ADVERTISEMENT

വിവാദങ്ങളുണ്ടാക്കി പരീക്ഷകൾ പിഎസ്‌സിക്കു പുറത്തു നടത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ.  അനാവശ്യമായ ആരോപണങ്ങളാണു പിഎസ്‌സിക്കെതിരെ ഉയർത്തുന്നതെന്നും ‘തൊഴിൽ വീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

കെഎഎസ് പരീക്ഷയിലെ ചോദ്യങ്ങൾ കോപ്പിയടിച്ചു എന്ന പരാതി അടിസ്ഥാനരഹിതമാണ്. ഇതു സംബന്ധിച്ച് ഒരു പരാതിപോലും പിഎസ്‌സിക്കു ലഭിച്ചിട്ടില്ല. ലഭിച്ചാൽ പരിശോധിക്കാം. നിലവാരം കൂടിയ ചോദ്യങ്ങൾ ഉൾപ്പെടുത്താറുള്ള പരീക്ഷകൾക്കെതിരെയെല്ലാം ഇത്തരം ആരോപണങ്ങൾ പതിവാണ്. വിവാദങ്ങൾ പിഎസ്‌സി മുഖവിലയ്ക്കെടുക്കുന്നില്ല. എത്രയും വേഗം കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലാണു ശ്രദ്ധ–ചെയർമാൻ വ്യക്തമാക്കി. 

∙പരിശീലന സ്ഥാപനങ്ങളുമായി പിഎസ്‍സിയിൽ ചിലർക്ക് അടുപ്പമുണ്ടെന്ന ആരോപണത്തെക്കുറിച്ച്...? 

കോച്ചിങ് സെന്റർ നടത്തിപ്പുകാരായ ചിലർക്കു പിഎസ്‌സി പരീക്ഷാ വിഭാഗത്തിലുള്ളവരുമായി അടുപ്പമുണ്ടെന്നു പ്രചരിപ്പിക്കുന്നുണ്ട്. പിഎസ്‌സിയിലെ ഒരു ജീവനക്കാരനും കോച്ചിങ് സെന്ററുകളിൽ പഠിപ്പിക്കുകയോ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ചെയ്യുന്നില്ല. 24 മണിക്കൂർ ക്യാമറ നിരീക്ഷണമുള്ള സ്ഥലമാണു പരീക്ഷാ കൺട്രോളറുടെ ഓഫിസ്. ഒരാൾക്കുപോലും ഇവിടേക്ക് അനാവശ്യമായി കടന്നു കയറാനാവില്ല. 

പിഎസ്‌‌സി ചെയർമാൻ, മെംബർമാർ, മറ്റു സെക്‌ഷനുകളിലെ ജീവനക്കാർ തുടങ്ങിയവർക്കാർക്കും ഇവിടേക്കു പ്രവേശനമില്ല. പിഎസ്‌സിയുടെ മറ്റു സെക്‌ഷനുകളിലേക്കു പാസ് എടുത്തു പ്രവേശിക്കാം. എന്നാൽ, പരീക്ഷാ കൺട്രോളറുടെ ഓഫിസിലേക്ക് അതും അനുവദിച്ചിട്ടില്ല. പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ഇവിടെ കോച്ചിങ് സെന്ററുകാർ കടന്നുകയറി എന്നത് കാര്യങ്ങൾ വഴിതിരിച്ചുവിടാൻ ഉദ്ദേശിച്ചുള്ള ആരോപണമാണ്. 

∙ പിഎസ്‌സി ജീവനക്കാർ പരിശീലനം നൽകുന്നു എന്ന പരാതിയെക്കുറിച്ച്...? 

കോച്ചിങ് സെന്ററുകളിൽ ക്ലാസെടുക്കാൻ പോകുന്ന പിഎസ്‌സി ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാവും പിഎസ്‌സി ജീവനക്കാർ പാർട് ടൈം ജോലി ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കിയിട്ടുണ്ട്. ഓരോ ജീവനക്കാരനെയും പിഎസ്‌സി നിരീക്ഷിക്കുന്നുണ്ട്. ഇവരുടെയൊക്കെ വീട്ടിലും പരിസരങ്ങളിലുമടക്കം അന്വേഷണം നടത്തുന്നുണ്ട്. ആർക്കെങ്കിലും എതിരെ പരാതി ലഭിച്ചാൽ വിശദ അന്വേഷണം നടത്തി കർശന നടപടിയെടുക്കും. ജീവനക്കാരിൽ ചിലർ മുൻപു കോച്ചിങ് സെന്ററിൽ പഠിപ്പിച്ചിരുന്നവരാണ്. ഇവർ വീണ്ടും ആ മേഖലയിലേക്കു പോകുന്നതു പ്രോത്സാഹിപ്പിക്കില്ല. 

∙പുതിയ വിവാദങ്ങളുടെ  പശ്ചാത്തലത്തിൽ കെഎഎസ് മെയിൻ  പരീക്ഷ  വൈകുമോ? 

കെഎഎസ് പ്രാഥമിക പരീക്ഷ വിജയിച്ചവർക്കുള്ള മെയിൻ പരീക്ഷ ജൂൺ അവസാനമോ ജൂലൈ ആദ്യമോ നടത്തും. ഉദ്യോഗാർഥികൾക്കു പരിശീലനത്തിനു സമയം ലഭിക്കാനാണ് നാലു മാസത്തെ ഇടവേള. പ്രാഥമിക പരീക്ഷയിലെപ്പോലെ നല്ല നിലവാരത്തിലുള്ള ചോദ്യങ്ങൾ തന്നെയാവും മെയിൻ പരീക്ഷയിലും ഉണ്ടാകുക. 

∙കെഎഎസ് ചോദ്യങ്ങൾ ചോർന്നു എന്നും ആരോപണമുണ്ട്  

കെഎഎസ് ചോദ്യങ്ങൾ തയാറാക്കിയത് ഇരുപതിലേറെ വിദഗ്ധർ ചേർന്നാണ്. സിലബസിലെ വിവിധ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഇത്രയും പേരിൽനിന്നു വാങ്ങി നറുക്കിട്ടാണ് എടുത്തത്. ആരുടെ ചോദ്യമാണു പരീക്ഷയ്ക്കു വന്നതെന്നു മനസ്സിലാക്കാൻ ഒരു വഴിയുമില്ല. അതുകൊണ്ടുതന്നെ ചോദ്യം ചോർന്നു, ചിലർക്കൊക്കെ ചോദ്യം നേരത്തേ കിട്ടി, ഗൈഡിൽനിന്നു പകർത്തി എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണ്. കെഎഎസ് എന്നല്ല, പിഎസ്‌സിയുടെ ഒരു ചോദ്യ പേപ്പറും ആർക്കും ഒരിക്കലും മുൻകൂട്ടി ലഭിക്കില്ല. അത്ര സുരക്ഷാ സംവിധാനത്തിലൂടെയാണ് ഇവിടെ ചോദ്യം തയാറാക്കുന്നത്. 

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഉൾപ്പെടെ പഠിപ്പിക്കുന്ന വിദഗ്ധരാണു കെഎഎസ് ചോദ്യം തയാറാക്കിയത്. അതീവ രവസ്യ സ്വഭാവത്തോടെ എത്തുന്ന ചോദ്യ പേപ്പർ കവറുകൾ സെക്രട്ടറിയുടെയും പരീക്ഷാ കൺട്രോളറുടെയും സാന്നിധ്യത്തിൽ നറുക്കിട്ടെടുത്ത് സെക്യൂരിറ്റി പ്രസുകളിലേക്ക് അയയ്ക്കുകയാണ്. പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥിയാണ് ആദ്യം ചോദ്യം കാണുന്നത്. പിഎസ്‌സി ഓഫിസിലെ ഒരാൾക്കും ചോദ്യം മുൻകൂട്ടി കാണാനാവില്ല. 

∙പിഎസ്‍സിക്കെതിരെ ഇടയ്ക്കിടെ ആരോപണം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതല്ലേ? 

പിഎസ്‌സി നടത്തുന്ന പരീക്ഷകൾ പിഎസ്‌സിക്കു പുറത്തെത്തിക്കാനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ട്. ചോദ്യ പേപ്പർ സംബന്ധിച്ചു വ്യാപകമായ രീതിയിൽ പരാതികൾ ഉയർത്തുന്നത് ഇക്കാരണത്താലാണ്. ഏതെങ്കിലും പരീക്ഷ കുറച്ചു പേർക്കു നന്നായി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അത് എങ്ങനെയെങ്കിലും റദ്ദാക്കിക്കാൻ കഴിയുമോ എന്ന അന്വേഷണം തുടങ്ങും. ഗൈഡിൽനിന്നു കോപ്പിയടിച്ചു, വെബ്സൈറ്റിൽനിന്നു പകർത്തി എന്നൊക്കെ നിരന്തരം ആരോപണമുന്നയിക്കുന്നത് അതിന്റെ ഭാഗമായാണ്. സ്റ്റാഫ് നഴ്സ് പരീക്ഷയിൽ മലേഷ്യയിലെ എംഒഎച്ച് പരീക്ഷയിലെ ചോദ്യം കോപ്പിയടിച്ചെന്ന് ‌കുറച്ചു പേർ പിഎസ്‌സിക്കു പരാതി നൽകിയിരുന്നു. നഴ്സിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എവിടെയും ചോദിക്കാം. അതിലെന്താണു തെറ്റ്? കണക്കിലധികം ചോദ്യങ്ങൾ കോപ്പിയടിച്ചു എന്ന രീതിയിൽ ലഭിച്ച പരാതികളെല്ലാം വിശദമായി പരിശോധിച്ചിട്ടുണ്ട്. നടപടി എടുക്കാവുന്നവയിലെല്ലാം എടുത്തിട്ടുമുണ്ട്. 

ചില പരീക്ഷകൾ തന്നെ റദ്ദാക്കി. പിഎസ്‌സി പരീക്ഷകളിലെ ചോദ്യങ്ങൾ ഗൈഡിൽനിന്നു കോപ്പിയടിച്ചെന്ന മട്ടിൽ വ്യാപക പ്രചാരണം നടക്കുന്നതിനാൽ ചോദ്യം തായാറാക്കാൻ വിദഗ്ധരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലരും ഒഴിവാകാൻ ശ്രമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com