ADVERTISEMENT

ലോകം മുഴുവൻ സംസാരിക്കുന്നതു കൊറോണ വൈറസിനെക്കുറിച്ചാണ്. മനുഷ്യർക്കിടയിൽ വല്ലാത്തൊരു ഭീതിയും നെഗറ്റിവിറ്റിയും നിറഞ്ഞിരിക്കുന്നു. പക്ഷേ, നമുക്കിപ്പോൾ പോസിറ്റീവ് ആയി സംസാരിക്കാം. ‌കൊറോണ പഠിപ്പിക്കുന്ന ചില നല്ല പാഠങ്ങളുണ്ട്. കൊറോണ ലോകത്തുനിന്ന് അപ്രത്യക്ഷമായതിനുശേഷവും കൊണ്ടുനടക്കാവുന്ന ചില നല്ല പാഠങ്ങൾ. 

എല്ലാവരും തുല്യർ: കൊറോണ വൈറസ് ലോകത്തെ വമ്പൻമാരെ വരെ കീഴ്‌പ്പെടുത്തിയ വാർത്തകൾ നാം കാണുന്നുണ്ട്. വൈറസിനു പണ്ഡിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ സുന്ദരനെന്നോ വിരൂപനെന്നോ  പ്രമുഖനെന്നോ കുപ്രസിദ്ധനെന്നോ വേർതിരിവില്ല. മതമില്ല, രാഷ്ട്രീയമില്ല, ലിംഗവ്യത്യാസമില്ല. എല്ലാവരും തുല്യരാണെന്ന തിരിച്ചറിവാണു കോവിഡ് നമ്മെ പറയാതെ പഠിപ്പിക്കുന്നത്. ഈ പറഞ്ഞ വേർതിരിവുകൾക്കെല്ലാം അപ്പുറമാണു നാമെന്ന സത്യം തിരിച്ചറിയുകയാണു വേണ്ടത്. ആ ഒത്തൊരുമകൊണ്ടു തന്നെ നമുക്കു വൈറസിനെ തുരത്തിയോടിക്കാം. 

പൈതൃകത്തെ തിരിച്ചുപിടിക്കാം: നാം പിന്തുടർന്ന രീതികൾക്കു കൊറോണ ‘നിരോധനം’ ഏർപ്പെടുത്തിയിരിക്കുന്നു! പരസ്പരം കൈകൊടുക്കാൻ മടിക്കുന്നു, കെട്ടിപ്പിടിക്കാൻ അറയ്ക്കുന്നു. ഇവിടെയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ‘നമസ്‌തേ’യ്ക്കു പ്രസക്തിയേറുന്നത്. നിങ്ങളൊരു അപരിചിതനോ മിത്രമോ ശത്രുവോ എന്നതു പ്രശ്‌നമല്ല, നിങ്ങളെ ഞാൻ മാനിക്കുന്നു എന്നതാണ് തൊഴുകൈകളോടെ അഭിവാദ്യം ചെയ്യുന്നതിന്റെ ആന്തരികാർഥം. അർധമനസ്സോടെയല്ല ഞാനതു ചെയ്യുന്നതെന്നാണ് കൂട്ടിപ്പിടിച്ച കൈകൾ അർഥമാക്കുന്നത്. രണ്ടു കൈകളും, അതായത് എന്റെ മസ്തിഷ്‌കത്തിന്റെ ഇടത്തേ അർധഗോളവും വലത്തേ അർധഗോളവും ഒരുമിച്ച് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്നു സാരം. 

∙നല്ല  തീരുമാനങ്ങൾ: വിവാഹങ്ങൾക്ക് ആർഭാടം വേണ്ട, ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമാക്കുക, ഉത്സവങ്ങളിൽ അമിത ആഘോഷം കുറയ്ക്കുക തുടങ്ങിയവയൊക്കെ കൊറോണക്കാലം മാറിയാലും പാലിക്കാവുന്ന നിർദേശങ്ങളാണ്. വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഇപ്പോൾ നമ്മൾ ഏറെ ശ്രദ്ധാലുക്കളാണ്. കൊറോണ ഭീതി മറികടന്നാലും ഇതു തുടരാം. പണ്ടു വീടിന്റെ പൂമുറ്റത്ത് ഒരു കിണ്ടിയിൽ വെള്ളം വച്ചിരുന്നത് ഓർക്കുമല്ലോ. പുറത്തുനിന്നു വരുന്നവർ കൈകാലുകളും മുഖവും കഴുകിയിട്ടാണ് വീട്ടിലേക്കു പ്രവേശിച്ചിരുന്നത്. ഇത്തരം ശീലങ്ങൾ വ്യക്തിത്വ പരിപാലനത്തിന് ഏറ്റവും അനുയോജ്യമാണെന്നു നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുക. ഒരു വൈറസിനും കീഴടക്കാൻ കഴിയാത്ത ഒരു തലമുറ ഇവിടെ വളരട്ടെ. 

സ്വയം ഉത്തരവാദിത്തം: കുട്ടിക്കാലം മുതൽ സമൂഹത്തോടും ദൈവത്തോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള ഉത്തരവാദിത്തം പഠിപ്പിക്കാൻ ആയിരക്കണക്കിനാളുകളുണ്ട്. എന്നാൽ, അവനവനോടുള്ള ഉത്തരവാദിത്തം ഇതിലൊക്കെ അപ്പുറമാണ്. സത്യവും നീതിയും സ്വനേഹവും ഇവിടെയാണു തുടങ്ങേണ്ടത്. അങ്ങനെയുള്ളവർക്ക് മറ്റുള്ളവരോടുള്ള ഉത്തരവാദിത്തങ്ങൾ താനേ വന്നുകൊള്ളും. നമ്മുടെ ഉത്തരവാദിത്തങ്ങളിലെ വീഴ്ച ഒരു സമൂഹത്തെ എത്രയധികം ബാധിക്കുന്നുവെന്ന് കോവിഡ് രോഗം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. 

∙അന്ധവിശ്വാസങ്ങളെ അകറ്റാം: സ്വയം അമാനുഷികരെന്നു പ്രചരിപ്പിച്ച ആൾദൈവങ്ങളെ കൊറോണക്കാലത്തു കാണാനേയില്ല. മന്ത്രവാദത്തിനും ജപിച്ചുകെട്ടിനുമൊന്നും വൈറസുകളെ ചെറുക്കാനാവില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടായി. ഈ തിരിച്ചറിവ് കൊറോണ കടന്നുപോകുന്നതോടെ ഇല്ലാതാകേണ്ടതല്ല, എക്കാലവും കാത്തുസൂക്ഷിക്കേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com