ADVERTISEMENT

പോപ് സംഗീതത്തിന്റെ രാജാവായ മൈക്കേൽ ജാക്സൻ (1958–2009) അസാമാന്യജനപ്രീതി നേടിയ ഗായകനായിരുന്നു. സംഗീതത്തിന് ലോകത്തിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ജാക്സനെപ്പറ്റി പല വിവാദങ്ങളുമുണ്ടായിരുന്നതു നില്ക്കട്ടെ. അദ്ദേഹത്തിന്റെ ‘മാൻ ഇൻ ദി മിറർ’ എന്ന അതിപ്രശസ്തഗാനത്തിലെ ഏതാനും വരികൾ ശ്രദ്ധിക്കാം. സാരമിങ്ങനെ:

‘‘കണ്ണാടിയിലെ മനുഷ്യനിൽ ഞാൻ തുടങ്ങുന്നു. അയാളുടെ രീതികൾ മാറ്റാൻ ഞാൻ ആവശ്യപ്പെടുന്നു. നിങ്ങൾക്കു ലോകത്തെ മെച്ചപ്പെട്ട സ്ഥലമാക്കണമെങ്കിൽ, ഇതിനെക്കാൾ നല്ല സന്ദേശമില്ല. നിങ്ങൾ നിങ്ങളെത്തന്നെ നോക്കൂ. എന്നിട്ട് മാറ്റം വരുത്തൂ.’’ 

‘‘I'm starting with the man in the mirror

I'm asking him to change his ways

And no message could have been any clearer

If you want to make the world a better place

(If you want to make the world a better place)

Take a look at yourself, and then make a change.’’

എത്ര വലിയ സത്യം! എവിടെ എന്തു തകരാറു വന്നാലും, അതിനു കാരണം മറ്റാരെങ്കിലുമാണെന്നു നാം പെട്ടെന്നു വിശ്വസിച്ചുകളയും. അത് ഇന്നാരുടെ കുറ്റംകൊണ്ടാണെന്ന് ആവർത്തിച്ചു പറയുന്നതിൽ നാം രസിക്കും. ‘ഇക്കാര്യത്തിൽ എന്റെ വീഴ്ച വല്ലതുമുണ്ടോ’ എന്നു ചിന്തിക്കാൻ നമുക്കു ക്ഷമയില്ല. വല്ലവരും അങ്ങനെ നമ്മെ പഴിക്കാൻ ശ്രമിച്ചാൽ, നാം വീറോടെ എതിർക്കും. പറഞ്ഞയാളെ നാം ശത്രുപക്ഷത്ത് നിറുത്തും. പറഞ്ഞതിൽ സത്യമുണ്ടോയെന്നു നോക്കില്ല. കണ്ണാടിയിലെ  പ്രതിബിംബം നമ്മിലോരോരുത്തരും തന്നെ.

സമചിത്തതയുള്ളവർ എന്താണു ചെയ്യേണ്ടത്? പക്ഷപാതമോ മുൻവിധിയോ കൂടാതെ സാഹചര്യം വിലയിരുത്തുക. തകരാറിനു കാരണമെന്തെന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യുക. സ്വന്തം വീഴ്ചയുണ്ടെങ്കിൽ അത് സത്യസന്ധമായി സമ്മതിച്ച്, നമ്മുടെ പോരായ്മ പരിഹരിക്കുക. ഇങ്ങനെ ആവശ്യാനുസരണം സ്വയം മാറുക. പറയാനെളുപ്പം. നിറഞ്ഞ ക്ഷമയും നേർബുദ്ധിയും ഉണ്ടെങ്കിലേ ഇതു കഴിയൂ. പക്ഷേ ഇതിനു കഴിഞ്ഞാൽ അന്യരോടുള്ള സമീപനം  മെച്ചമാവും. നാം സ്വയം മെച്ചപ്പെടും. നമ്മുടെ സ്വീകാര്യ‌ത വർദ്ധിക്കും. മറ്റുള്ളവരെ മാറ്റുന്നതിനെക്കാൾ എത്രയോ എളുപ്പമാണ് സ്വയം മാറുന്നതെന്നും ഓർക്കാം. ഓ‍ഡിറ്റോറിയത്തിലിരിക്കുമ്പോൾ, വേദിയിലെ കാഴ്ച പലരും മറയ്ക്കുന്നെങ്കിൽ, മുന്നിലുള്ളവരെയെല്ലാം മാറ്റുന്നതിനെക്കാൾ എളുപ്പമല്ലേ നാം തെല്ലു മാറിയിരിക്കുന്നത്? 

മഹാനായ നോവലിസ്റ്റ് ലിയോ ടോൾസ്റ്റോയ് പറഞ്ഞു, ‘ലോകം മാറ്റിമറിക്കുന്നതിനെപ്പറ്റി  ഏവരും ചിന്തിക്കുന്നു. പക്ഷേ സ്വയം മാറുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നേയില്ല’.

റോ‍ഡുമുഴുവൻ റബർമെത്ത വിരിച്ച് അതിൽ സുഖമായി നടക്കണമെന്നാണ് എന്റെ മോഹം. അതു വെറുതേ മോഹിക്കാനുള്ള മോഹം മാത്രം. നടപ്പില്ലാത്ത കാര്യം. പക്ഷേ മോഹം നേടാൻ വഴിയുണ്ട്. പാദങ്ങളിൽ ഓരോ ഹാവായ് ചെരിപ്പിടുക. ഞാൻ കാലുവയ്ക്കുന്നിടത്തെല്ലാം റബർമെത്ത അനുഭവപ്പെടും.

ഹാൻഡിൽബാർ മീശയുള്ള അപ്പൂപ്പന്റെ കഥ കേട്ടിട്ടില്ലേ? അപ്പൂപ്പൻ മകന്റെ വീട്ടിൽ അവധിക്കാലത്തു വന്നു താമസിക്കുകയാണ്. ഉച്ചയുറക്കമുണർന്ന് എഴുനേറ്റപ്പോൾ മുറിയിൽ ദുർഗന്ധം. വരാന്തയിൽ ചെന്നിരുന്നപ്പോൾ അവിടെയും ദുർഗന്ധം. മരുമകളെ വിളിച്ച് വീടു വൃത്തിയാക്കാൻ പറഞ്ഞിട്ട്, പുറത്തേക്കു പോയി. തെരുവു മുഴുവൻ ദുർഗന്ധം തന്നെ. സഹികെട്ട് വീട്ടിലേക്കു മടങ്ങി. അപ്പൂപ്പന് വീട്ടിലെ കുട്ടികളോടും നാട്ടുകാരോടും മുഴുവൻ അടങ്ങാത്ത ദേഷ്യം. ശുചിത്വമില്ലാത്ത നാട്. അക്ഷമനായി തെരുതെരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉറക്കെ ശാപവാക്കുകളുതിർത്തു. ഇത്രയുമായപ്പോൾ പേരക്കുട്ടികൾക്ക് അപ്പൂപ്പനോടു സഹതാപം തോന്നി. അവർ ഒരു പണി പറ്റിച്ചിരുന്നു. ഉറങ്ങുന്ന അപ്പൂപ്പന്റെ മീശയിൽ കുറെ മീൻനെയ് പുരട്ടിയിരുന്നു. അവർ രഹസ്യം പൊട്ടിച്ചു. അപ്പൂപ്പൻ പൊട്ടിച്ചിരിച്ചു. തന്റെ മീശയിൽ നിന്നാണോ ദുർഗന്ധം വന്നതെന്നു ആലോചിക്കാഞ്ഞതിൽ വിഷമം. നമ്മളും പലപ്പോഴും ഈ അപ്പൂപ്പനെപ്പോലെയല്ലേ?

സ്വയം മാറുന്നതിന്റെ തുടക്കമെവിടെ? ഉള്ളിൽ സ്നേഹവും കാരുണ്യവും ഉറപ്പിച്ചാൽ പെരുമാറ്റം തനിയേ മാറിക്കൊള്ളും. നമ്മുടെ യഥാർത്ഥസ്വഭാവവും, നാം മറ്റുള്ളവരിലുളവാക്കാൻ ശ്രമിക്കുന്ന സ്വഭാവവും വ്യത്യസ്തമാണ്. ആ വ്യത്യാസം കുറയ്ക്കാം. കപടനാട്യവും വ്യാജവേഷവും ഉപേക്ഷിക്കാം. സ്വയം മാറാൻ ആർക്കുമുണ്ട് അവസരം. അതിനു മനസ്സിനെ പാകപ്പെടുത്തിയെടുക്കണം എന്നു മാത്രം. കൊടും കൊലപാതകികൾ പോലും മാനസാന്തരം വന്ന് നന്മയെ പുണർന്ന സംഭവങ്ങളുണ്ടല്ലോ. അതുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്കു വേണ്ടത് ചെറിയ മാറ്റം മാത്രം. നല്ല പെരുമാറ്റരീതി നാം സ്വീകരിക്കുന്നത് മറ്റു ചിലർക്കെങ്കിലും പ്രചോദനമാകാനും മതി. ജാക്സൻ പാടിയതുപോലെ കണ്ണാടിയിലെയാളെ മാറ്റുന്നതിൽ തുടക്കം കുറിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com