ADVERTISEMENT

മുയലിനു കൊമ്പില്ലെന്ന് അറിയാമെങ്കിലും ‘ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്’ എന്നു നാം ചിലപ്പോൾ വാശി പിടിക്കും. നമുക്കോ അന്യർക്കോ ഒരു ഗുണവും ചെയ്യാത്ത വാശി. കടുംപിടിത്തത്തിനു മർക്കടമുഷ്ടി എന്നും പറയും. ഇതിനു പിന്നിൽ പഴയ വിശ്വാസമുണ്ട്. കുരങ്ങ് പാമ്പിന്റെ തലയിലേ പിടിക്കൂ. പാമ്പ് ചത്താലും പിടിവിടില്ല. അതു ചീയുംവരെ പിടിച്ചുകൊണ്ടിരിക്കുമത്രേ. വിശ്വാസം തെറ്റോ ശരിയോ ആകട്ടെ. മുട്ടാപ്പോക്കുകാരുടെ സമീപനം അതുപോലെ.

എല്ലാ കാര്യങ്ങളിലും യോജിക്കാൻ ഏതു രണ്ടുപേർക്കും കഴിയില്ല. അഭിപ്രായവ്യത്യാസം മനുഷ്യസഹജം. മനഃസമാധാനത്തോടെ കഴിയുന്ന ദമ്പതികൾ തമ്മിൽപ്പോലും വ്യത്യാസം വരും. വിട്ടുവീഴ്ചയില്ലെങ്കിൽ ബന്ധം തകരും. വീടും വിദ്യാലയവും ജോലിസ്ഥലവും അടക്കം എവിടെയും ബന്ധങ്ങൾ നിലനിർത്തുന്നതു പ്രധാനം. സമൂഹജീവിതത്തിന്റെ ആണിക്കല്ലാണ് അനുരഞ്ജനം.

മുട്ടാപ്പോക്കുകാരെപ്പറ്റി ബൈബിൾ സുഭാഷിതങ്ങളിലെ ചില വരികൾ : ആവർത്തി​ച്ച്‌ ശാസന കിട്ടി​യി​ട്ടും മർക്കടമുഷ്ടി കാട്ടുന്നവൻ രക്ഷപ്പെ​ടാ​നാ​കാ​ത്ത വിധം പെട്ടെന്നു തകരും (29:1). സ്വഹൃദയം കഠിനമാക്കുന്നവൻ ആപത്തിൽപ്പെടും (28:14). കടുംപിടിത്തക്കാരന്റെ വഴിയിൽ മുള്ളും കെണിയുമുണ്ട്. സ്വയം കാത്തുസൂക്ഷിക്കുന്നവൻ അവയിൽ നിന്ന് അകന്നുനിൽക്കും (22:5).

പിടിവാശി സർവനാശം വരുത്തിയ സംഭവം മഹാഭാരതത്തിലുണ്ട്. പന്ത്രണ്ട് വർഷം വനവാസവും, ഒരു വർഷം അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, പണ്ട് ചൂതിൽ തോറ്റ് നഷ്ടപ്പെട്ട രാജ്യം പാണ്ഡവർക്കു തിരിച്ചുനൽകണം. രാജ്യം പോയിട്ട് അഞ്ചു ഗ്രാമമോ സൂചികുത്താനിടം പോലുമോ  അവർക്കു നല്കില്ലെന്ന് ദുര്യോധനൻ വാശി പിടിച്ചു. ഗുരുജനങ്ങളുടെ സദുപദേശം ചെവിക്കൊണ്ടില്ല. അതുവഴി യുദ്ധം ക്ഷണിച്ചുവരുത്തി. കൗരവർ നൂറും യുദ്ധരംഗത്തു മരിച്ചുവീണു.

രാമായണത്തിലുമുണ്ട് നിർബന്ധബുദ്ധി സൃഷ്ടിച്ച പ്രയാസങ്ങൾ. രാമനെ രാജാവായി അഭിഷേകം ചെയ്യാനുള്ള സന്നാഹങ്ങളെല്ലാം പൂർത്തിയായപ്പോൾ, പണ്ടു ദശരഥൻ വാഗ്ദാനം ചെയ്ത രണ്ടു വരങ്ങൾ ഉടൻ വേണമെന്ന് പത്നി കൈകേയി വാശിപിടിച്ചു –– തന്റെ മകൻ ഭരതനെ രാജാവാക്കുക, രാമനെ പതിനാലു വർഷത്തേക്കു കാട്ടിലയയ്ക്കുക. ദശരഥൻ കേണപേക്ഷിച്ചിട്ടും കൈകേയി കടുകിട മാറാതെ പിടിവാശി കാട്ടിയത് രാമായണകഥയെ വഴിതിരിച്ചുവിട്ടു.

ദുശ്ശാഠ്യക്കാരുടെ വാദം ശ്രദ്ധിച്ചിട്ടുണ്ടോ? പറഞ്ഞതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. സത്യത്തിലേക്കു നോക്കില്ല. സത്യത്തോടുള്ളതിനെക്കാൾ താല്പര്യം സ്വന്തം  അഹന്തയോടായിരിക്കും. കൊടുങ്കാറ്റിനു തെല്ലുപോലും വഴങ്ങിക്കൊടുക്കാത്ത വൻമരങ്ങൾ കടപുഴകി വീഴുമ്പോൾ, കാറ്റിനൊത്തു ചാഞ്ഞുകൊടുക്കുന്ന നീളൻമുളകൾ വീഴുന്നില്ല. കാറ്റു മാറുമ്പോൾ മുള വീണ്ടും തലയുയർത്തി നിൽക്കും. ഇക്കാര്യം നിർബന്ധബുദ്ധികൾ ഓർക്കുന്നില്ല.

നേരിട്ടു കാണാൻ പോലും കഴിയാത്തവിധം തീരെച്ചെറുതാണ് കൊറോണാ വൈറസ്. നിസ്സാരം. പക്ഷേ ഞാൻ വലിയവൻ എന്ന് അഹങ്കരിക്കുന്നവർ പോലും അതിന്റെ മുന്നിൽ പേടിച്ചുവിറയ്ക്കുന്നു. മന്നവനും യാചകനും തുല്യർ. ചതുരംഗക്കളി കഴിഞ്ഞ് പെട്ടിയിലേക്കു മടങ്ങുമ്പോൾ രാജാവും കാലാളും സമം. അഹന്ത തലയ്ക്കുപിടിച്ച് എന്തിനു വാശി കാട്ടണം?

പിടിവാദക്കാരെ നേരിടേണ്ടതെങ്ങനെ? ‘ശഠനോടു ശാഠ്യം’ എന്ന മട്ടു വിജയിക്കാൻ പ്രയാസം. ഏതിനെയും അടിസ്ഥാനമില്ലാതെ ചോദ്യം ചെയ്യുന്നവരുണ്ട്. ചോദ്യചിഹ്നത്തെപ്പോലും ചോദ്യം ചെയ്യാൻ മടിക്കാത്തവർ. ശഠന്മാരെ ക്ഷമയോടെ ശാന്തമായി സമീപിക്കുന്നതിനാവും ജയസാദ്ധ്യത. ശാഠ്യമെന്ന ഇരുമ്പിനെ ഉരുക്കാൻ  സ്നേഹജ്വാലയ്ക്കു കഴിഞ്ഞേക്കാം. പ്രശസ്ത രാഷ്ട്രീയസൈദ്ധാന്തികനായിരുന്ന തോമസ് പെയിൻ (1737–1809) : ‘യുക്തിയെ പരിത്യജിച്ച് മനുഷ്യരാശിയെ പരമപുച്ഛത്തോടെ കാണുന്നയാളോട് വാദിക്കുന്നത് മൃതശരീരത്തിനു മരുന്നു നല്കുംപോലെ.’

തനിക്കിഷ്ടമുള്ളതേ ചെയ്യൂ, നിയമത്തിനു വഴങ്ങില്ല എന്നു വാശി പിടിക്കുന്നവരുണ്ട്. വൺവേ റോഡിൽ എതിരെ വണ്ടിയോടിക്കും. മുഴുവൻ ജോലിസമയത്തെ ശമ്പളം പറ്റുന്നയാൾ വൈകിയെത്തി, നേരത്തേ മടങ്ങും. കടം വാങ്ങി, തിരിച്ചു വണ്ടിച്ചെക്കു നല്കും. കൂട്ടംകൂടി പൊലീസ് സ്റ്റേഷനിലെത്തി ഭീഷണി മുഴക്കി, കുറ്റവാളിയെ ഇറക്കിവിടീക്കും. കസ്റ്റംസിനെ കബളിപ്പിച്ച് സ്വർണം കടത്തും. ആദ്യവിവാഹം മറച്ചുവച്ച്, രണ്ടാംവിവാഹത്തിലേർപ്പെടും. ഇതിലെയൊക്കെ തെറ്റു ചൂണ്ടിക്കാട്ടുന്നവരോട് തർക്കിക്കും. മുട്ടുന്യായങ്ങൾ ഉയർത്തി മുട്ടാപ്പോക്ക് കാട്ടും. തീർത്തും ഒഴിവാക്കേണ്ട ശൈലികൾ. സത്യത്തിന്റെ മുന്നിൽ തല കുനിക്കുന്നതോ, സമൂഹത്തിലെ നിയമങ്ങൾക്കു വഴങ്ങുന്നതോ സ്വന്തം മഹി‌മയ്ക്കു കുറവു വരുത്തില്ല, മറിച്ച്, മാന്യത വർദ്ധിപ്പിക്കുന്നേയുള്ളൂ.

കാപ്പിയുടെ കഥ കേട്ടിട്ടില്ലേ? ആഢ്യത്വമുള്ള പാനീയം. പക്ഷേ പ്രചാരം കുറവായിരുന്നു. കാപ്പി പരിഹാരമാർഗം തേടി. സ്വന്തം മഹിമയിൽ മയങ്ങി വാശിപിടിച്ചിരുന്നില്ല. പാലിനെയും പഞ്ചസാരയെയും സമീപിച്ചു. നമുക്കു കൂട്ടുകൂടാമെന്ന് നിർദ്ദേശിച്ചു. വെളുത്ത പാലിനും പഞ്ചസാരയ്ക്കും കറുത്ത കാപ്പിയോട് സ്നേഹം തോന്നി. മൂവരും ഒത്തുചേർന്നു. കയ്പ് മാറി, രുചിയേറി. ലോകമെങ്ങും കാപ്പി വൻതോതിൽ പ്രചരിച്ചു.

വ്യത്യസ്തവീക്ഷണങ്ങളെ സന്തോഷത്തോടെ പുല്കുന്ന വഴക്കം ദൗർബല്യമല്ല, ശക്തിയാണ്. ശക്തിയെന്നാൽ പേശീബലമല്ല, വഴങ്ങാനും സാഹചര്യങ്ങളുമായി ഇണങ്ങാനും ഉള്ള കഴിവാണ്. പ്രശസ്തഗായകൻ മാർട്ടി റൂബിൻ രസകരമായി പറഞ്ഞു, മനുഷ്യപ്രകൃതി ശിലയല്ല, ജലമാണെന്ന്. മാറ്റത്തിനു വഴങ്ങാനുള്ള ശേഷിയാണ് ബുദ്ധിശക്തിയെന്ന് ഐൻസ്റ്റൈൻ.

മർക്കടമുഷ്ടി ഉപേക്ഷിച്ച്, സഹകരണത്തിന്റെ പാത സ്വീകരിച്ച്, നിയമത്തിനു വഴങ്ങി ജീവിക്കുന്നതാവും വിജയത്തിന്റെ വഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com