ADVERTISEMENT

വിശ്വപ്രസിദ്ധ ചിന്തകനായ സോക്രട്ടീസിനോട് ഒരാൾ ഒരിക്കൽ പറഞ്ഞു: ‘അങ്ങയുടെ കൂട്ടുകാരനെക്കുറിച്ച് എനിക്കൊരു കാര്യം പറയാനുണ്ട്’. 

സോക്രട്ടീസ് പറഞ്ഞു: ‘അതു കേൾക്കുംമുൻപേ എനിക്കു നിന്നോടു 3 കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിനുള്ള ഉത്തരം കേട്ടശേഷമാവാം എന്റെ കൂട്ടുകാരനെക്കുറിച്ചുള്ള കാര്യം കേൾക്കുന്നത്’. 

ചോദ്യം ഒന്ന്: എന്റെ കൂട്ടുകാരനെക്കുറിച്ചു നീ പറയാൻ പോകുന്ന കാര്യം സത്യമാണെന്നു നിനക്കു ബോധ്യമുണ്ടോ? 

അയാൾ മറുപടി പറഞ്ഞു: സത്യമാണോ അസത്യമാണോ എന്നെനിക്കറിയില്ല..  

ശരി, രണ്ടാമത്തെ ചോദ്യം: പറയാൻ പോകുന്ന ആ വാർത്ത നല്ലതാണോ ചീത്തയാണോ? 

മറുപടി: അതൊരു നല്ല വാർത്തയല്ല. 

സോക്രട്ടീസ് പറഞ്ഞു: എന്റെ സുഹൃത്തിനെക്കുറിച്ചു പറയാൻ പോകുന്ന കാര്യം സത്യമാണോയെന്നു താങ്കൾക്കുറപ്പില്ല. മാത്രവുമല്ല, അതു മോശം കാര്യവുമാണ്. എങ്കിൽ എന്റെ മൂന്നാമത്തെ ചോദ്യം ഇതാണ്–ആ വാർത്ത കേൾക്കുന്നതുകൊണ്ട് എനിക്കോ പറയുന്നതുകൊണ്ടു നിനക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ? 

അയാൾ ഇല്ല എന്ന അർഥത്തിൽ തലയാട്ടി. 

സോക്രട്ടീസ് പറഞ്ഞു, സത്യമാണെന്ന് ഉറപ്പില്ലാത്ത, മോശമായ, എനിക്കും നിനക്കും ഒരു പ്രയോജനവുമില്ലാത്ത ആ വാർത്ത എന്നോട് എന്തിനാണു പറയുന്നത്? അതു കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. 

ഈ കഥ നമ്മെ ചിന്തിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അറിയുന്ന കാര്യങ്ങളെല്ലാം പറയാനുള്ളതല്ല. പറയാനുള്ള കാര്യങ്ങൾപോലും കാര്യമാത്ര പ്രസക്തമായി മാത്രം അവതരിപ്പിക്കുകയും വേണം. പലപ്പോഴും സംസാരമാണു നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്. സംഭാഷണം ഹൃദ്യവും ആകർഷകവുമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്: 

∙നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരെ അടിച്ചേൽപിക്കരുത്. അവർ മറ്റൊരു വ്യക്തിത്വത്തിനുടമയാണ്. അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ടാവാം. 

∙നല്ലൊരു ശ്രോതാവ് ആവുക എന്നതാണു മറ്റൊന്ന്. 

∙മറ്റൊരാൾ സംസാരിക്കുമ്പോൾ അയാളെക്കുറിച്ചു മുൻവിധികൾ സൂക്ഷിക്കരുത്. 

∙സംഭാഷണത്തിലെ കാടുകയറുന്ന രീതിയാണ് ഒഴിവാക്കേണ്ട മറ്റൊന്ന്.  പറയേണ്ട കാര്യങ്ങൾ മാത്രം പറയുക.  

വ്യാകുലപ്പെട്ടിരിക്കുമ്പോഴോ ദേഷ്യപ്പെട്ടിരിക്കുമ്പോഴോ അധികം സംസാരിക്കാതിരിക്കുന്നതാണു നല്ലത്. കാരണം ആ അവസരങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും സാഹചര്യത്തിനു ചേർന്നതാവണമെന്നില്ല. ചിലപ്പോൾ അതൊരു ദുരന്തത്തിനു വഴിവയ്ക്കുകയും ചെയ്യും. 

ഏതായാലും ഒരു കാര്യം ഉറപ്പാണ്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതു നാവുതന്നെയാണ്. കണ്ണ്, കാത്, ത്വക്ക്, മൂക്ക് എന്നിവ കാര്യങ്ങളെ ഗ്രഹിക്കുമ്പോൾ നാവ് കാര്യങ്ങളെ ബഹിർഗമിക്കുന്നു. അതായത്, നാല് ഇന്ദ്രിയങ്ങളുടെ ഫലമാണ് നാവ് പുറത്തെത്തിക്കുന്നത്. ആയുധങ്ങൾ കൊണ്ടുള്ള മുറിവ് ഉണങ്ങും. പക്ഷേ, നാവുകൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല എന്നു കേട്ടിട്ടില്ലേ? വാക്കുകൊണ്ടു മറ്റുള്ളവരെ മുറിവേൽപിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകുന്നത്. അതിലൂടെ മാത്രമാണു നാം മറ്റുള്ളവരുടെ പ്രീതിക്കു പാത്രമാകുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com