sections
MORE

ഗെയിം ചെയ്ഞ്ചർ: ലോകം മാറ്റിമറിച്ച കുട്ടികളെ പരിചയപ്പെടാം, സ്വയം മാറാം

game-changer_nuthan_manohar
SHARE

എല്ലാ വർഷവും മധ്യവേനലവധിക്കാലം കുട്ടികൾ കാത്തിരിക്കാറുണ്ട്. പത്തുമാസം നീളുന്ന സ്കൂൾ പഠനത്തിന് ചെറിയൊരു ഇടവേളയെടുത്തു മനസും ശരീരവും റീചാർജ് ചെയ്യാനുള്ള കാലമാണ് പലർക്കും അവധിക്കാലം. എന്നാൽ ഇത്തവണ പരീക്ഷ പോലും മാറ്റിവച്ചുകൊണ്ടാണ് അവധിക്കാലം എത്തിയത്. പതിവിൽ നിന്നു വ്യത്യസ്തമായി പുറത്തിറങ്ങി ആഘോഷിക്കാനുള്ള സാധ്യതകൾ കോവിഡ് 19ന്റെ വ്യാപനത്തോടെ ഇല്ലാതായി. അതോടെ വീടിന്റെ നാലു ചുവരുകൾക്കുള്ളിലായി കുട്ടികൾ. അവധിക്കാല യാത്രകളില്ല... പുറത്ത് പോയി ഭക്ഷണം കഴിക്കലില്ല, സിനിമയില്ല, പാര്‍ക്കില്ല. സ്വാഭാവികമായും കുട്ടികൾ പ്രശ്നത്തിലാകും. ഇത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യുകയാണ് പൊലീസും മീ മെറ്റ് മീ യോഗ സ്റ്റുഡിയോയും സംയുക്തമായി നടപ്പാക്കുന്ന ഗെയിം ചെയ്ഞ്ചർ എന്ന ഓൺലൈൻ പരിശീലന പരിപാടി. എറണാകുളം ജില്ലയിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾക്കായി ആരംഭിച്ച ഈ പരിശീലന പരിപാടി തിരഞ്ഞെടുക്കപ്പെടുന്ന മറ്റു വിദ്യാർത്ഥികൾക്കും ലഭ്യമാണ്. 

എന്താണ് ഗെയിം ചെയ്ഞ്ചർ?

ലോകം മാറ്റിമറിച്ച കുട്ടികളെ പരിചയപ്പെടുത്തുകയാണ് ഗെയിം ചെയ്ഞ്ചർ. കഥകളിലൂടെ കുട്ടികളുമായി സംവദിക്കുന്ന രീതിയാണ് ഈ പരിശീലന പരിപാടി അവലംബിക്കുന്നത്. ഒരു സാധാരണ കുട്ടി എങ്ങനെയാണ് ഹീറോ ആയി മാറുന്നത് എന്നു വിവരിക്കുന്നു. ഒരു കുട്ടിക്ക് സമൂഹത്തിൽ എന്തു മാറ്റമാകും വരുത്താൻ സാധിക്കുക എന്ന സ്വാഭാവിക ചോദ്യത്തിനുള്ള ഉത്തരം സമൂഹത്തിൽ അത്തരം മാറ്റങ്ങൾ സാധ്യമാക്കിയ കുട്ടികളുടെ ജീവിതങ്ങൾ പരിചയപ്പെടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കണ്ടെത്താൻ കഴിയുന്നു. മലാല, ഗ്രേറ്റ തുടങ്ങിയ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കുട്ടിപ്പോരാളികളുടെ ജീവിതകഥകളാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്. സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങാനുള്ള ഊർജ്ജം കുട്ടികൾക്കു ലഭിക്കുന്നു. അതിനൊപ്പം, ഇത്തരം പരിശ്രമങ്ങളുമായി ഇറങ്ങിത്തിരിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ജാഗരൂകരാകാനുള്ള നിർദേശവും ഗെയിം ചെയ്ഞ്ചർ നൽകുന്നുണ്ട്. 

എങ്ങനെ പങ്കെടുക്കാം?

ഓൺലൈൻ പ്ലാറ്റ്ഫോമായ വെബെക്സ് വഴിയാണ് പരിശീലന ക്ലാസുകൾ നടക്കുന്നത്. സംഘാടകർ നൽകുന്ന പ്രത്യേക ലിങ്ക് വഴി ഓൺലൈനായി ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. എല്ലാ ദിവസവും രാവിലെ 11 മണിക്ക് ലൈവ് ആയാണ് ക്ലാസുകൾ നടക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് വീട്ടിലിരുന്ന് ഇതിൽ പങ്കെടുക്കാം. ചാറ്റിലൂടെയും മറ്റും കുട്ടികളുമായി നേരിട്ട് സംവദിച്ചാണ് പരിശീലനം പുരോഗമിക്കുന്നത്. 40 മിനിറ്റ് നീളുന്ന സെഷനാണ് ഓരോ ദിവസവും ഉണ്ടാകുക. 'മീ മെറ്റ് മീ വെൽനസ് സൊല്യൂഷൻസ്' സ്ഥാപക നൂതന്‍ മനോഹറാണ് ക്ലാസുകൾ നയിക്കുന്നത്. തികച്ചും സൗജന്യമായാണ് ഈ പരിശീലന പരിപാടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് അവരുടെ സ്കൂളുമായി ബന്ധപ്പെട്ടാൽ ഈ പരിശീലനപരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.  

game_changer

ലഭിക്കുന്നത് മികച്ച പ്രതികരണം

എറണാകുളം എ.സി.പി ടി.ആർ രാജേഷാണ് ക്രിയാത്മകമായ ആശയത്തിനു പിന്നിൽ. ആ ആശയത്തിന് രൂപവും ജീവനും നൽകുകയായിരുന്നു നൂതൻ മനോഹർ. സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾക്കു വേണ്ടി ആരംഭിച്ച പരിശീലന പരിപാടിയിൽ ഇപ്പോൾ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു കഴിഞ്ഞു. അഞ്ചു ഘട്ടങ്ങളാണ് ഈ പരിശീലന പരിപാടിയിലുള്ളത്. വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ പരിശീലനം എറണാകുളം ജില്ലയിലെ എല്ലാ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ കൂടുതൽ സ്കൂളുകൾ ഇതിനായി മുൻപോട്ടു വരുന്നുണ്ട്. സാങ്കേതികമായുള്ള വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ കുട്ടികളിലേക്ക് ഈ പരിശീലനപരിപാടി എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. 

English Summary : Game Changer by Nuthan Manohar

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA