ADVERTISEMENT

പിഎസ്‌സി പ്രസിദ്ധീകരിച്ച എക്സൈസ്   ഡ്രൈവർ  റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വൻ കുറവ്. 14 ജില്ലകളിലും ഈ തസ്തികയ്ക്ക് റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഇതുവരെ നടന്നത് 53 നിയമന ശുപാർശ മാത്രം. വിവിധ ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ  937 പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ ഇവരിൽ എത്ര പേർക്ക് നിയമനം ലഭിക്കുമെന്ന് കാത്തിരുന്നു കാണണം. 

ദീർഘകാല പ്രവൃത്തി പരിചയമുള്ളവരും ഇനിയൊരു പിഎസ്‌സി പരീക്ഷ എഴുതാൻ പ്രായപരിധി അവസാനിക്കാത്തവരുമാണ് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും. എക്സൈസ് വകുപ്പിലെ ജോലിഭാരത്തിനനുസരിച്ച്  തസ്തിക സൃഷ്ടിച്ചില്ലെങ്കിൽ ഇവരുടെ സാധ്യതകൾ അസ്തമിക്കും. 

വേഗം കണ്ടെത്താനാകാതെ എക്സൈസ് വകുപ്പ്
ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ ബെവ്കോ ഒൗട്ട്ലെറ്റുകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ വ്യാജ വാറ്റും മറ്റു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വർധിച്ചു. എന്നാൽ ഇതു തടയുന്നതിനാവശ്യമായ വാഹനങ്ങളോ ഡ്രൈവർമാരോ എക്സൈസ് വകുപ്പിനില്ല. ഭൂരിഭാഗം എക്സൈസ് ഒാഫിസിലും ഒാരോ ഡ്രൈവർമാരാണുള്ളത്. 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം ഈ ഡ്രൈവർ പോയാൽ അടുത്ത ദിവസമേ എത്തൂ. അങ്ങനെ വരുമ്പോൾ 16 മണിക്കൂർ ഒാഫിസിൽ ഡ്രൈവർമാരില്ലാത്ത അവസ്ഥ. ഡ്രൈവർമാരുടെ അഭാവത്തിൽ ലൈസൻസുള്ള മറ്റു ജീവനക്കാരാണ്  വണ്ടി ഓടിക്കുന്നത്. എന്നാൽ വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒാടിച്ച ആൾ വിശദീകരണം നൽകേണ്ടി വരുമെന്നതിനാൽ മറ്റു ജീവനക്കാർക്ക് ഡ്രൈവിങ് ജോലി ചെയ്യാൻ താൽപര്യം കുറവാണ്. പല എക്സൈസ് ഒാഫിസുകളിലും രണ്ടു വാഹനത്തിന് ഒരു ഡ്രൈവറേയുള്ളൂ. വകുപ്പിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുണ്ട്. 

സ്ട്രൈക്കിങ് ഫോഴ്സും മുടന്തുന്നു
എക്സൈസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിമുക്തി മിഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി രൂപീകരിച്ചതാണ് സ്ട്രൈക്കിങ് ഫോഴ്സ് എന്ന നിരീക്ഷണ സംവിധാനം. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഒരു വാഹനവും നാലു ജീവനക്കാരെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ദിവസേന രണ്ടു ഡ്യൂട്ടിയിലായി മുഴുവൻ സമയവും സംഘം നിരത്തിലുണ്ടാവണമെന്നാണ് വ്യവസ്ഥയെങ്കിലും തുടക്കത്തിലെ ആവേശമൊന്നും ഇപ്പോഴില്ല. 

24 മണിക്കൂർ പട്രോളിങ് നടത്താൻ ഒരു ജില്ലയിൽ ഒരു വാഹനം പോരാ. നാലെണ്ണമെ ങ്കിലും വേണ്ടിവരുമെന്ന് ജീവന ക്കാർതന്നെ വ്യക്തമാക്കുന്നു. അതിനനുസരിച്ച് ഡ്രൈവർമാരും വേണം. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനാൽ എക്സൈസ് വകുപ്പിന്റെ ഇത്തരം സേവനങ്ങൾ വേണ്ടവിധം നടപ്പാകുന്നില്ല.

റാങ്ക് ലിസ്റ്റിൽ 937 പേർ
എക്സൈസ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലുമായി 937 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിട്ടുള്ളത്.  4–09–2019 നാണ് ലിസ്റ്റുകൾ നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 629 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 308 പേർ. ഇതുവരെ 53 പേർക്കു മാത്രമേ ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ ലഭിച്ചിട്ടുള്ളത് കൊല്ലം ജില്ലയിലാണ്– 9. ഏറ്റവും കുറവ് നിയമനം വയനാട്ടിൽ– 1. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ ഒഴികെ ഒരു ജില്ലയിലും അഞ്ചു പേർക്ക് തികച്ച് നിയമന ശുപാർശ ലഭിച്ചിട്ടില്ല.  പത്തനംതിട്ടയിൽ രണ്ടു പേർക്ക് നിയമന ശുപാർശ നൽകിയതായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ ഒരാൾക്കു മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ. ആദ്യ ഒഴിവ് 24–07–2015ലെ ടിപിഒ (ടെമ്പററി പാസ് ഒാവർ) ആയി വിശ്വകർമ സമുദായത്തിനു ലഭിക്കേണ്ടതാണ്. നിലവിലുള്ള ലിസ്റ്റിൽ ഈ വിഭാഗക്കാർ ഇല്ലാത്തതിനാൽ എൻസിഎ വിജ്ഞാപനത്തിനായി ഈ ഒഴിവ് മാറ്റിവച്ചു.

Excise-Driver

 


English Summary : Kerala PSC Excise driver appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com