ADVERTISEMENT

കോവിഡ് 19 രോഗം സൃഷ്ടിച്ച ആശങ്കകൾക്കു നടുവിൽ മലയാളികൾ ഇപ്പോൾ ദിനവും ഏറ്റവും അധികം കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന സ്വരങ്ങളിലൊന്നു വി.ശ്രീപ്രിയ എന്ന കൊച്ചിക്കാരിയുടേതാണ്. ഫോൺ ചെയ്യുമ്പോൾ റിങ് ടോണിനു മുൻപ് കോവിഡ് പ്രതിരോധം സംബന്ധിച്ചു കേൾക്കുന്ന മലയാളത്തിലുള്ള സന്ദേശത്തിനു ശബ്ദം നൽകിയതു ശ്രീപ്രിയയാണ്. ഇപ്പോഴല്ല, കാൽ നൂറ്റാണ്ടോളമായി മലയാളിക്ക് ഏറ്റവും പരിചിതമായ സ്വരങ്ങളിലൊന്നാണിത്. ‘നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ തിരക്കിലാണ്’ എന്നു തുടങ്ങി ബിഎസ്എൻഎൽ കേരള സർക്കിളിലെ ഫോൺ, മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന അനൗൺസ്മെന്റുകളെല്ലാം ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ ശ്രീപ്രിയയുടേതാണ്. ബിഎസ്എൻഎല്ലിന്റെ കടവന്ത്ര ഗാന്ധി നഗർ ഓഫിസിലെ ജൂനിയർ അക്കൗണ്ട് ഓഫിസറാണ്.

കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ഫോൺ കോളുകൾ ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന ആരോഗ്യ വകുപ്പ് മലയാളം സന്ദേശം തയാറാക്കാൻ ബിഎസ്എൻഎല്ലിനെ സമീപിച്ചത്. ബിഎസ്എൻഎല്ലിന്റെ ശബ്ദമായ ശ്രീപ്രിയയെ ഈ ചുമതല ഏൽപ്പിച്ചത് പ്രിൻസിപ്പൽ ജനറൽ മാനേജർ. 38 സെക്കന്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തത് എല്ലാ ഫോൺ സർവീസുകളിലൂടെയും ദിനവും പല തവണ ജനങ്ങളിലേക്കെത്തുന്നു. 

1994ൽ ടെലികോം വകുപ്പിൽ ചേർന്ന് അധികം വൈകാതെ തന്നെ ഫോൺ അനൗൺസ്മെന്റുകളിൽ ശ്രീപ്രിയയുടെ ശബ്ദം വകുപ്പ് ഉപയോഗിച്ചു തുടങ്ങി. ബിഎസ്എൻഎസ് മൊബൈലിന്റെ ആരംഭ കാലം മുതൽ സ്ഥിരം സ്വരവുമായി. കടവന്ത്ര ഗിരിനഗർ ആനന്ദിൽ സുരേഷ് ശങ്കറിന്റെ ഭാര്യയായ ശ്രീപ്രിയ സർക്കാരിന്റെ പൊതുപരിപാടികളിലടക്കം അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com