സർട്ടിഫിക്കറ്റ് ലഭിക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതിഫലമില്ല. താമസ, യാത്രച്ചെലവുകൾ സ്വയം വഹിക്കണം. 

ബിരുദധാരികൾക്കാണു പ്രധാനമായും അവസരമെങ്കിലും പഞ്ചവൽസര കോഴ്സുകളിൽ മൂന്നു വർഷമെങ്കിലും പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

അപേക്ഷ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗം  ജോയിന്റ്  സെക്രട്ടറിക്കു തപാൽ/ ഇമെയിൽ വഴി  അയയ്ക്കാം. 

കൂടുതൽ വിവരങ്ങൾക്ക് : 

https://www.mea.gov.in/internship-in-mea.htm

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA