ഇനി ബിടെക് പഠിച്ചതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഇതാണ് സത്യം...

Course
SHARE

ബിടെക് സീറ്റുകൾ ഗണ്യമായി വർധിച്ചതിനാൽ ഈ രംഗത്തെ പഠനംകൊണ്ടു വലിയ പ്രയോജനമില്ലെന്ന മട്ടിൽ ചിലർ സംസാരിക്കാറുണ്ട്. അടിസ്ഥാനരഹിതമായ അഭിപ്രായമാണിത്. 

ആധുനിക ജീവിതത്തിന് എൻജിനീയറിങ് ഏറെ ആവശ്യമുണ്ട്. പുതിയ കെട്ടിടങ്ങൾ, പാലങ്ങൾ, എയർ പോർട്ടുകൾ മുതലായവയ്ക്കു പുറമെ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ഐടി എന്നിവയുടെ സാധ്യതകളുമില്ലാതെ നമുക്കു ജീവിക്കാനാകുമോ? വൈദ്യുതിയില്ലാതെ ജീവിതമുണ്ടോ? എൻജിനീയറിങ്ങിന്റെ പ്രസക്തി ഏറുകയല്ലാതെ ഒരിക്കലും കുറയില്ല. ഈ മേഖലയിൽ അറിവും പ്രാവീണ്യവും ആർജിക്കുന്ന സമർഥർക്കു മികച്ച കരിയർ രൂപപ്പെടുത്താൻ ഏറെ അവസരങ്ങളുണ്ട്. നല്ല കോളജിൽ പഠിച്ച് നല്ല നിലയിൽ ജയിക്കുന്നവരെ ധാരാളം തൊഴിലവസരങ്ങൾ കാത്തിരിക്കുന്നു. 

എൻജിനീയറിങ് എന്നാൽ... 

പ്രായോഗിക ജീവിതത്തിൽ എൻജിനീയറിങ് പ്രയോജനപ്പെടുന്ന രണ്ട് ഉദാഹരണങ്ങൾ കാണാം: 

1. മലനിരകളിൽ ഒഴുകുന്ന പുഴയിലെ ജലത്തിന് സ്ഥാനം മൂലമുള്ള ഊർജമുണ്ട്. ജലത്തെ അണകെട്ടി തടഞ്ഞ് കുഴലിലൂടെ ഒഴുക്കി, ടർബൈന്റെയും ജനറേറ്ററിന്റെയും ചക്രങ്ങൾ തിരിച്ച് ആ ഊർജത്തെ വൈദ്യുതിയാക്കി മാറ്റി, ലൈനുകൾ വഴി വീട്ടിലും ഫാക്ടറിയിലും മറ്റും എത്തിച്ച് നമ്മെ സഹായിക്കുന്നത് എൻജിനീയറിങ്ങാണ്.

2. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുക്കുന്ന ക്രൂഡോയിൽ നമുക്ക് അതേപടി ഉപയോഗിക്കാനാവില്ല. ഇതിനെ ഗ്യാസ്, വിമാന ഇന്ധനം, പെട്രോൾ, നാഫ്ത, മണ്ണെണ്ണ, ഡീസൽ, ലൂബ്രിക്കേറ്റിങ് ഓയിൽ, ഗ്രീസ്, ബിറ്റുമെൻ തുടങ്ങിയ ഘടകങ്ങളാക്കി ശുദ്ധി ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതും എൻജിനീയറിങ്ങിന്റെ സഹായത്താലാണ്. 

ഏത് എൻജിനീയറിങ് ശാഖയിലും രൂപകൽപന, നിർമാണം, പ്രവർത്തനം, കേടുപോക്കൽ എന്നിങ്ങനെ നാലു തലങ്ങളുണ്ട്. യഥാക്രമം ഡിസൈൻ, കൺസ്ട്രക്‌ഷൻ/മാനുഫാക്ചർ/ടെസ്റ്റിങ്, ഓപ്പറേഷൻ, ട്രബിൾ ഷൂട്ടിങ് & റിപ്പയർ. ഇവയ്ക്കെല്ലാം വിദഗ്ധ സേവനം വേണം.

വെറുതെ ചാടിപ്പുറപ്പെടരുത്

എൻജിനീയറുടെ പകിട്ട് സ്വപ്നം കണ്ട് ഇതെന്റെ വഴിയെന്നു തീരുമാനിക്കരുത്. മോഹത്തിനടിപ്പെട്ട് കോളജിൽ ചേർന്ന് ഇടയ്ക്കുവച്ചു പഠനം നിർത്തിപ്പോരുന്നവരുണ്ട്. ഗണിതവാസനയുള്ളവർക്കാണ് ഈ മേഖല ഇണങ്ങുക. എൻജിനീയറുടെ ഭാഷ ഡ്രോയിങ് ആകയാൽ ത്രിമാന രൂപങ്ങളെ ദ്വിമാന ചിത്രങ്ങളാക്കാനും ദ്വിമാന ചിത്രങ്ങൾ നോക്കി ത്രിമാന രൂപങ്ങൾ ഭാവനയിൽ കാണാനും കഴിയണം. ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡ്രോയിങ് മതി. ചിത്രരചനാപാടവം ആവശ്യമില്ല.

ഇലക്ട്രിക്കൽ, സിവിൽ, കംപ്യൂട്ടർ തുടങ്ങിയ പേരുകൾ കേട്ട് വെറുതെ അവയിലേക്കു ചാടരുത്. ഓരോ ശാഖയുടെയും ഉള്ളടക്കം, പ്രവർത്തനമേഖല, പ്രവർത്തനാന്തരീക്ഷം, ജോലിസാധ്യത മുതലായവ നന്നായി വിലയിരുത്തിയാവണം ഏതു ശാഖ വേണമെന്ന തീരുമാനം. കേരളത്തിൽത്തന്നെ മുപ്പതിലേറെ പഠനശാഖകളുണ്ട്. ഐഐടികളും മറ്റും കൂടി പരിഗണിച്ചാൽ എണ്ണം ഇനിയും കൂടും. കൃത്യമായ വിവരശേഖരണം കഴിഞ്ഞിട്ടു വേണം സ്വന്തം താൽപര്യത്തിനും അഭിരുചിക്കും പഠനശേഷിക്കും യോജിക്കുന്ന ശാഖ തിരഞ്ഞെടുക്കാൻ. 

എൻജിനീയറിങ് പ്രാക്ടിക്കൽ/ഡ്രോയിങ്, എൻജിനീയറിങ് തിയറി, ഇവയ്ക്കു പിൻബലമേകാൻ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി തുടങ്ങിയ  അടിസ്ഥാനവിഷയങ്ങൾ എന്ന രീതിയിലാവും പാഠ്യക്രമം. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA