sections
MORE

നേരേ വാ നേരേ പോ ശൈലിയാണോ? എങ്കിൽ ചിലത് ശ്രദ്ധിക്കാനുണ്ട്

Tension
SHARE

നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ജറോം വൈഡ്മന്റെ (1913–98) അനുഭവം. ജനസേവനതല്പരയായ പ്രശസ്തവനിതയുടെ ക്ഷണം സ്വീകരിച്ച് അത്താഴവിരുന്നിനെത്തി. കേൾവി തീരെക്കുറവായിരുന്നെങ്കിലും അത്താഴത്തിനു ശേഷം നടന്ന സംഗീതക്കച്ചേരി കേട്ട് ശ്രോതാക്കളോടൊപ്പം കൈയടിച്ചു. വലതുകാതിൽ മൃദുസ്വരത്തിലൊരു ചോദ്യം : ‘ബാഖിന്റെ കൃതികൾ ഇഷ്ടമാണല്ലേ?’ പ്രശസ്ത ജർമ്മൻ സംഗീതജ്ഞനായ ജൊഹാൻ സെബാസ്റ്റ്യൻ ബാഖിന്റെ (1685–1750)  കൃതി തീർന്നപ്പോഴായിരുന്നു ഹർഷാരവം. വൈഡ്മന് ബാഖിനെപ്പറ്റി  ഒരു ചുക്കും അറിയില്ലായിരുന്നു. താല്പര്യമില്ലെന്നു തുറന്നുപറഞ്ഞു. തന്റെ കേൾവിക്കുറവിനെപ്പറ്റിയും.

ചോദ്യകർത്താവ് വൈഡ്മനെ കൂട്ടി മുകൾനിലയിലേക്കു പോയി. അക്കാലത്തെ പ്രശസ്ത ജനപ്രിയഗായകനായ ബിങ് ക്രോസ്ബിക്കപ്പുറം തന്റെ സംഗീതാരാധന എത്തില്ലെന്നു വൈഡ്മൻ സൂചിപ്പിച്ചു. ബിങ് ക്രോസ്ബിയിൽ തുടങ്ങി പടിപടിയായി പലരുടെയും ഗാനങ്ങളും, തുടർന്ന് ഉപകരണസംഗീതത്തിന്റെ മാതൃകകളും ഗ്രാമഫോണിലൂടെ അതിവേഗം ക്രമത്തിൽ കേൾപ്പിച്ച് വൈഡ്മനെക്കൊണ്ടു രസിച്ചുമൂളിച്ചു. 

‘ബാഖിന്റെ സംഗീതം ആസ്വദിക്കാനുള്ള നിലയെത്തി ഇനി നമുക്കു താഴോട്ടു പോകാം’ എന്നു പറഞ്ഞ് വിരുന്നുകാരുടെ ഇടയിലെത്തിച്ചു. തുടർന്ന് വൈഡ്മൻ ബാഖ്സംഗീതം ആസ്വദിച്ചു. ആരായിരുന്നു അപരിചിതനായ വൈഡ്മനുവേണ്ടി ഇത്രയും ക്ലേശിച്ചത്? അതിസങ്കീർണമായ കണക്കുകൂട്ടലുകൾക്കിടയിൽ സ്വയംസാന്ത്വത്തിനു വേണ്ടി വയലിൻ  വായിക്കാറുള്ള സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റൈൻ. ‘കച്ചേരി മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല, അല്ലേ?’ എന്ന് യാത്രയയ്ക്കാൻ നേരത്ത് ആതിഥേയ ചോദിച്ചു. ‘മനുഷ്യനു കഴിയുന്ന മഹാപ്രയത്നത്തിൽ ഞങ്ങളിരുവരും ഏർപ്പെടുകയായിരുന്നു’ എന്നായിരുന്നു  ഐൻസ്റ്റൈന്റെ മറുപടി.

മഹാമനുഷ്യന്റെ ഉദാത്തമായ ഔചിത്യത്തിന്റെ ഉദാഹരണം. എത്ര ഉദാരമായ സമീപനമായിരുന്നു അത്? ഇനി മറ്റൊന്നു കേൾക്കുക. വരുംതലമുറയെക്കുറിച്ചുള്ള സെമിനാറിൽ യേൽ സർവകലാശാലയിലെ പ്രഫസർ നീട്ടി പ്രസംഗിച്ചു. തന്റെ സർവകലാശാലയുടെ പേരിലെ അക്ഷരങ്ങളെ ആശ്രയിച്ചുള്ള ഗുണങ്ങൾ പുതുതലമുറയ്ക്കു വേണമെന്ന വാദമാണ് അവ‌തരിപ്പിച്ചത്. യുവത്വത്തിന്റെ ചുറുചുറുക്ക്, ജാഗ്രത, കൂറ്, കാര്യക്ഷമത (YALE : Youthfulness, Alertness,  Loyalty, Efficiency) എന്നിവ. പക്ഷേ പിന്നീടുള്ള  പ്രഭാഷകരുടെ സമയം കവർന്നെടുക്കുന്ന അനൗചിത്യമാണ് ആ പ്രഫസർ കാട്ടിയത്.  രസികനായ അദ്ധ്യക്ഷൻ സൂചിപ്പിച്ചു, അടുത്ത പ്രഭാഷകൻ  MASSACHUSETTS സർവകലാശാലയിൽ നിന്നാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്.നിത്യജീവിതത്തിൽ കൊടിയ വകതിരിവുകേട് കാട്ടുന്നവരുണ്ട്. ശോകമൂകമായ അന്തരീക്ഷം തളംകെട്ടിനിൽക്കുന്ന മരണവീടുകളിൽ രാഷ്ട്രീയചർച്ച മുതൽ പൊട്ടിച്ചിരി വരെ നിയന്ത്രിക്കാനാകാത്തവർ. ജനജീവിതത്തിന്റെ അവിഭാജ്യഭാഗമായ വാർത്തകൾ ശേഖരിച്ച് നിമിഷങ്ങൾക്കകം നമ്മുടെ മുറികളിലെത്തിക്കുന്ന ടെലിവിഷൻ റിപ്പോർട്ടർമാർ മികച്ച സേവനമാണ് നല്കുന്നത്. പക്ഷേ അപകടമരണത്തിൽപ്പെട്ടവരുടെ അടുത്ത ബന്ധുക്കളോട് തീവ്രവേദനയുടെ നേരത്ത് ഔചിത്യമില്ലാതെ ആവർത്തിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരുമുണ്ട്. ജോലിയോടുള്ള ആത്മാർത്ഥത കാരണം ചാനൽമത്സരത്തിന്റെ തിരക്കിൽ ചുറ്റുപാടു മറന്ന് അവർ അങ്ങനെ ചോദിച്ചുപോകുന്നതാകാം. എങ്കിലും  പിടയുന്ന മനസ്സിനു നേർക്ക് മൈക്ക് നീട്ടുന്നത് അനൗചിത്യമല്ലേ എന്നും ചിന്തിക്കണ്ടേ?

ഉദ്യോഗസമ്പാദനത്തിനുള്ള ഇന്റർവ്യൂസങ്കേതങ്ങൾ വിവരിക്കുന്ന ബ്രിട്ടീഷ് ഗ്രന്ഥങ്ങളിൽ ഉദ്യോഗാർത്ഥി ഇന്റർവ്യൂവേളയിൽ ചെയ്തുകൂടാത്ത പലതും വായിച്ചു. മദ്യപിച്ചെത്തരുത്, പുകവലിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ. നമ്മുടെ നാട്ടിൽ ഇത് അപ്രസക്തമാണെന്നു തോന്നി. പക്ഷേ പിന്നീട് കേരള പി‌എസ്‌സി ഇന്റർവ്യൂ ബോർഡിലിരിക്കെ, മദ്യപിച്ച് നാക്കു കുഴയുന്ന നിലയിൽ വന്ന യുവാവിനെ കാണാനിടയായി. കിട്ടാമായിരുന്ന ജോലി അതിരറ്റ അനൗചിത്യം മൂലം നഷ്ടമാക്കിയത് ദുഃഖത്തോടെയാണ് മുതിർന്ന ബോർഡംഗങ്ങൾ കണ്ടത്.

മലയാളത്തിലെ പ്രശസ്തകവികളുടെ സിനിമാഗാനങ്ങൾക്ക് ഈണംപകർന്ന അനുഗൃഹീതസംഗീതസംവിധായകനോട് ബാലേയ്ക്കു വേണ്ടി സംഗീതം പകരാൻ ആവശ്യപ്പെട്ടു. ഏതാനും വരികൾ അദ്ദേഹത്തെ ഏൽപ്പിച്ചു. ഭാവനയോ കാവ്യഗുണമോ തൊട്ടുതെറിച്ചില്ലാത്ത മുരടൻവരികൾക്ക് രാഗം പകർന്ന് ആസ്വദിക്കാൻ ശ്രമിച്ച അദ്ദേഹം തീർത്തും പരാജയപ്പെട്ടു. പകരം, അന്നത്തെ പത്രവാർത്തയിലെ ചില വരികൾക്കു സംഗീതം പകർന്ന് ബാലേ നടത്തിപ്പുകാൻ വന്നപ്പോൾ കേൾപ്പിച്ചു. നിർജ്ജീവമായ വരികൾ ഗാനമാക്കാൻ മികച്ച കലാസിദ്ധിയുള്ള പ്രമുഖസംഗീതജ്ഞനോട് ആവശ്യപ്പെട്ടത് വലിയ അനൗചിത്യമായി.

വേണ്ട നേരത്ത് വേണ്ടത് ചെയ്യുകയും വേണ്ടാത്തത് ചെയ്യാതിരിക്കുകയും ആണ് ഉചിതം. സ്വാഭിപ്രായം മാത്രം നോക്കിയാൽ പോരാ, ബന്ധപ്പെട്ടവരുടെ ചിന്തയും വികാരവും പരിഗണിക്കുകയും വേണം. സാങ്കേതികമായോ നിയമപരമായോ ശരിയായ കൃത്യം അന്യരുടെ ഹൃദയം തകർക്കാൻ ഇട വന്നേക്കുമെങ്കിൽ, അത് ഉപേക്ഷിക്കുന്നതാണ് ഔചിത്യം. അച്ഛനമ്മമാരോ, പഠിപ്പിച്ച  അദ്ധ്യാപകനോ, ഉദ്യോഗസ്ഥലത്തെ മേലാവോ തെറ്റു പറയാനിട വന്നാൽ മുഖത്തടിച്ച പോലെ തെറ്റ് ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്നത് ഔചിത്യമാകുമോ?

ചൈനീസ് ദാർശനികൻ കൺഫ്യൂഷസ് പറഞ്ഞു : ‘നേരേ വാ നേരേ പോ എന്ന മട്ട് ഔചിത്യമില്ലാതെ പ്രയോഗിച്ചാൽ മര്യാദകേടാകാം.’ അടക്കവും ഒതുക്കവും പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും ബാല്യത്തിലേ ശീലിപ്പിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണ്ടേ? ചെറിയ സന്തോഷത്തിൽപ്പോലും ആർത്തട്ടഹസിക്കുന്നതും സങ്കടത്തിൽ കോപംകൊണ്ടു ജ്വലിക്കുന്നതും അനൗചിത്യമാവും. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്നതാണ് മാന്യമായ രീതി. സത്യങ്ങളെല്ലാം എപ്പോഴും വിളിച്ചുപറയണമെന്നില്ലെന്നതും മനസ്സിൽ വയ്ക്കാം.

പെരുമാറ്റത്തിലെ ഔചിത്യവും അന്യരോടുള്ള പരിഗണനയുമാണ് മാന്യതയുടെ മുഖ്യലക്ഷണങ്ങൾ എന്ന് ബഞ്ചമിൻ ഡിസ്രായേലി. ‘ഔചിത്യമെന്തെന്ന് ആദ്യം പഠിക്കുക. അതാകട്ടെ വഴികാട്ടുന്ന ധ്രുവനക്ഷത്രം’ എന്ന് പണ്ഡിതകവി സി എസ് കാൽവെർലി (1831-1884). 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA