sections
MORE

‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’; ജീവിതത്തിൽ ഉയർച്ച വേണോ? ഇത് മനസ്സിൽ ഉറപ്പിക്കൂ

Thumbs Up
SHARE

‘ശുഭവാദി വിമാനം കണ്ടുപിടിക്കുമ്പോൾ അശുഭവാദി പാരഷൂട് കണ്ടുപിടിക്കുന്നു’ എന്ന് ഇരുപതാം നൂറ്റാണ്ടിലെ ചിന്താധാരകളെ ഇളക്കിമറിച്ച ജോർജ് ബെർണാഡ് ഷാ. ഇതു മനോഭാവത്തിന്റെ കാര്യമാണ്. വിമാനം വരുന്നതിനു മുൻപുതന്നെ അതു തകരുന്നതും, രക്ഷപെടാൻ പൈലറ്റ് പാടുപെട്ട് പാരഷൂട്ട് തേടുന്നതും ഭാവനയിൽ കാണുന്ന രീതി.

‘നാം വിജയിക്കും’ എന്നു കരുതി മുന്നേറുന്നയാൾക്ക് വിജയസാധ്യതയുണ്ടെന്നു തീർച്ച. തോൽക്കുകയേയുള്ളൂ എന്ന് തീരുമാനിച്ച് ആലസ്യത്തെ പുൽകുന്നവരുടെ ഏഴലയത്ത് വിജയം വരില്ല.

എന്തെങ്കിലും പുതിയ കാര്യം തുടങ്ങാനിറങ്ങുമ്പോൾ,  ഇതു നടപ്പില്ലാത്തതെന്നു പ്രവചിച്ച് നമ്മെ പിന്നോട്ടു വലിക്കുന്നവർ കാണും. അവരെ അവഗണിക്കാതെ പുരോഗതി കൈവരില്ല. വിൻസ്റ്റൻ ചർച്ചിൽ രസകരമായി പറഞ്ഞു, ‘ഓരോ അവസരത്തിലും പെസിമിസ്റ്റ് പ്രയാസം കാണുമ്പോൾ, ഓരോ പ്രയാസത്തിലും ഓപ്റ്റിമിസ്റ്റ് അവസരം കാണുന്നു.’

പനിനീർപ്പൂവിനോടൊപ്പമുള്ള മുള്ളു കാണുന്നതിനെക്കാൾ നന്ന് മുള്ളിനിടയിലെ  പനിനീർപ്പൂ കാണുന്നതല്ലേ? കേട്ടുമടുത്ത ദൃഷ്ടാന്തമാണ് പാതി നിറഞ്ഞ കപ്പ്. അത് പാതി ഒഴിഞ്ഞ കപ്പായി മാത്രമാവും അശുഭവാദി കാണുക. പക്ഷേ ഇതിനെ പുതുരീതിയിൽ കാണുന്ന ശുഭവാദിയുണ്ട്. പാതി നിറഞ്ഞ കപ്പു കൈവശമുള്ള നാം ഓർക്കണം, ഒരു കപ്പു പോലും ഇല്ലാത്തവരുമുണ്ടെന്ന്.

കാർമേഘങ്ങൾ കയറി, ആകാശം ഇരുണ്ട്, മഴ പെയ്യാൻ തുടങ്ങുമ്പോൾ, ‘അയ്യോ, ഇനി സൂര്യനില്ലാതെയാകുമോ?’ എന്ന് അശുഭവാദി ഭയപ്പെട്ടേക്കാം. ‘സൂര്യൻ അവിടെത്തന്നെയുണ്ട്. പ്രകാശം നിലയ്ക്കില്ല’ എന്ന് നിശ്ചയമുള്ള ശുഭവാദിയാകുകയല്ലേ വേണ്ടത്? സൂര്യനില്ലാതെ വന്നാൽ ഞാൻ നക്ഷത്രം കണ്ടു  രസിക്കുമെന്നു ദാർശനികവാക്യം.

മർ‍ഫിയുടെ പേരിൽ രസകരമായൊരു നിയമമുണ്ട്. അമേരിക്കൻ എയറോസ്പേസ് എൻജിനീയറായിരുന്നു എഡ്വേർഡ് അലോഷ്യസ് മർഫി (1918–1990). അതിവേഗം പറക്കുമ്പോൾ ഭൂഗുരുത്വശക്തി മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി ശസ്ത്രക്രിയാവിദഗ്ധൻ  ജോൺ സ്റ്റാപ്പിനോടൊപ്പം മർഫി ഗവേഷണം നടത്തി. ഇടയ്ക്കു മർഫിക്കു വന്ന കൈപ്പിഴ തെറ്റായ ഗവേഷണഫലത്തിലെത്താൻ ഇടയാക്കി. സ്റ്റാപ് ഇതിനെ ‘മർഫി’സ്  ലാ’ എന്നു വിശേഷിപ്പിച്ചു. ‘എന്തെങ്കിലും തെറ്റ് സംഭവിക്കാനിടയുണ്ടെങ്കിൽ, അത് സംഭവിച്ചിരിക്കും.’ എന്ന് മർഫിനിയമം. ഇതു ശരിയാകണമെന്നില്ലാത്തതിനാൽ അശുഭവാദമെന്ന് കരുതേണ്ടിവരും. കളഞ്ഞുപോയ സാധനത്തിനു പകരമൊന്നു വാങ്ങിക്കഴിയുമ്പോൾ, കളഞ്ഞത് കണ്ടുകിട്ടിയ അനുഭവം പലർക്കും കാണും. മർഫിനിയമം കരുതലിനുള്ള മുന്നറിയിപ്പാകയാൽ ശുഭവാദമാണെന്നു പറയുന്നവരുമുണ്ട്.

രണ്ടു നർമ്മസൂചനകൾ : നല്ല വിവരമുള്ള വനിതയെ വിവാഹം ചെയ്തയാൾ സ്വന്തം ലൈബ്രറിയിലുണ്ടായിരുന്ന നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും വിറ്റുകളഞ്ഞു. കാരണം ചോദിച്ചവരോട് പറഞ്ഞത്രേ, ‘ഭാര്യയ്ക്കെല്ലാം അറിയാം’. അതിരറ്റ ശുഭവാദവും നമ്മെ വഴിതെറ്റിക്കാം എന്ന് ഈ അതിശയോക്തിക്കഥ സൂചിപ്പിക്കുന്നു. കടം വാങ്ങുന്നെങ്കിൽ പെസിമിസ്റ്റിനോടു വാങ്ങുക; തിരിച്ചു കിട്ടുമെന്ന് അയാൾ പ്രതീക്ഷിക്കില്ലത്രേ.

ശുഭാപ്തിവിശ്വാസത്തിനു ഗുണങ്ങളേറെയുണ്ട്. നിത്യജീവിതത്തിലെ പിരിമുറുക്കം കുറയും. വികാരങ്ങൾ നിയന്ത്രണത്തിൽ നില്ക്കും. ആത്മവിശ്വാസം ഉയരും. സഹിഷ്ണുത മെച്ചമാവും. വിഷാദം കുറ‍ഞ്ഞ് സന്തോഷം കൂടും. ഉത്സാഹവും ഉന്മേഷവും ജീവിതത്തിന്റെ ഭാഗമാകും. ഭാവി ശോഭനമെന്നു കരുതി മുന്നേറാൻ സാധിക്കും. അന്യരിൽ കുറ്റം കണ്ടെത്താനുള്ള പ്രവണത കുറയും. മനസ്സിനു ശാന്തത ലഭിക്കും. സമൂഹവുമായി ആഹ്ലാദകരമായി ഇടപെടാൻ കഴിയും. സ്നേഹിക്കപ്പെടാൻ സാധ്യതയേറും. അശുഭവാദിയുടെ അനുഭവം ഇവയ്ക്കെല്ലാം നേർവിപരീതമാവും.

ഇനിയൊരു ആഫ്രിക്കൻകഥ കേൾക്കുക. ഇടിവെട്ടും കൊടുങ്കാറ്റും പെരുമഴയും വന്നപ്പോൾ, വൃദ്ധകർഷകന്റെ കുതിര പേടിച്ചരണ്ട് കാട്ടിലേക്ക് ഓടിപ്പോയി. അയൽക്കാർ ആ പാവത്തോട് സഹതപിച്ചു. വൃദ്ധൻ പറഞ്ഞു, ‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’ ഒരാഴ്ചയ്ക്കു ശേഷം കുതിര ഒരു പറ്റം കാട്ടുകുതിരകളെയും കൂട്ടി മടങ്ങിയെത്തി. അയൽക്കാർ അഭിനന്ദിച്ചു. വൃദ്ധൻ പറഞ്ഞു, ‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’

രണ്ടുനാൾ കഴിഞ്ഞ് കാട്ടുകുതിരയെ മയക്കുന്നതിനിടെ കുതിരപ്പുറത്തു നിന്നു വീണ് അയാളുടെ മകന്റെ കാലൊടിഞ്ഞു. അയൽക്കാർക്കു വ‍ൃദ്ധന്റെ കഷ്ടകാലത്തിൽ സഹതാപം. അദ്ദേഹം പല്ലവി ആവർത്തിച്ചു, ‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’ രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങിയത് ഒതുക്കാനായി പട്ടാളത്തിലാളെടുക്കാൻ അധികാരികൾ ഗ്രാമത്തിലെത്തി. ആരോഗ്യമുള്ള യുവാക്കളെയെല്ലാം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി. കാലൊടിഞ്ഞു കിടന്നതിനാൽ മകൻ രക്ഷപെട്ടു. ‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’

ആശുപത്രിയിൽ കിടക്കുമ്പോൾ കണ്ട സുന്ദരിയായ നഴ്സിനെ മകൻ വിവാഹം കഴിച്ചു. രണ്ട് ഓമനക്കുഞ്ഞുങ്ങളെ പേരക്കുട്ടികളായി വൃദ്ധനു കിട്ടി. അയൽക്കാർ സന്തോഷമറിയിച്ചു. വൃദ്ധൻ വീണ്ടും ചോദിച്ചു, ‘ഭാഗ്യമോ ഭാഗ്യദോഷമോ, ആർക്കറിയാം?’ ശുഭവാദിയോ അശുഭവാദിയോ ആകാതെ, ജീവിതസാഹചര്യങ്ങളെ  സമചിത്തതയോടെ  സ്വീകരിച്ച് മനസ്സമാധാനം കൈവരിച്ച കഥ.

ഏവരിലും ശുഭവാദവും അശുഭവാദവും കലർന്നിരിക്കുമെന്നതാണ് വാസ്തവം. ചിലരിൽ ഇവയിലൊന്നു കുറവും മറ്റത് കൂടുതലുമായിരിക്കും. സ്വന്തം പോരായ്മകളെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള സന്നദ്ധത ശുഭചിന്തയിലേക്കു നമ്മെ നയിക്കും. തുടർന്ന് വിജയത്തിലേക്കും. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA