sections
MORE

കൃത്രിമബുദ്ധിയെ പേടിക്കണോ?യന്ത്രം മനുഷ്യനെ പിൻതള്ളുമോ? ഭാവിയിൽ കാത്തിരിക്കുന്നത് ഇതൊക്കെ...

Artificial Intelligence.
SHARE

ഭസ്മാസുരൻ കഠിനതപസ്സുവഴി ശിവനെ പ്രത്യക്ഷപ്പെടുത്തി. ‘ഞാൻ ആരുടെ തലയിൽ കൈവച്ചാലും, അയാൾ ഉടൻ ഭസ്മമാകണം’ എന്ന വരം ചോദിച്ചു. ശിവൻ വരം നല്‍കി. വരം ശരി തന്നെയോയെന്നു പരീക്ഷിക്കാൻ ശിവന്റെ തലയിൽ തൊടാൻ ശ്രമിച്ചു. ശിവൻ മാറി. പക്ഷേ ഭസ്മാസുരൻ ലോകത്തിന് അപകടകാരിയാകുമെന്നു തിരിച്ചറിഞ്ഞ വിഷ്ണു അതിസുന്ദരിയായ മോഹിനിയായി മാറി, നൃത്തം ചെയ്തുകൊണ്ട് അയാളെ സമീപിച്ചു. രൂപലാവണ്യത്തിൽ മയങ്ങിയ അസുരന് മോഹിനിയെ ഉടൻ വേൾക്കണം.

മോഹിനി വ്യവസ്ഥ വച്ചു. തന്നെപ്പോലെ മനോഹരമായി നൃത്തം ചെയ്യാൻ കഴിഞ്ഞാൽ വേളികഴിക്കാം. താൻതന്നെ നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ മോഹിനി പല ചലനങ്ങളും കാട്ടി. ഭസ്മാസുരൻ എള്ളിട മാറ്റമില്ലാതെ എല്ലാം അനുകരിച്ചു. നൃത്തത്തിലെ ചുടലചലനങ്ങളുടെ ഭാഗമായി മോഹിനി സ്വന്തം തലയിൽ കൈവച്ചു. ഭസ്മാസുരനും തന്റെ തലയിൽ കൈവച്ചു. അതോടെ കഥ കഴിഞ്ഞു. 

കാല്പനികകവി  പി ബി ഷെല്ലിയുടെ പത്നി മേരി ഷെല്ലിയുടെ പ്രശസ്തനോവലായ ഫ്രാങ്കെൻസ്റ്റൈനിലെ ഭീകരജീവിയുടെ കഥയും ഇതോടൊപ്പം ഓർക്കാം. വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ രാസവിദ്യവഴി എട്ടടി പൊക്കമുള്ള രാക്ഷസനെ സൃഷ്ടിക്കുന്നു. മനുഷ്യസമൂഹത്തിന്റെ വെറുപ്പ് സഹിക്കാനാവാതെ സ്രഷ്ടാവിനോടു പക തോന്നുന്നു. പെൺതുണയെക്കൂടെ സൃഷ്ടിച്ചുതന്നാൽ മലകളിൽപ്പോയി മറഞ്ഞുകൊള്ളാമെന്ന  വാഗ്ദാനം കേട്ട വിക്റ്റർ, ആദ്യം സമ്മതിച്ചു. പക്ഷേ പുതിയ രാക്ഷസവർഗം മനുഷ്യർക്കു വിനയാകുമെന്നോർത്ത് വാക്കു മാറുന്നു. കോപംപൂണ്ട രാക്ഷസൻ വിക്റ്ററുടെ അനുജൻ വില്യമിനെയും സുഹൃത്ത് ഹെൻറിയെയും ഒടുവിൽ വിവാഹരാത്രിയിൽ  വിക്റ്ററുടെ വധു എലിസബത്തിനെയും വധിക്കുന്നു. താൻ സൃഷ്ടിച്ച രാക്ഷസന്റെ കഥ കഴിക്കാനിറങ്ങിയ വിക്റ്റർ അപകടത്തിൽ മരിക്കുന്നു. ശവംകണ്ട രാക്ഷസൻ ദുഃഖിതനായി ഉത്തരധ്രുവത്തിലേക്കു പോയി മറയുന്നു.

സൃഷ്ടികൾ സ്രഷ്ടാക്കൾക്കെതിരെ തിരിഞ്ഞ ഇക്കഥകൾ ഓർക്കാൻ കാരണമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റൊബോട്ടുകളും അതിരുവിട്ട് അരങ്ങു തകർക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുമോയെന്ന് ചിലർ ഭയക്കുന്നു. ഓട്ടമേഷൻ–പ്രതിസന്ധി നമ്മെ ഗ്രസിക്കുമത്രേ. വിയർപ്പും തളർച്ചയുമില്ലാതെ  നിർത്താതെ എത്ര കാലവും പ്രയത്നിക്കാൻ കഴിയുന്ന റൊബോട്ടുകൾക്കു മനുഷ്യരെക്കാൾ ബുദ്ധിയും ആയിപ്പോയാൽ നമ്മുടെ ഗതിയെന്താകും? പഠിച്ച കാര്യം ഒരു തെറ്റും കൂടാതെ ആവർത്തിച്ചു ചെയ്യാൻ കംപ്യൂട്ടറുകൾക്കാകും. മനുഷ്യന് തെറ്റു സഹജം. ഇതെല്ലാം പരിഗണിക്കുമ്പോൾ യന്ത്രം മനുഷ്യനെ പിൻതള്ളുമോ? അങ്ങനെയായാൽ ആ ഭസ്മാസുരനെ എങ്ങനെ നേരിടും? ഫ്രാൻകെസ്റ്റൈൻ ഭീകരനെ ആരു തളയ്ക്കും? ഇങ്ങനെ പോകുന്നു ആശങ്കകൾ.

ഓട്ടമേഷൻ ശക്തമായാൽ തൊഴിലവസരങ്ങൾ കുറഞ്ഞേക്കാം. ശുചീകരണത്തൊഴിലാളികൾ അന്യം നിന്നേക്കാം. ചിന്തിക്കുന്ന റൊബോട്ടുകൾ മാനേജ്മെന്റ്തലത്തിൽ വന്നെത്തിയാൽ ജീവനക്കാരുടെ ഗതിയെന്താകും? അവരുടെ മേൽ കാരുണ്യമെന്തെന്നറിയാത്ത യന്ത്രമനുഷ്യൻ വൻസമ്മർദ്ദം ചെലുത്തില്ലേ? വലിയ കമ്പനികളിൽ നൂറുകണക്കിന് ജോലിക്കാരുടെ മേൽനോട്ടത്തിന് റൊബോട്ട്സൂപ്പർവൈസർമാരെ വച്ച് മൂന്നോ നാലോ ഉന്നതതല മാനേജർമാർ പ്രവർത്തനങ്ങളെല്ലാം നടത്തുന്ന നില. മാനേജർ പറയുന്നതുകേട്ടു മനസ്സിലാക്കി ജോലി ചെയ്യാനറിയാവുന്ന യന്ത്രമനുഷ്യർ ഇന്നുണ്ട്.

ചങ്ങലരീതിയിൽ മനുഷ്യരും റൊബോട്ടുകളും ഇടകലർന്നു നിന്ന് അസംബ്ലിലൈൻ പോലെ തുടർപ്രവൃത്തികളിലേർപ്പെടുമ്പോൾ തളർച്ചയില്ലാത്ത റൊബോട്ടുകളോടു കിടപിടിക്കാനാവാത്ത മനുഷ്യക്കണ്ണികൾ വിഷമിക്കും; മേലധികാരികളുടെ നോട്ടപ്പുള്ളികളാകും. വീട്ടുകാര്യങ്ങൾ, രോഗം, പ്രസവം മുതലായവയ്ക്ക് അവധി വേണ്ടാത്ത റൊബോട്ടുകൾ അധികാരികളുടെ കണ്ണിലുണ്ണികളാകും. കൃത്രിമബുദ്ധി സർവനാശകമായ വ്യവസായവിപ്ലവത്തിലേക്കു വഴിതുറക്കുമെന്നുവരെ വിശ്വസിക്കുന്നവരുണ്ട്. ഇപ്പറഞ്ഞതെല്ലാം നിഷേധചിന്തകളാണെന്നതല്ലേ വാസ്തവം? കാത്തുനിൽപ്പടക്കം മുഷിപ്പൻ പണികളെല്ലാം റൊബോട്ടിനെ ഏൽപ്പിക്കാം. കൊടും ചൂടോ തണുപ്പോ അണുവികിരണമോ ഉള്ള സാഹചര്യങ്ങളിൽ മനുഷ്യൻ കഷ്ടപ്പെടേണ്ടിവരില്ല. പരമ്പരാഗതജോലികൾ കുറയുമ്പോൾ, പുതുതലമുറ ജോലികളുണ്ടാകും, ജീവിതക്ലേശം കുറയൂം. പ്രവർത്തനക്ഷമത ഉയരും. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങൾ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല. അതിമാനുഷർ വന്ന് നമ്മുടെ സമാധാനം കെടുത്തുമെന്ന പേടിസ്വപ്നം അസ്ഥാനത്താണ്.

പിഴകൂടാതെ കാര്യങ്ങൾ സമയത്തു ചെയ്തുകിട്ടും. വിവേകം വേണ്ടിടത്തു മാത്രം മനുഷ്യൻ ശ്രദ്ധിച്ചാൽ മതി, ആവർത്തനവിരസമായതെല്ലാം യന്ത്രം ചെയ്തുകൊള്ളുമെന്നത് എത്രയോ അഭികാമ്യമാണ്. പുതുമയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് നാം ചെയ്യേണ്ടത്.  പുതുമയെ പുണരുക, നൂതനസാഹചര്യവുമായി പൊരുത്തപ്പെട്ട് മാറ്റങ്ങൾക്കു വിധേയരാകുക എന്നിവ അന്തിമമായി ഏവരും സ്വീകരിക്കേണ്ടിവരും. ആശ്രിതൻ യജമാനനാകുകയല്ല, ശക്തരായ ആശ്രിതരെ വിവേകത്തോടെ നിയന്ത്രിച്ചു മികവിലേക്കു നീങ്ങുന്ന മനോഭാവം വളർത്തുകയാണു വേണ്ടത്.

English Summary : Artificial intelligence

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA