ADVERTISEMENT

തിരുവനന്തപുരം സിഇടി, എറണാകുളം മോഡൽ എൻജിനീയറിങ് കോളജ്, കൊല്ലം ടികെഎം ഉൾപ്പെടെയുള്ള കോളജുകളിലെ വിദ്യാർഥികൾ ഇപ്പോഴും തിരക്കിലാണ്. ജോൺ ഹോപ്കിൻസ്, യേൽ, ഇലിനോയ്, മിഷിഗൻ, കൊളറാഡോ ബോൾഡർ തുടങ്ങിയ പ്രശസ്ത സർവകാലാശാലകളുടെയും ഗൂഗിൾ, ഇന്റൽ പോലെയുള്ള വമ്പൻമാരുടെയുമടക്കം 3,800 കിടിലൻ കോഴ്സുകളാണ് കോഴ്സ്റ (Coursera) എന്ന പ്രമുഖ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമിലൂടെ ഇവർക്കു തുറന്നുകിട്ടിയിരിക്കുന്നത്. കോവിഡ് ബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സ്റ പ്ലാറ്റ്ഫോം സൗജന്യമായി തുറന്നുകൊടുത്തതോടെയാണിത്. ലോക‍്ഡൗണിൽ ഓൺലൈനായി ചില കോഴ്സുകൾ പഠിച്ച് കൊറോണക്കാലം തീരുമ്പോഴേക്കു കുറേ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചാലോ ?

പഠനമിങ്ങനെ 

നായകളുടെയും (Dog Emotion and Cognition) കോഴികളുടെയും (Chicken behaviour and welfare) മനഃശാസ്ത്രം മുതൽ സെൽഫ് ഡ്രൈവിങ് കാറുകളുടെ മോഷൻ പ്ലാനിങ് വരെയുള്ള കോഴ്സുകളിൽ എത്രയെണ്ണം വേണമെങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാം. 4,000 – 20,000 രൂപ ഫീസുണ്ടായിരുന്ന കോഴ്സുകളാണിവ. വിഡിയോ ക്ലാസുകൾക്കു പുറമേ ഓരോ ആഴ്ചയും പ്രോജക്ടും അസൈൻമെന്റുകളുമുണ്ട്. ജൂലൈ 31 വരെ അപേക്ഷിക്കാം. സെപ്റ്റംബർ 30നു മുൻപായി കോഴ്സുകൾ തീർക്കണം. മറ്റു കോളജുകൾക്കും ഇതിൽ ഭാഗമാകാം: bit.ly/2wbG1Zp

കോളജിനു ഫ്രീ പാക്കേജ് ലഭിച്ചില്ലെങ്കിലും കോഴ്സ്റ, യുഡെമി (Udemy) പോലെയുള്ള ഓൺലൈൻ ലേണിങ് സൈറ്റുകളിലെ പല കോഴ്സുകളും സൗജന്യമായി ലഭിക്കും. സർട്ടിഫിക്കറ്റ് വേണമെങ്കിൽ മാത്രം പണം നൽകിയാൽ മതി.

മറ്റ് പ്ലാറ്റ്ഫോമുകൾ

അധ്യാപകരും വിദ്യാർഥികളും ഓൺലൈനായി കണ്ടുമുട്ടുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം (എൽഎംഎസ്) ഉപയോഗിച്ചുള്ള പഠനത്തിന് ഇനി പ്രചാരമേറും. ഗൂഗിൾ ക്ലാസ്റൂം, മൂഡിൽ, പിയസ (Piazza), ഓപ്പൺ എഡെക്സ് (Open Edx) തുടങ്ങിയവയിലൂടെ ക്ലാസുകളുടെ വിഡിയോ, നോട്ടുകൾ, അസൈൻമെന്റുകൾ, ഗ്രേഡുകൾ എല്ലാം വിദ്യാർഥികളിലെത്തിക്കാമെന്ന് ആറ്റിങ്ങൽ കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. സുനിൽ തോമസ് പറയുന്നു. മൂഡിൽ ഫ്രീ സോഫ്റ്റ്‌വെയറാണ്. കോളജ് വെബ്സൈറ്റിനൊപ്പം സെർവറിൽ ഇൻസ്റ്റാൾ ചെയ്യാം. സൂം, ഗൂഗിൾ ഹാങ്ങൗട്ട്, മൈക്രോസോഫ്റ്റ് ടീം പോലെയുള്ള പ്ലാറ്റ്ഫോമുകൾ വഴി ഗ്രൂപ്പ് സ്റ്റഡിയും വിവരം പങ്കുവയ്ക്കലും നടത്താം.

മെഷീൻ ലാംഗ്വിജ്, ഡേറ്റാ സയൻസ് കോഴ്സുകൾക്കാണ് ഏറെ ആവശ്യക്കാർ. വിലകൂടിയ പാക്കേജ് സൗജന്യമായി കുറച്ചുനാളത്തേക്കെങ്കിലും ലഭിച്ചത് വലിയൊരു അവസരമാണ്.

ഡോ. അബ്ദുൽ നിസാർ, 

ഡീൻ, സിഇടി, തിരുവനന്തപുരം

ഒരു കംപ്യൂട്ടർ എങ്ങനെ നിർമിക്കാമെന്ന കോഴ്സാണ് എടുത്തത്. ടെസ്റ്റും പ്രോജക്ടും നോക്കി അവർ മാർക്കിടും. സിഇടിയിൽ മാത്രം 2,400 വിദ്യാർഥികൾ കോഴ്സ് എടുത്തിട്ടുണ്ട്.

വിദ്യ സുനിൽ, 

ബിടെക് ഇലക്ട്രോണിക്സ്, സിഇടി

ഒന്നും ചെയ്യാനില്ലാത്ത ലോക‍്ഡൗൺ കാലം പ്രൊഡക്ടീവായി. പ്രോഡക്ട് മാനേജ്മെന്റ് ഇഷ്ട വിഷയമായതിനാൽ അതുതന്നെയെടുത്തു. 300 പേരോളം ഇവിടെ കോഴ്സെടുത്തിട്ടുണ്ട്.

ഫർഹ കരീം, ബിടെക് കംപ്യൂട്ടർ സയൻസ്, മോഡൽ എൻജിനീയറിങ് കോളജ്, 

എറണാകുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com