നിങ്ങൾ അശുഭവാർത്തകൾ ഫോർവേഡ് ചെയ്യാറുണ്ടോ? എങ്കിൽ സംഭവിക്കുന്നത് ഇതാണ്...

Negative_thoughts
SHARE

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതു കാണാൻ കേരളമെങ്ങും നിന്ന് ആളുകൾ പ്രവഹിച്ചതു നമ്മൾ കണ്ടതാണ്. ഓരോ ഫ്ലാറ്റും തകർന്നടിയുമ്പോൾ ഉയരുന്നുണ്ടായിരുന്നു, ആരവങ്ങൾ. മറ്റൊരാളുടെ തകർച്ചയിൽ ആനന്ദം കണ്ടെത്തുന്ന നിലയിലേക്കു നമ്മൾ മാറുകയാണോ? എങ്കിൽ തകർന്നടിയുന്നതു നമ്മുടെ സാമൂഹികമൂല്യം കൂടിയാണ്. 

നമ്മുടെ ചിന്തകളിലും വാക്കുകളിലും ദോഷം നിറയുന്നുണ്ടോയെന്നൊരു വിലയിരുത്തൽ എപ്പോഴുമാകാം. ഒരു ദിവസത്തെ നമ്മുടെ സംസാരം വിശകലനം ചെയ്യാറുണ്ടോ? ഭൂരിഭാഗവും നെഗറ്റീവ് കാര്യങ്ങൾ പറയുന്നു എന്നു പലപ്പോഴും നമുക്കു കണ്ടെത്താൻ കഴിയും. ആകസ്മികമായി സംഭവിക്കുന്നതാകാം. പക്ഷേ, വേറെ ചിലരുണ്ട്. അനാരോഗ്യകരമായ സംഭവങ്ങൾ, ദുരന്തകഥകൾ, അയൽക്കാരെക്കുറിച്ചുള്ള അപവാദങ്ങൾ... ഇതൊക്കെ പറഞ്ഞ് പരദൂഷണം അലങ്കാരമാക്കുന്നവർ. എന്തിലും ദോഷം കണ്ടെത്തുക, അതു പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വിനോദമാക്കിയവരാണിവർ. ബോധപൂർവം ഇങ്ങനെ ചെയ്യുകയോ വ്യക്തിത്വത്തിൽ അത് അലിഞ്ഞുചേർന്നതോ ആകാം. രണ്ടായാലും അതു മാറ്റേണ്ട സ്വഭാവരീതി തന്നെ. 

ഇത്തരം രീതികളുടെ ദോഷഫലങ്ങൾ എവിടെയാണു ചെന്നെത്തുക എന്നു ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും നമ്മുടെ കുട്ടികളിലാണ്, വളരുന്ന തലമുറയിലാണ്. നന്മകൾ ശീലിക്കേണ്ട തലമുറയുടെ മുന്നിലിരിന്നാണ് പൊടിപ്പും തൊങ്ങലും വച്ച അപവാദ കഥകൾ പറഞ്ഞുപരത്തുന്നതെന്ന് അതു പറയുന്നവർ ചിന്തിക്കുന്നുണ്ടാവില്ല. മാതൃകയാകേണ്ട അച്ഛനമ്മമാർ സൃഷ്ടിക്കുന്ന നെഗറ്റീവ് അന്തരീക്ഷങ്ങൾ കുഞ്ഞുമനസ്സുകളെ സാരമായി ബാധിക്കും. നാളെ അവരും അപവാദപ്രചാരകരാവും. ഒന്നിനെക്കുറിച്ചും അന്വേഷിക്കാതെ കേട്ട കാര്യങ്ങൾ അപ്പാടെ വിശ്വസിച്ച് പങ്കുവയ്ക്കും. ഇത്തരക്കാരാണ്, സമൂഹമാധ്യമങ്ങളിലും അശുഭവാർത്തകളുടെ പ്രചാരകരാവുന്നത്.  

കുട്ടികൾക്കു ഗുണപാഠ കഥകൾ പറഞ്ഞുകൊടുക്കുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അത്തരം കഥകൾ കേൾക്കാനുള്ള സാഹചര്യമില്ല.  അണുകുടുംബ വ്യവസ്ഥയിലേക്കു ചേക്കേറിയപ്പോൾ നഷ്ടപ്പെട്ട ആദ്യത്തെ മൂല്യബോധം അതാണ്. കാലവും ജീവിതവും മാറി. പുതിയ സാഹചര്യങ്ങളിൽ നിന്നുകൊണ്ടു നമുക്കെന്തു ചെയ്യാൻ കഴിയുമെന്നാണ് ഇനി ചിന്തിക്കേണ്ടത്. 

കുട്ടികളുമായി നമുക്കു നല്ലതിലൂടെ സംവദിക്കാം. സംഭവങ്ങളിലെ നന്മകൾ വിശദീകരിക്കാം. തീൻമേശയ്ക്കു ചുറ്റുമിരുന്ന് അപവാദ കഥകൾ പറയേണ്ടെന്നു വയ്ക്കാം. എന്തിലും നന്മ ദർശിക്കാനുള്ള രീതിയിലേക്കു അവരെ മാറ്റിയെടുക്കാം. അവരുടെ ചിന്തകളെയും സ്വപ്നങ്ങളെയും നല്ലതിലേക്കു നയിക്കാനുള്ള പ്രചോദകശക്തിയാവാം. വികാരങ്ങൾക്ക് അടിമപ്പെടാതെ വിവേകത്തോടെ സാഹചര്യങ്ങളെ നേരിടാൻ പഠിപ്പിക്കണം. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബോധം വളർത്തണം.  വീടിനോടും നാടിനോടും ഉത്തരവാദിത്തബോധം വളർത്താൻ  ശ്രമിക്കണം. സത്യമേ പറയാവൂ എന്നും പ്രിയമുള്ളതെ പറയാവൂ എന്നും സത്യമാണെങ്കിൽക്കൂടി അപ്രിയമാണെങ്കിൽ അതു പറയരുതെന്നുമുള്ള പഴമൊഴിയുടെ പൊരുൾ അവരിൽ ആഴത്തിൽ വേരിറക്കണം. 

നമ്മുടെ ചെറുപ്പക്കാർക്കു മുന്നിലുള്ളത് അനന്തസാധ്യതകളുള്ള ഒരു നവലോകമാണ്. ദോഷൈകദൃക്കുകളായി നാം അവുടെ മുന്നിൽ ചെന്നുപെടാതിരിക്കുക. അവർ നന്മയിലേക്കു വളരട്ടെ, ആത്മവിശ്വാസത്തിന്റെ കൊടുമുടികീഴടക്കട്ടെ. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA