ADVERTISEMENT

കോവിഡ് കാലത്തെ വീട്ടിലിരിപ്പിൽ നമ്മളൊക്കെ കുറേക്കാലം പിറകിലേക്കും മുൻപിലേക്കും സഞ്ചരിച്ചു. ഇന്നലെകളിലെ ജീവിതം വീണ്ടും ആസ്വദിച്ചു. നാളെകളിലെ ജീവിതത്തെക്കുറിച്ചാലോചിച്ചു തലപുകച്ചു. 

1132962624

നാളെയെക്കുറിച്ചുള്ള ചിന്തകളിൽ ഏറെ അലട്ടുന്ന കാര്യമാണ് പരിസ്ഥിതി സംബന്ധമായ മാറ്റങ്ങൾ. പ്രകൃതി ദുരന്തങ്ങൾ ഇന്നു ലോകമെങ്ങും ദിനചര്യയായി മാറിയിരിക്കുന്നു. ആറു ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ കാർബൺ ബഹിർഗമന വർഷമായി 2019 നെ ഗവേഷകർ കണ്ടിരുന്നു. അമിതമായ പ്ലാസ്റ്റിക് ഉപയോഗം, പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ എന്നിവയൊക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിച്ചു. മനുഷ്യന്റെ സ്വാർഥതയ്ക്കനുസരിച്ചു പ്രകൃതിയെ മാറ്റിവരച്ചപ്പോൾ പ്രകൃതി പ്രതികരിക്കാൻ തുടങ്ങി എന്നതല്ലേ സത്യം? 

സാക്ഷരതയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ ഏറെ മുന്നിലാണു നാം കേരളീയർ. ഏറ്റവും ഒടുവിൽ കൊറോണ ഭീതി പടർന്നപ്പോഴും ആരോഗ്യത്തിലും വൃത്തിയിലുമുള്ള നമ്മുടെ കരുതലുകളാണല്ലോ ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടത്? നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണത്തിൽ ആ മികവ് നമുക്കു നിലനിർത്താൻ കഴിയുന്നില്ല. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു നമ്മൾ സ്വാർഥരാകുമ്പോൾ, നാടിന്റെ ഭാവി ചോദ്യചിഹ്നമാകുന്നു. 

പാടം നികത്തിയാലും കുന്നിടിച്ചാലും മണൽ വാരി പുഴ നശിച്ചാലും കാടു വെട്ടിയാലും മാലിന്യക്കൂമ്പാരങ്ങൾ കുന്നുകൂടിയാലും എനിക്കു പ്രശ്നമൊന്നുമില്ല എന്ന കാഴ്ചപ്പാടാണു മാറേണ്ടത്. ഇത് എന്റെ മാത്രം പ്രശ്നമല്ല, മാനവരാശിയുടെയാകെ പ്രശ്നമാണെന്നു കരുതി ഭൂമിയെ സംരക്ഷിക്കാൻ ഇനിയെങ്കിലും നാം തയാറായില്ലെങ്കിൽ ഇനിയുള്ള തലമുറകൾക്ക് ഇവിടം വാസയോഗ്യമല്ലാതായി മാറും. 

CLIMATE-CHANGE/UN

പരിസ്ഥിതിക്കു കോട്ടം തട്ടുന്നതുമൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളിൽ മനംനൊന്തു ശബ്ദമുയർത്തിയതിലൂടെ ലോകമെങ്ങും ശ്രദ്ധ നേടിയ ഗ്രേറ്റ ട്യൂൻബർഗ് എന്ന പതിനാറുകാരി സ്വീഡിഷ് വിദ്യാർഥിനിയെ നമുക്കെല്ലാമറിയാം. തന്റെ മുന്നിലൂടെ കടന്നുപോയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ഗ്രേറ്റ ഉന്നംവച്ച ആ ജ്വലിക്കുന്ന നോട്ടത്തിന്റെ തീക്കനൽ മറക്കാറായിട്ടില്ല. ഒരു സമരം നയിക്കാനുള്ള പ്രായംപോലുമാകാതെ, കൗമാരത്തിന്റെ സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട ഗ്രേറ്റ കാലാവസ്ഥാ വ്യതിയാനം തടയാൻ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കളെ രൂക്ഷമായി വിമർശിച്ചാണു ശ്രദ്ധ നേടിയത്. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂൾ ഒഴിവാക്കി കാലാവസ്ഥയ്ക്കുവേണ്ടി പ്ലക്കാർഡുമായി തെരുവിലിറങ്ങിയിരിക്കുകയാണ് പെൺകുട്ടി. 

ഈ ചെറുപ്രായത്തിലേ ആ കണ്ണുകളിൽ ഒരു നിശ്ചയദാർഢ്യത്തിന്റെ തിളക്കമുണ്ട്. നാടിന്റെ പ്രതീക്ഷ ഇത്തരത്തിലുള്ള കുട്ടികളിലാണ്. കരുത്തുറ്റ തീരുമാനങ്ങളുമായി നല്ലൊരു നാടിനെ പുനഃസൃഷ്ടിക്കാൻ അവർക്കു കഴിയും. അല്ല, അവർക്കേ കഴിയൂ. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ നമ്മുടെ കൊച്ചുകേരളത്തിലുമുണ്ടാകണം ഗ്രേറ്റമാർ. ഈ ഭൂമിയിൽ സ്വച്ഛമായി ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ, അവരെ തിരുത്താൻ, അതൊരു ആരവമായി പടരാൻ നമ്മുടെ കുട്ടികൾക്കുകൂടി കഴിയട്ടെ. അതിനു ശക്തിയേകാൻ നമുക്കവരെ പിന്തുണയ്ക്കാം. 

English Summary : Motivational Column Magic Lamp by Magician Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com