ADVERTISEMENT

ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിൽ മാത്രമേ കോളജ് അധ്യാപക തസ്തിക അനുവദിക്കാവൂ എന്ന സർക്കാർ ഉത്തരവ് ഈ മേഖലയിലെ ഒഴിവുകൾ കുറയാൻ ഇടയാക്കും. ഇതോടെ എയ്ഡഡ് കോളജുകൾക്കു പുറമേ സർക്കാർ കോളജുകളിലും സർവകലാശാലകളിലും അധ്യാപക നിയമനങ്ങൾ കുറയും.  അടുത്ത 10 വർഷത്തേക്കെങ്കിലും കോളജുകളിൽ കാര്യമായ അധ്യാപക നിയമനം ഉണ്ടാവില്ല. 

കോളജ് അധ്യാപക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്താനിരിക്കേ പുതിയ ഉത്തരവ് ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അധ്യാപക തസ്തിക അനുവദിക്കുന്നതിനു നിലവിലുള്ള ഉത്തരവ് സർക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാലാണ് പുതുക്കി നിശ്ചയിച്ചത്.  

പുതിയ ഉത്തരവനുസരിച്ച് ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരമില്ലാത്ത തസ്തികയിൽ ഗെസ്റ്റ് അധ്യാപകരെ മാത്രമേ  നിയമിക്കാൻ കഴിയൂ. എന്നാൽ ഇതിനകം നിയമനം അംഗീകരിച്ച അധ്യാപകർക്കു ജോലി നഷ്ടപ്പെടില്ല. അവർ സൂപ്പർന്യൂമററിയായി തുടരും.  

ഈ അധ്യാപകർ വിരമിക്കുകയോ രാജി വയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ തസ്തിക ഒഴിവു വരികയോ ചെയ്താൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. അതോടെ സ്ഥിരം തസ്തികയും ഇല്ലാതാകും. സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണെന്നും ഇതനുസരിച്ച് സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും സർക്കാർ ഉത്തരവിലുണ്ട്. 

നിലവിൽ 9 മണിക്കൂറിൽ കൂടുതൽ ജോലിഭാരം ഉണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാം. ഒരു പിജി കോഴ്സിന് കുറഞ്ഞത് 5 അധ്യാപകരെ നിയമിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ഉത്തരവു പ്രകാരം ഒരു പിജി കോഴ്സിൽ അധ്യാപകരുടെ എണ്ണം മൂന്നാകും. ഈ അധ്യയനവർഷം വിരമിക്കൽ വഴിയുണ്ടാകുന്ന ഒഴിവുകളിൽ പുതിയ നിയമനം നടത്താൻ കഴിയില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.


English Summary : College Lecture Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com