ഇന്നവള്‍ സബ് കലക്ടര്‍, പിന്നെയും എന്തിനാണ് ജാതികൊണ്ട് അളക്കുന്നത്?; കുറിപ്പ്

sreedhanya_family
SHARE

ശ്രീധന്യ സുരേഷ് എന്ന വയനാട്ടുകാരിയെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ് നാട്. പരിതിമിതികളോട് പടവെട്ട് ഉയരങ്ങള്‍ കീഴടക്കിയ പെണ്‍കൊടി ഇന്ന് കോഴിക്കോട് സബ് കലക്ടറാണ്. നേട്ടങ്ങളെ കിരീടത്തിലെ പൊണ്‍തൂവലാക്കി മുന്നോട്ടു പോകുമ്പോഴും ചിലര്‍ ശ്രീധന്യയുടെ ജാതിയും കുലവും ഗോത്രവും തിരയുകയാണ്. അത്തരക്കാര്‍ക്കെതിരെ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മനോജ് വെള്ളനാട്. ഫെയ്‌സ്ബുക്കിലൂടെയാണ് മനോജിന്റെ രോഷക്കുറിപ്പ്.

കുറിപ്പിന്റെ പൂർണ രൂപം

ശ്രീധന്യ സുരേഷ് IAS എന്ന വയാനാട്ടുകാരി പെൺകുട്ടി ഇന്നെല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതപരിസരങ്ങൾ എത്ര മോശമായതാണെങ്കിലും ഏതൊരാൾക്കും വിചാരിച്ചാൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നാണ് സിവിൽ സർവീസ് എന്ന് തെളിയിച്ച പെൺകുട്ടിയാണ്. സിവിൽ സർവ്വീസ് എന്നല്ലാ, മനസുണ്ടെങ്കിൽ എന്തും നേടാനാവും എന്നതാണ് ശ്രീധന്യയുടെ വിജയം നൽകുന്ന യഥാർത്ഥ പാഠം.

ഒരുപാട് പേർ ഈ നേട്ടത്തിൽ ശ്രീധന്യയെ അഭിനന്ദിച്ചു കണ്ടു. വളരെ ആത്മാർത്ഥമായി തന്നെയാണ് എല്ലാവരും ആ കുട്ടിയെ അഭിനന്ദിക്കുന്നത്.

പക്ഷെ, അവിടെയെന്തിനാണ് നിങ്ങൾ അവളൊരു ആദിവാസി പെൺകുട്ടിയെന്ന് വീണ്ടും വീണ്ടും എടുത്തു പറഞ്ഞ് അഭിനന്ദിക്കുന്നത്? ജാതിയുടെ ബാക്ഗ്രൗണ്ടിലല്ലാതെ തന്നെ അവൾ താണ്ടിയ വഴികളെ നിങ്ങൾക്ക് ബഹുമാനത്തോടെ കാണാൻ കഴിയില്ലേ..? സമാനമായ സാഹചര്യത്തിൽ നിന്നും സമാനമായ പൊസിഷനിലെത്തുന്ന ഒരു നായർ സമുദായക്കാരനെ നിങ്ങൾ ജാതി പറഞ്ഞ് അഭിനന്ദിക്കുമോ? ഇല്ലല്ലോ.. പിന്നെന്തിനാണ് ശ്രീധന്യയ്ക്ക് നിങ്ങളിപ്പാഴും ജാതിവാൽ തുന്നിക്കൊടുക്കുന്നത്..?

ശരിയാണ്. ശ്രീധന്യ ആദിവാസി സമുദായമാണ്. കേരളത്തിലെ ആദ്യ ആദിവാസി IAS കാരിയാണ്. അക്കാര്യങ്ങൾ നമ്മൾ റാങ്ക് ലിസ്റ്റ് വന്നപ്പോഴേ ആഘോഷിച്ചതാണ്. ഇന്നവൾ ഒരു ജില്ലയുടെ അസിസ്റ്റൻ്റ് കളക്റ്ററാണ്. നാളെ കളക്റ്ററും പല വകുപ്പുകളുടെ ഡയറക്റ്ററും സെക്രട്ടറിയും തുടങ്ങി പല പൊസിഷനുകളിലും എത്തും. അപ്പോഴും നിങ്ങളവളെ അഭിനന്ദിക്കും, ആ വലിയ കസേരയിലെത്തിയ ആദിവാസി പെണ്ണ് എന്ന് പറഞ്ഞു തന്നെ. അല്ലെ, അങ്ങനെയല്ലേ സംഭവിക്കുക.

അവർ ആ ജാതിയിൽ തുടരണോ, നാളെ മുതൽ ജാതിയും മതവുമില്ലാതെ ജീവിക്കണോ എന്നതൊക്കെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തേ പറ്റൂ. ജീവിതത്തിലെ ഏറ്റവും കഠിനമായ വഴികളെ അത്രയും ഇച്ഛാശക്തിയോടെ കടന്നുവന്ന ഒരു പെൺകുട്ടിയാണവൾ. നിസാരകാര്യമല്ലാ. അവൾ അഭിനന്ദിക്കപ്പെടേണ്ടത് ആ ആത്മാർപ്പണത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പേരിലാവണം.

നൂറുസിംഹാസനങ്ങളുടെ ചക്രവർത്തിയായാലും കീഴ്ജാതിക്കാരൻ കീഴ്ജാതിക്കാരനായി തന്നെ തുടരണമെന്ന നമ്മുടെ പൊതുബോധമാണ് ഇവിടെയും പ്രവർത്തിക്കുന്നത്. അതെത്രത്തോളം ഹീനമാണെന്നോ, അത് തെറ്റാണെന്നോ ഉള്ളിലെ സവർണതയുടെ കനം കാരണം നമ്മൾ തിരിച്ചറിയുന്നില്ലാന്ന് മാത്രം.

ഓരോ മലയാളിയും ജയമോഹൻ്റെ 'നൂറുസിംഹാസനങ്ങൾ' ഒരു നൂറുവട്ടമെങ്കിലും വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നിട്ടാ കുട്ടിയുടെ നേട്ടത്തെ നോക്കിക്കാണണം.

വയനാട്ടിലെ ഒരു കുഗ്രാമത്തിൽ, വിദ്യാഭ്യാസമില്ലാത്ത അച്ഛനമ്മമാർക്ക്, ഭൗതിക സാഹചര്യങ്ങളൊന്നുമില്ലാത്ത കുടുസു വീട്ടിൽ പിറന്ന ഒരു പെൺകുട്ടിക്ക് കളക്റ്ററാവാൻ ആഗ്രഹം തോന്നുന്നു. അവൾ പിന്നെ നിരന്തരം അതിനായി ശ്രമിക്കുന്നു. ഒടുവിൽ നിരവധി പരീക്ഷകളും പരീക്ഷണങ്ങളും കടന്ന് ആ വലിയമല കീഴടക്കുന്നു. എല്ലാ സൗകര്യവും പിന്തുണയുമുള്ളവർ പോലും പരാജയപ്പെടുന്ന ആ മലകയറ്റം, ഒരു പെൺകുട്ടി ഒറ്റയ്ക്ക് വിജയിച്ചതിനാണ് അവളെ അഭിനന്ദിക്കേണ്ടത്. ഇനി അവളുടെ ജാതിയെ പ്രതി അവൾക്കഭിമാനിക്കാൻ തോന്നിയാൽ അതവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെയത് നിങ്ങളായിട്ട് ഇംപോസ് ചെയ്ത് കൊടുക്കേണ്ടതില്ലാ..

ഓ, ഈ സിവിൽ സർവ്വീസൊക്കെ സംവരണം ഉള്ളതുകൊണ്ട് കിട്ടിയതല്ലേ എന്ന് കമൻറ് ചെയ്യാൻ മുട്ടുന്നവർ ഓർക്കണം, 410 ആയിരുന്നു ആ റാങ്ക് ലിസ്റ്റിൽ ശ്രീധന്യയുടെ സ്ഥാനം. ആ കടമ്പ കടന്ന ശേഷമേ സംവരണം കടന്നുവരൂ..

എന്തായാലും, കോഴിക്കോട് ജില്ലാ അസിസ്റ്റൻറ് കളക്റ്ററാകുന്ന ശ്രീധന്യ സുരേഷ് IAS-ന് എൻ്റെ വകയും ഹൃദ്യമായ ആശംസകൾ.. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA