sections
MORE

'ഗേറ്റ്' അനായാസം കടക്കാം; വിജയ ഫോർമുല പങ്കുവച്ച് മുൻകാല റാങ്ക് ജേതാവ്

Akhand-Swaroop
SHARE

യുപിഎസ് സി, ഗേറ്റ്, നെറ്റ് തുടങ്ങി നിരവധി മത്സര പരീക്ഷകളിൽ വിജയക്കൊടി പാറിച്ച വ്യക്തിയാണ് അഖണ്ഡ് സ്വരൂപ് പണ്ഡിറ്റ്. മുൻ ഇന്ത്യൻ ഇക്കണോമിക് സർവീസ് ഉദ്യോഗസ്ഥൻ കൂടിയ സ്വരൂപ് ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കറാണ്. വിവിധ മത്സര പരീക്ഷകൾക്കായി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഒരക്കാദമിയും സ്വരൂപ് നടത്തുന്നു. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിൽ (ഗേറ്റ് ) അഖിലേന്ത്യ തലത്തിൽ ആറാം റാങ്ക് നേടിയ സ്വരൂപ് ഗേറ്റ് പരീക്ഷാർഥികളുമായി തന്റെ വിജയ ഫോർമുല പങ്ക് വയ്ക്കുകയാണ്. വിദ്യാർഥികൾക്കായി ആറ് നിർദ്ദേശങ്ങളാണ് സ്വരൂപ് പങ്കു വയ്ക്കുന്നത്.

1. സിലബസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

തയ്യാറെടുപ്പിന്റെ ഏറ്റവും പ്രധാന ഭാഗം സിലബസ് പഠിക്കുക എന്നതാണ്. ഗേറ്റ് പരീക്ഷയ്ക്ക് സിലബസിന് പുറത്തു നിന്നു മറ്റു ചോദ്യങ്ങളൊന്നും വരില്ല. അതിനാൽ സിലബസ് ആദ്യം ശ്രദ്ധയോടെ പഠിക്കണം.

സിലബസിനുള്ളിൽ തന്നെ ചില ഉപവിഷയങ്ങൾ മറ്റുള്ളവയേക്കാൽ പ്രാധാന്യം ഉള്ളവയായിരിക്കും. അതേതെന്നു മനസ്സിലാക്കാൻ പഴയ ചോദ്യ പേപ്പറുകൾ നോക്കണം.

2. കഴിഞ്ഞ 10 വർഷത്തെ ചോദ്യപേപ്പർ

എന്തൊക്കെ ചോദിക്കാമെന്നും ഏതൊക്കെ വിഷയങ്ങൾക്കാണു പ്രാധാന്യമെന്നും മനസ്സിലാക്കാൻ കഴിഞ്ഞ 10 വർഷത്തെ ചോദ്യ പേപ്പറുകൾ വിശകലനം ചെയ്തു നോക്കണം. എത്ര നേരത്തെ ഇതു ചെയ്യാമോ അത്രയും നന്ന്. കുറഞ്ഞത് ആറു മാസമെങ്കിലും പൂർണ്ണ സമർപ്പണത്തോടെ പഠിച്ചാൽ മാത്രമേ ഗേറ്റ് കടക്കാനാകൂ എന്നും സ്വരൂപ് വിശദമാക്കുന്നു.

3. മോക്ക് പേപ്പറുകൾ മുഖ്യം

മറ്റു മത്സര പരീക്ഷകൾ പോലെ ഗേറ്റിനും മോക് ടെസ്റ്റുകൾ മുഖ്യമാണ്. വിഷയത്തെ കുറിച്ചുള്ള ധാരണ ഉറപ്പിക്കുന്നതിനും സമയം മെച്ചപ്പെടുത്തുന്നതിനും ഇതു സഹായിക്കും.

പരീക്ഷയ്ക്കു നൽകുന്ന സയന്റിഫിക്ക് കാൽക്കുലേറ്റർ പോലുള്ള ഉപകരണങ്ങളുമായി പരിചയമാകേണ്ടതുണ്ട്. അല്ലെങ്കിൽ വിലപ്പെട്ട സമയം അതിന്റെ പ്രവർത്തനം പഠിക്കാൻ തന്നെ ചെലവാകും.

4. ആശയ വ്യക്തത ഉണ്ടാകണം

3 മണിക്കൂർ നീളുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ 65 ചോദ്യങ്ങൾക്കെങ്കിലും ഉത്തരമെഴുതണം. ആശയങ്ങളിൽ വ്യക്തതയില്ലെങ്കിൽ വിഷയത്തോട് നീതി പുലർത്താനാവില്ല. മുൻ ചോദ്യപേപ്പറുകൾക്ക് ഉത്തരം കണ്ടെത്തുമ്പോഴും ആശയങ്ങൾ മനസ്സിലുറപ്പിക്കാനാണു ശ്രമിക്കേണ്ടത്. ഓരോ ഫോർമുലയുമായി ബന്ധപ്പെട്ട നാലഞ്ചു ചോദ്യങ്ങളെങ്കിലും ചെയ്തു നോക്കി ഓർമ്മ പുതുക്കണം. ഫോർമുലകൾ കാണാതെ പഠിക്കാതെ ഒരു പ്രത്യേക പ്രശ്നത്തിൽ അവ എങ്ങനെ ഉപയോഗിക്കുമെന്ന് മനസ്സിലാക്കി പഠിക്കുക.

5. ഉത്തരമെഴുതുമ്പോൾ മനസാന്നിധ്യം 

നെഗറ്റീവ് മാർക്കിങ്ങിനെ കുറിച്ചു ശ്രദ്ധ വേണം; പ്രത്യേകിച്ചു ന്യൂമെറിക്കൽ ഡേറ്റ ടൈപ്പ് ചോദ്യങ്ങളിൽ. ന്യൂമെറിക്കൽ ഡേറ്റ ടൈപ്പ് ചോദ്യങ്ങളിൽ കണക്കു കൂട്ടി കിട്ടുന്ന ഉത്തരം പൂർണ്ണമായും എഴുതണം. ഡെസിമൽ പോയിന്റുകൾ റൗണ്ടു ചെയ്യാൻ പാടില്ല. ഉദാഹരണത്തിന് ഉത്തരം 43.763 ആണെങ്കിൽ അത് അങ്ങനെ തന്നെ മുഴുവനായി എഴുതണം. അല്ലാതെ 43.7 എന്നോ 43.8 എന്നോ റൗണ്ട് ചെയ്യരുത്. ഡെസിമൽ പോയിന്റിന് ശേഷം 3 അക്കങ്ങളെങ്കിലും ഉൾപ്പെടുത്തണം.

6. അഞ്ചു മണിക്കൂർ പഠനം

എത്ര സമയം പഠിച്ചു എന്നതിനേക്കാൾ എത്ര നന്നായി പഠിച്ചു എന്നതാണു മുഖ്യം. എന്നിരുന്നാലും ഗേറ്റ് പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ കുറഞ്ഞത് 5 മണിക്കൂറെങ്കിലും ഒരു ദിവസം പഠിക്കണം. അവരവർക്ക് അനുയോജ്യമായ ഷെഡ്യൂൾ തയ്യാറാക്കി അതിനനുസരിച്ച് പഠിക്കണം. റിവിഷനു വേണ്ടിയും സമയം മാറ്റി വയ്ക്കണം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA