ADVERTISEMENT

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ ഇടുക്കി ജില്ലയിലെ (കെഎപി–5) സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാൾക്കുപോലും നിയമനമായില്ല. ഈ തസ്തികയുടെ മുൻ ലിസ്റ്റിലെ ഉദ്യോഗാർഥികൾ നൽകിയ കേസ് അനന്തമായി നീളുന്നതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിൽപോലും നിയമനം വൈകിക്കുന്നത്. മറ്റ് ആറു ബറ്റായിലനുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് 3302 പേർക്ക് നിയമന ശുപാർശ ലഭിച്ചിട്ടും ഇടുക്കി ജില്ലയിലെ റാങ്ക് ലിസ്റ്റിന് അനക്കം വച്ചു തുടങ്ങിയിട്ടില്ല. കോടതിയിൽ നിലവിലുള്ള കേസിൽ വിധി വരികയോ പിഎസ്‌സിയുടെ കേന്ദ്ര ഒാഫിസ് പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പ്രത്യേക ഉത്തരവ് നൽകുകയോ ചെയ്താൽ മാത്രമേ ഇടുക്കിയിൽ നിയമനം ആരംഭിക്കാൻ കഴിയൂ.

കേസ് വന്ന വഴി

പൊലീസ് വകുപ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നു ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലയിലെ സിവിൽ പൊലീസ് ഒാഫിസർ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകി. വിവരാവകാശ നിയമ പ്രകാരം പൊലീസ് വകുപ്പിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതിനെ തുടർന്ന് 181 ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ട്രൈബ്യൂണൽ ഉത്തരവായി. 

പൊലീസ് വകുപ്പ് ആദ്യം ഇതിനു തയാറായില്ലെങ്കിലും പിന്നീട് 266 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഒഴിവുകൾ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.  എന്നാൽ ഉദ്യോഗാർഥികൾ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് ഇതിൽ 181 ഒഴിവുകൾ മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു നൽകണമെന്ന് ഉത്തരവായി. പൊലീസ് വകുപ്പ് ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിൽ വിധി വന്നെങ്കിൽ മാത്രമേ നിയമന ശുപാർശ ആരംഭിക്കാൻ കഴിയൂ. അല്ലെങ്കിൽ തർക്കത്തിലായ 181 ഒഴിവുകൾ മാറ്റി വച്ച് ബാക്കി ഒഴിവിൽ നിയമന ശുപാർശ നൽകാൻ കഴിയത്തക്ക രീതിയിൽ കമ്മിഷൻ ഉത്തരവാകണം. ഇതിനുള്ള സാധ്യതയും പിഎസ്‌സിയുടെ ഇടുക്കി ജില്ലാ ഒാഫിസ് തേടുന്നുണ്ട്.    

ഒഴിവുകൾ 468

സിവിൽ പൊലീസ് ഒാഫിസർമാരുടെ 468 ഒഴിവുകൾ പൊലീസ് വകുപ്പ് ഇതിനകം ഇടുക്കി ജില്ലയിൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 266 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 200 ഒഴിവുകൾ കഴിഞ്ഞ ആഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 2 ഒഴിവുകളിൽ പിഎസ്‌സി നിയമന ശുപാർശ തയാറാക്കിയെങ്കിലും പിന്നീട് ഇത് റദ്ദാക്കി. നിയമന ശുപാർശ തയാറാക്കിയത് ഉൾപ്പെടെ ആകെ 468 ഒഴിവുകളാണ് ഇടുക്കി ജില്ലയിൽ ഇപ്പോൾ നിലവിലുള്ളത്. 

റാങ്ക് ലിസ്റ്റിൽ 1426 പേർ 

ഇടുക്കി ജില്ലയിലെ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ 1426 പേരെയാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 985 പേരുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് 441 പേർ. വിവിധ സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 93, എസ്‌സി– 76, എസ്ടി– 67, മുസ്ലിം– 70, ലത്തീൻ കത്തോലിക്കർ– 41, ഒബിസി– 26, വിശ്വകർമ– 21, എസ്ഐയുസി നാടാർ– 14, ഹിന്ദു നാടാർ– 11, എസ്‌സിസിസി– 10, ധീവര– 12. 

കാലാവധി ജൂൺ 30 വരെ

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 30ന് അവസാനിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസംകൂടി നീട്ടി സർക്കാർ ഉത്തരവായിട്ടുണ്ടെങ്കിലും പൊലീസ് റാങ്ക് ലിസ്റ്റിന് ഇതിന്റെ ആനുകൂല്യമില്ല.  മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ മാത്രമാണ് ജൂൺ 19 വരെ നീട്ടിയിരിക്കുന്നത്. നിയമന തട്ടിപ്പും തുടർന്നുള്ള അന്വേഷണങ്ങളും മൂലം നാലു മാസത്തിലധികം പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം തടസ്സപ്പെട്ടിരുന്നു. ഇത്രയും കാലാവധിയെങ്കിലും  നീട്ടി നൽകിയില്ലെങ്കിൽ ലിസ്റ്റിൽ ഉൾപ്പെട്ട ആയിരകണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാവും. 

6 ബറ്റാലിയനിൽ  3302 നിയമന ശുപാർശ

സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് ഇടുക്കി ഒഴികെയുള്ള ആറു ജില്ലകളിൽ/ ബറ്റാലിയനുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 3302 പേർക്ക്. ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ നൽകിയത് തിരുവനന്തപുരം (എസ്എപി) ജില്ലയിലാണ്– 853. ഏറ്റവും കുറവ് നിയമന ശുപാർശ എറണാകുളം (കെഎപി–1) ജില്ലയിൽ– 67. എറണാകുളത്ത് 317 ഒഴിവുകൾ പിന്നീട് റിപ്പോർട്ട് ചെയ്തെങ്കിലും നിയമന ശുപാർശ തയാറാക്കാൻ കഴിഞ്ഞില്ല. സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് വിവിധ ജില്ലകളിൽ/ ബറ്റാലിയനുകളിൽ  നടന്ന നിയമന ശുപാർശ പട്ടികയിൽ.

മുൻ ലിസ്റ്റിൽ നിന്ന് 668 നിയമന ശുപാർശ

ഇടുക്കി ജില്ലയിലെ മുൻ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നടന്നത് 668 നിയമന ശുപാർശ. 21–06–2016ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് അവസാന നിയമന ശുപാർശ നടന്നത് 30–01–2018ലാണ്. ഒാപ്പൺ മെറിറ്റിൽ 640–ാം റാങ്ക് വരെയുള്ള എല്ലാവരും നിയമന ശുപാർശ ചെയ്യപ്പെട്ടു.  ലിസ്റ്റിലെ സംവരണ വിഭാഗങ്ങളിൽപെട്ടവരുടെ നിയമ നവിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 642 വരെ, എസ്‌സി– 666 വരെ, എസ്ടി– സപ്ലിമെന്ററി 8 വരെ, മുസ്ലിം– 706 വരെ, ലത്തീൻ കത്തോലിക്കർ– 686 വരെ, ഒബിസി– 648 വരെ, വിശ്വകർമ– 817 വരെ, എസ്ഐയുസി നാടാർ– 630 വരെ, ഹിന്ദു നാടാർ– 730 വരെ, എസ്‌സിസിസി– 681 വരെ, ധീവര– 667 വരെ.

ജില്ല/ബറ്റാലിയൻ നിയമന ശുപാർശ

തിരുവനന്തപുരം (എസ്എപി) - 853

മലപ്പുറം (എംഎസ്പി) -  585

എറണാകുളം (കെഎപി–1)- 67

തൃശൂർ (കെഎപി–2) - 754

പത്തനംതിട്ട (കെഎപി–3) – 581

കാസർകോട് (കെഎപി– 4)– 462

ആകെ - 3302

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com