ADVERTISEMENT

ശരിക്കുള്ള സ്വഭാവം എന്താണെങ്കിലും ജോലിസ്ഥലത്ത് ഒരു മുഖംമൂടിയണിഞ്ഞു നടക്കുന്നവരാണ് നമ്മളില്‍ പലരും. അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്ന സഹപ്രവര്‍ത്തകനെ ഇഷ്ടമല്ലെങ്കിലും ചിരിച്ചു കളിച്ചൊക്കെ സംസാരിക്കും. ടീം ലീഡറെ കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കിലും കാണുമ്പോള്‍ വലിയ സ്‌നേഹപ്രകടനം നടത്തും. അങ്ങനെ ഓസ്‌കര്‍ പ്രകടനങ്ങളെ വെല്ലുന്ന അഭിനയമാണ് നല്ലൊരു ശതമാനം പേരും ജോലിസ്ഥലത്തു നടത്തുന്നത്. 

എന്നാല്‍ ജോലിസ്ഥലത്തെ മനോഭാവത്തില്‍ വലിയ നാട്യങ്ങളില്ലാതെ യഥാർഥ സ്വഭാവം കാണിക്കുന്നത് നിങ്ങളുടെ ഉത്പാദനക്ഷമത വളര്‍ത്തുമെന്നാണ് ഒരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് മൂലം സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളിൽ കൂടുതല്‍ വിശ്വാസമുണ്ടാകുമെന്നും അവരുടെ പിന്തുണ നിങ്ങള്‍ക്കു കൂടുതലായി കിട്ടുമെന്നും ഈ പഠനം പറയുന്നു. 

അരിസോണ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ ആലിസണ്‍ ഗബ്രിയേലും അര്‍കന്‍സസ് സര്‍വകലാശാലയിലെ സാം എം.വാള്‍ട്ടന്‍ കോളജ് ഓഫ് ബിസിനസ്സില്‍ മാനേജ്‌മെന്റ് പ്രഫസറായ ക്രിസ് റോസനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. ജേണല്‍ ഓഫ് അപ്ലൈഡ് ഫിലോസഫിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസം, നിർമാണം, എന്‍ജിനീയറിങ്, സാമ്പത്തിക സേവനം എന്നിങ്ങനെ വിവിധ വ്യവസായങ്ങളിലെ 2500 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 

തൊഴിലിടങ്ങളില്‍ ആളുകള്‍ രണ്ടു തരത്തിലുള്ള അഭിനയം കാഴ്ച വയ്ക്കാറുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒന്ന്, പുറമേയുള്ള അഭിനയം. രണ്ട് ആഴത്തിലുള്ള അഭിനയം. പുറമേ അഭിനയിക്കുന്നവര്‍ തങ്ങളുടെ യഥാർഥ വികാരങ്ങള്‍ പ്രകടിപ്പിക്കുകയേ ഇല്ല. അകമേ ദേഷ്യം കൊണ്ട് നീറിപ്പുകഞ്ഞാലും ചിരിച്ച് കൊണ്ട് നില്‍ക്കും. 

എന്നാല്‍ ആഴത്തിലുള്ള അഭിനയം കാഴ്ച വയ്ക്കുന്നവര്‍ തങ്ങള്‍ക്ക് തോന്നുന്ന വികാരങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നവരാണ്. കൂടുതല്‍ പോസിറ്റീവായി ഇരിക്കാനും മറ്റുള്ളവരോട് ഹൃദ്യമായി പെരുമാറാനും ഇക്കൂട്ടര്‍ ശ്രമിക്കും. ചുരുക്കി പറഞ്ഞാല്‍ തങ്ങളുടെ യഥാർഥ മനോഭാവത്തില്‍ ആഴത്തിലുള്ള അഭിനയത്തിലൂടെ ഇവര്‍ മാറ്റം വരുത്തുകയും അത് യഥാർഥ മനോഭാവമാക്കി തീര്‍ക്കുകയും ചെയ്യും. ഫലമോ, ഇവര്‍ക്ക് സഹപ്രവര്‍ത്തകരുടെ കൂടുതല്‍ പിന്തുണയും തത്ഫലമായി കൂടുതല്‍ ഉത്പാദനക്ഷമതയുമൊക്കെ ലഭിക്കും. 


English Summary : How To Behave In workplace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com