ADVERTISEMENT

ഒരമ്മ വന്നു തൊടുമ്പോൾ മരണം വഴിമാറുന്ന സംഭവങ്ങളുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചതുപോലെ...ആലപ്പുഴ മെഡി. കോളജിൽ നഴ്സായ കല്ലറ സ്വദേശി ടി. ആർ. ശ്രീലത ആ കഥ പറയുന്നു: 

 

5 വർഷം മുൻപാണ്. അന്നു കോട്ടയം മെഡിക്കൽ കോളജിലാണു ശ്രീലതയ്ക്കു ജോലി. ന്യൂറോ വാർഡിലെ രാത്രി ഡ്യൂട്ടി. അർധരാത്രിയായിട്ടും ഇടനാഴിയിൽ ഒരു സ്ത്രീ മാത്രം ഉറങ്ങാതെയിരിക്കുന്നു.

 

ശ്രീലത അവരുടെ അടുത്തുചെന്നു സംസാരിച്ചു. കുറച്ചുനാളായി ചികിത്സയിൽ കഴിയുന്ന സ്ത്രീയാണ്. 50 വയസ്സുണ്ട്. ഭർത്താവു മരിച്ചു. 2 പെൺമക്കളുണ്ട്. 

കുറെ നേരം സംസാരിച്ചപ്പോൾ അവർ പറഞ്ഞു: ‘എനിക്കിനി ജീവിക്കേണ്ട.’ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ആശുപത്രിയുടെ ജനാലയിലൂടെ ചാടി മരിക്കാമെന്നു തീരുമാനിച്ച് ഇരിക്കുകയായിരുന്നു അവർ.

 

ശ്രീലത അവരെ നഴ്സിങ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സമാന സാഹചര്യത്തിലുള്ള ഒരമ്മയുടെ കഥ ശ്രീലത പറ‍ഞ്ഞു തുടങ്ങി. മക്കൾക്കു നാലരയും മൂന്നും വയസ്സുള്ളപ്പോൾ ഭർത്താവു മരിച്ച സ്ത്രീ. പല പ്രതിസന്ധികൾ. ഒരിടത്തും തോൽക്കാൻ തയാറായില്ല. ജോലി ചെയ്തു 2 പെൺകുട്ടികളെ നന്നായി പഠിപ്പിച്ചു. ജീവിതം ഇപ്പോൾ സുരക്ഷിത തീരത്താണ്. ഇതൊക്കെ കഥ മാത്രമാണെന്നായിരുന്നു ആ സ്ത്രീയുടെ പ്രതികരണം. ശ്രീലത പറഞ്ഞു: ആ അമ്മ ഞാനാണ്. 

 

പ്രചോദന കഥകളുടെ പുസ്തകം സൂക്ഷിക്കാറുള്ള ശ്രീലത അത്തരം 2 പുസ്തകങ്ങളും ആ സ്ത്രീക്കു നൽകി. ഏതാനും ദിവസത്തിനകം ആ അമ്മ ആത്മവിശ്വാസത്തോടെ ആശുപത്രി വിട്ടു. പുസ്തകം തിരികെ വേണോ എന്നു ചോദിക്കാൻ ഒരിക്കൽ ഫോൺ വിളിക്കുകയും ചെയ്തു.

 

ശ്രീലതയുടെ ഭർത്താവ് രാജു റാവു നേരത്തേ മരിച്ചു. മക്കൾ സുചിത്ര റാവു എൻജിനീയറും വന്ദന റാവു നർത്തകിയും ആണ്. നഴ്സിങ് ജോലിക്കിടെ എംജി സർവകലാശാലയുടെ യോഗ, കൗൺസലിങ് ഉൾപ്പെടെ വിവിധ കോഴ്സുകൾ ശ്രീലത പൂർത്തീകരിച്ചു. കവിതയും എഴുതും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com