ജീവന്റെ മാത്രമല്ല വിശപ്പിന്റെയും വിലയറിയുന്നവരാണ് യഥാർഥ നഴ്സ്; ഈ സ്നേഹസ്പർശം നീളുന്നത് തെരുവുനായ്ക്കളിലേക്കും

Chitra_Abhayan
SHARE

നന്മയുടെ പൊതിച്ചോറുമായെത്തുന്ന ഈ ശുഭ്രവസ്ത്രധാരിയെ കാത്ത് ഒരുപാടു പേരുണ്ട്. രോഗികൾക്കു മാത്രമല്ല, അശരണർക്കും തെരുവുനായ്ക്കൾക്കും കരുതലും സ്നേഹവും നൽകുകയാണു പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലെ നഴ്സ് ചിത്ര അഭയൻ.

ജോലിക്കിറങ്ങുമ്പോൾ ഭക്ഷണം പൊതികളാക്കി ചിത്ര കയ്യിൽ കരുതും. തെരുവിൽ ഒട്ടേറെ കണ്ണുകൾ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടാകും. ഭക്ഷണമില്ലാതെ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി പൊതി കൈമാറും. ആശുപത്രിയിലെത്തുന്ന രോഗികളിലെ നിർധനർക്കു പണവും ഭക്ഷണവും നൽകും.

പിതാവ് എം.ജെ ജോസഫ് വരുമാനത്തിന്റെ നല്ലൊരു ഭാഗം ചെലവാക്കിയിരുന്നതു കാരുണ്യപ്രവൃത്തികൾക്കായിരുന്നു. അതാണു തന്റെ പ്രചോദനമെന്നു ചിത്ര പറയുന്നു. 6 വർഷം മുൻപു പിതാവു മരിച്ചതോടെയാണു ചിത്ര ഈ പ്രവൃത്തിഏറ്റെടുത്തത്. ഭർത്താവ് അഭയനും മക്കൾ അഭേഷും രശ്മിയും പിന്തുണയും നൽകുന്നു. ഭക്ഷണം കൈമാറുന്നതിനു ഭർത്താവും സഹായിക്കും. 

ആശുപത്രിയിലെ ജോലിക്കു ശേഷമാണു നഗരത്തിലെ തെരുവുനായ്ക്കൾക്കു ഭക്ഷണവുമായി ചിത്രയുടെ സ്കൂട്ടറെത്തുക. അഞ്ചര മുതൽ ഏഴര വരെയുള്ള സമയമാണിത്. വീട്ടിൽ തയാറാക്കുന്ന ഇറച്ചിച്ചോറുമായി വരുന്ന വണ്ടി കാണുന്നതോടെ നായ്ക്കൾ ഓടിയെത്തും. ചിത്രയുടെ വീട്ടിലുമുണ്ട് 7 നായ്ക്കൾ. മുറിവേറ്റതും അപകടം പറ്റിയതുമായ നായ്ക്കളെ മരുന്നുവച്ചുകെട്ടി ശുശ്രൂഷിക്കും. 

ലോക്ഡൗൺ‍ കാലത്തു ഭക്ഷണം കിട്ടാതെ തെരുവുനായ്ക്കൾ പട്ടിണിയാകുമല്ലോ എന്നു കരുതി, തിരുവില്വാമലയിലുള്ള രോഗിയായ അമ്മയെ കാണാൻ പോലും ചിത്ര പോയിട്ടില്ല. ‘അമ്മയ്ക്കറിയാം, ജീവന്റെ മാത്രമല്ല വിശപ്പിന്റെയും വിലയറിയുന്നവരാണ് യഥാർഥ നഴ്സ്’ – ചിത്ര പറയുന്നു.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA