ADVERTISEMENT

ആയിരം വർഷം മുൻപുള്ള പൂച്ചയും ഇന്നത്തെ പൂച്ചയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? പ്രകടമായ ഒരു വ്യത്യാസവുമില്ല. പക്ഷേ, മനുഷ്യരിൽ അങ്ങനെയാണോ? നമ്മുടെ ചിന്താരീതിയിൽ, ബുദ്ധിവൈഭവത്തിൽ ഒക്കെ പ്രകടമായ മാറ്റങ്ങൾ വന്നു. ഈ മാറ്റങ്ങൾ നമ്മുടെ സമൂഹത്തിന് എന്തു പ്രയോജനം ചെയ്യുന്നു എന്നു ചിന്തിച്ചുപോയത്, ഈയിടെ യുഎൻ പുറത്തുവിട്ട ജീവിതനിലവാര റിപ്പോർട്ടിലെ വിവരങ്ങൾ അറിഞ്ഞപ്പോഴാണ്. ഈ സൂചികയിൽ ലോകത്ത് 129–ാം സ്ഥാനത്താണത്രെ ഇന്ത്യ! നോർവേയും സ്വിറ്റ്സർലൻഡും അലർലൻഡുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 

രസകരമായൊരു സാങ്കൽപികകഥ കേട്ടിട്ടുണ്ട്. ‘പൂച്ചയ്ക്കാരു മണികെട്ടും’ എന്ന പല്ലവി പണ്ടെങ്ങോ കേട്ടുതുടങ്ങിയതാണ്. ഒരു പൂച്ചയ്ക്കും മണികെട്ടാനാവാതെ കേഴുന്ന എലികളാണ് ഇപ്പോഴും നമുക്കു ചുറ്റും. അങ്ങനെയൊരു എലി ‘പൂച്ചയ്ക്കാരു മണികെട്ടും’ എന്ന കഥാപുസ്തകം വായിക്കാനിടയായതാണു കഥാതന്തു. ‘എന്നും ഇങ്ങനെ മതിയോ, ഇതിനൊരു ഉത്തരം വേണ്ടേ?’ എന്ന് ആ എലി ചിന്തിച്ചു. ആ എലി ഒരു ഡോക്ടറുടെ വീടിന്റെ തട്ടിൻപുറത്തു കയറിക്കൂടി. ഡോക്ടർ രോഗിക്കു കൊടുത്ത നിർദേശത്തിൽനിന്ന് ഉറക്കഗുളികയെക്കുറിച്ചു മനസ്സിലാക്കി. അതു മെഡിക്കൽ സ്റ്റോറിൽനിന്നു കൈക്കലാക്കി, പൂച്ചയ്ക്കു കുടിക്കാനുള്ള പാലിൽ ചേർത്തു. ആ പാൽ കുടിച്ചു മയങ്ങിവീണ പൂച്ചയുടെ കഴുത്തിൽ എലി മണി കെട്ടി. അങ്ങനെ വർഷങ്ങളായുള്ള ഒരു വലിയ ചോദ്യത്തിനു വിരാമമായി! എലികളുടെ സമൂഹത്തിനുതന്നെ അതു പ്രചോദനമായി. 

‘ഇതെന്തു കഥ?’ എന്നു ചോദിക്കാൻ തോന്നുന്നുണ്ടാവും. കഥയെ വിലയിരുത്തലല്ല നമ്മുടെ ആവശ്യം. നമ്മുടെ തീരുമാനങ്ങളും പ്രവൃത്തികളും നമ്മെ മാത്രമല്ല ബാധിക്കുന്നതെന്ന തിരിച്ചറിവാണ് ഈ കഥയുണ്ടാക്കുന്നത്. ഒരാളുടെ മനോഭാവം മാറുമ്പോൾ, അതൊരു സമൂഹത്തെ സ്വാധീനിക്കാം. അങ്ങനെ ഒരുപാടു പേർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അതൊരു രാജ്യത്തിനുതന്നെ പ്രയോജനപ്രദമാകാം. 

ആൾക്കൂട്ടക്കൊലപാതകങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങി ഇന്ത്യയുടെ നിറം കെടുത്തുന്ന സംഭവങ്ങൾ ലോകം നോക്കിക്കാണുന്നുണ്ട്. നാനാത്വത്തിൽ ഏകത്വമെന്നു പറയുമ്പോൾത്തന്നെ, പരസ്പര വിശ്വാസമില്ലാതായ സമൂഹത്തിൽ പ്രതിബദ്ധതയും സഹാനുഭൂതിയുമൊക്കെ നഷ്ടമാകുന്നുണ്ട്. 

സത്യസന്ധതയുടെ പ്രതീകമായി ‘ഓണസ്റ്റി ബോക്‌സുകൾ’ സ്ഥാപിച്ചിട്ടുള്ള രാജ്യങ്ങളുണ്ട്. മാറ്റം വരേണ്ടതു മനോഭാവത്തിലാണ് എന്ന് ഇതു വ്യക്തമാക്കുന്നു. അതാണ് ആദ്യമേ പറഞ്ഞത്, നമ്മുടെ തീരുമാനങ്ങളും പ്രവൃത്തികളും രാജ്യത്തിന്റെ സൽപേരിനെക്കൂടി ബാധിക്കുന്നുണ്ട്.  

വേണാട് എക്‌സ്പ്രസിന്റെ പുതിയ കംപാർട്‌മെന്റുകളിലെ പുഷ്ബാക്ക് ലിവറുകൾ വലിച്ചൊടിച്ചും സീറ്റുകൾ കുത്തിക്കീറിയതുമായ സംഭവം അടുത്തിടെ കേട്ടിരുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നവർ എന്താണു നേടുന്നതെന്നു മനസ്സിലാവുന്നില്ല. തിയറ്റുകളിലെ സീറ്റുകൾ വികൃതമാക്കുന്നവരും പ്രതിഷേധങ്ങൾക്കിടെ പൊതുമുതലുകൾ നശിപ്പിക്കുന്നവരും എന്താണു നേടുന്നത്? രാജ്യത്തിന്റെ വികസനത്തിനു സർക്കാരുകൾ മാത്രമല്ല പ്രയത്‌നിക്കേണ്ടത്. നമ്മുടെ രാജ്യത്തിനു നല്ല പേരുണ്ടാക്കാനുള്ള സാംസ്‌കാരിക ബോധം നമ്മൾ ആർജിക്കേണ്ടതാണ്. 

‘ഓണസ്റ്റി ബോക്സുകൾ’ സ്ഥാപിക്കുന്നൊരു രാജ്യമായി, ജീവിതസൂചികയിൽ പത്തു സ്ഥാനങ്ങൾക്കിടയിലെങ്കിലും പേരുള്ളൊരു രാജ്യമായി നമ്മുടെ ഇന്ത്യയും മാറണമെങ്കിൽ മാറേണ്ടതു നമ്മൾ ഓരോരുത്തരുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com