ADVERTISEMENT

കൊറോണയും ലോക്ഡൗണുമൊക്കെ വന്നപ്പോള്‍ ട്രെന്‍ഡായ സംഗതിയാണ് വീട്ടിലിരുന്നുള്ള ജോലി അഥവാ വര്‍ക്ക് ഫ്രം ഹോം. ഓഫീസുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായതോടെ പല കമ്പനികളുടെയും നല്ലൊരു ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇനി കൊറോണ പോയാലും ലോക്ഡൗണ്‍ കാലം കഴിഞ്ഞാലും വര്‍ക്ക് ഫ്രം ഹോം പരിപാടി സജീവമായി തുടര്‍ന്നേക്കുമെന്നാണ് വ്യവസായ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന. 

വലിയ തോതില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനുള്ള ഒരു ട്രയല്‍ റണ്ണിനുള്ള അവസരമാണ് കൊറോണയോട് അനുബന്ധിച്ചെത്തിയ ലോക്ഡൗണ്‍ സമ്മാനിച്ചതെന്ന് പ്രമുഖ കമ്പനികളുടെ എച്ച്ആര്‍ മേധാവികള്‍ പറയുന്നു. ലോക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വര്‍ക്ക് ഫ്രം ഹോം ഒരു രജത രേഖയാവകുയാണ് തൊഴിലിടങ്ങളില്‍. തൊഴില്‍ദാതാവിനും ജീവനക്കാര്‍ക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ് വീട്ടിലിരുന്നുള്ള ഈ ജോലി ചെയ്യല്‍. 

ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഓഫീസിലേക്ക് നിത്യവുമുള്ള യാത്ര ഒഴിവാക്കി ആ സമയവും പ്രയത്‌നവും യാത്രാ ചെലവും ലാഭിക്കാം. ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ട് പോകും വിധം കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റിയും ലഭിക്കും. കമ്പനികളെ സംബന്ധിച്ചാണെങ്കില്‍ ഓഫീസ് വാടക, വൈദ്യുതി ചെലവ്, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കാനാകും. ജീവനക്കാരുടെ ഉത്പാദനക്ഷമത കൂടുമെന്നതിനാല്‍ ആ വഴിക്കും ലാഭം. 

കോഗ്നിസന്റ്, പേടിഎം, സെയിന്റ് ഗൊബൈന്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഡിലോയിറ്റ് തുടങ്ങി നിരവധി കമ്പനികളുടെ എച്ച് ആര്‍ മേധാവികള്‍ വെര്‍ച്വല്‍ തൊഴിലിടങ്ങളാണ് ജോലിയുടെ ഭാവിയെന്ന് ഒരേ സ്വരത്തില്‍ പറയുന്നു. 

ഐടി കമ്പനിയായ ടിസിഎസ് ആവട്ടെ ഇനിയുള്ള അഞ്ച് വര്‍ഷങ്ങളില്‍ ജീവനക്കാര്‍ ഓഫീസില്‍ ചെലവിടുന്ന സമയം കുറച്ച് കൊണ്ട് വരുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. 2025 ഓടെ തൊഴില്‍ശേഷിയുടെ 25 ശതമാനത്തെ മാത്രം ഓഫീസിലില്‍ഇരുത്തുന്ന രീതിയിലേക്ക് മാറാനാണ് ടിസിഎസിന്റെ ശ്രമം. വിപ്രോയും വീട്ടിലിരിക്കുന്ന ജീവനക്കാരെല്ലാം ഓഫീസിലേക്ക് മടങ്ങി വരേണ്ടതുണ്ടോ എന്ന് വിലയിരുത്തി കൊണ്ടിരിക്കുകയാണ്. 

മുന്‍പ് മാസത്തില്‍ ഏതാനും ദിവസങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്ന ഐടി കമ്പനികള്‍ പോലും ഇനി തങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാത്രം മതിയെന്ന നിലപാടിലാണ്. വര്‍ക്ക് ഫ്രം ഹോം തുടങ്ങിയത് മുതല്‍ ജീവനക്കാരുടെ ഉത്പാദനക്ഷമതയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും പല കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com