ജീവിതത്തിൽ വിജയിക്കണോ? മുൻഗണനയ്ക്ക് വേണം മുൻഗണന!

Priority
SHARE

ആയിരം രൂപ മാത്രം കൈയിലുള്ളയാൾക്ക് ഉടൻ ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്. അവയിലൊന്നിനേ പണം തികയൂ. സുഖമില്ലാത്ത അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുക, ഭാര്യയ്ക്ക് 50–ാമത്തെ സാരി വാങ്ങുക. ഇവയിൽ ഏതാണ് ചെയ്യേണ്ടതെന്നു ചോദിച്ചാൽ, ആർക്കും വേഗം ഉത്തരം പറയാൻ കഴിയും. പക്ഷേ മുൻഗണന എങ്ങനെ വേണമെന്നു തീരുമാനിക്കുക പലപ്പോഴും ഇത്ര ലളിതമാവില്ല.

‘ഗ്രാമത്തെയുപേക്ഷിച്ചും രാജ്യത്തെ രക്ഷിക്കേണം

ഗ്രാമത്തെയൊരു ഗൃഹം കളഞ്ഞും രക്ഷിക്കണം’

അല്ലലകറ്റാനുള്ള  വാക്കുകൾ ആവശ്യപ്പെട്ട ജ്യേഷ്ഠൻ ധൃതരാഷ്ട്രർക്ക്, വിവേകത്തിന്റെ പ്രതീകമായ വിദുരർ നല്കുന്ന ദീർഘവിവരണത്തിലെ രണ്ടു  വരികളാണിവ. വിദുരവാക്യമെന്നറിയപ്പെടുന്ന ഭാഷണത്തിൽ നിരവധി നിർദ്ദേശങ്ങളുണ്ട്. രാജധർമ്മത്തിലെ വിദഗ്ദ്ധസമീപനങ്ങൾ പറയുന്ന കൂട്ടത്തിലാണ് വിദുരർ ഈ വാക്യം പറഞ്ഞത്. അപകടത്തിലായ രാജ്യത്തെ രക്ഷിക്കാൻ ഒരു ഗ്രാമത്തെ ഉപേക്ഷിച്ചാൽ മതിയെങ്കിൽ, അങ്ങനെ ഉപേക്ഷിക്കണം. ഗ്രാമം രക്ഷിക്കാൻ ഒരു വീട് ഉപേക്ഷിക്കാമെന്നും രാജാവിന് മുൻഗണന തീരുമാനിക്കാം.

ഇനിയൊരു രാമായണരംഗം. ഹനൂമാൻ ലങ്കയിൽനിന്ന് മടങ്ങിയെത്തുമ്പോൾ വിവരങ്ങളറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് സീതാന്വേഷണത്തിനിറങ്ങിയ വാനരന്മാർ. ഈ സന്ദർഭം എഴുത്തച്ഛൻ വിവരിക്കുന്നുണ്ട്. വന്നെത്തിയ ഹനൂമാന്റെ ആദ്യവാക്കുകൾ ‘കണ്ടിതു സീതയെ’ എന്ന്. കണ്ടു എന്നതിന് ഏറ്റവും മുൻഗണന നല്കി ആകാംക്ഷ ഇല്ലാതാക്കേണ്ടതിനാൽ ‘സീതയെ കണ്ടു’ എന്നല്ല പറഞ്ഞത്. ‘ദൃഷ്ടാ സാ ജനകാത്മജാ’ എന്ന് വാല്മീകി. അതിലും ആദ്യവാക്കു കണ്ടു എന്ന്.

ഓരോ സന്ദർഭത്തിലും ഏതു പ്രധാനം, ഏത് അപ്രധാനം എന്നു നിശ്ചയിച്ചാവണം നമ്മുടെ പ്രവൃത്തി. സാഹചര്യം മാറുന്നതനുസരിച്ച് ഈ തീരുമാനം തിരുത്തേണ്ടിവരുകയും ചെയ്യും.

മുൻഗണന  നിശ്ചയിക്കുന്നതിൽ ശ്രദ്ധേയമാണ് പരേറ്റോ സിദ്ധാന്തം. ഇറ്റലിയിൽ ജനിച്ച വിൽഫ്രെഡോ പരേറ്റോ (1848 – 1923) എൻജിനീയറിങ്ങും ധനശാസ്ത്രവും ഉൾപ്പെടെ പല വിഷയങ്ങളിലും പ്രാവീണ്യം നേടിയിരുന്നു. ഏതു രംഗത്തായാലും 80% ഫലങ്ങൾ ഉളവാക്കുന്നത്,  കാരണങ്ങളിലെ 20% ആണെന്നത്രേ സിദ്ധാന്തത്തിന്റെ പൊരുൾ. ഇത് 80–20 നിയമമെന്നും അറിയപ്പെടുന്നു. ഉദാഹരണംകൊണ്ട് ഇത് വിശദമാക്കാം. 100 ഇനങ്ങൾ വിൽക്കുന്ന പരചരക്കുകടക്കാരന്റെ ലാഭത്തിൽ 80 ശതമാനവും അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി 20 ഇനങ്ങളിൽ നിന്ന് ആയിരിക്കും. കടുക്, ഉലുവ, മല്ലി, ജീരകം, കായം, മഞ്ഞൾപ്പൊടി തുടങ്ങി 80 ഇനങ്ങളിൽ നിന്നുള്ള ലാഭം 20 ശതമാനമേ വരൂ. 80–20 കിറുകൃത്യമല്ലെങ്കിലും ഫലം ഇതിനോടടുത്തായിരിക്കും. അതിനാൽ കടക്കാരൻ മുൻഗണന നല്കേണ്ടത് 80% ലാഭം തരുന്ന 20% ഇനങ്ങളിലായിരിക്കണം. ബിസിനസിലും കൊമേഴ്സിലും ഈ തത്ത്വം ധാരാളമായി പ്രയോഗിച്ചുവരുന്നു. പരേറ്റോയെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തവരും ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഈ രീതിയിലാവും പ്രവർത്തിക്കുക.

തെറ്റായ മുൻഗണന പല വിനകൾക്കും വഴിവയ്ക്കാറുണ്ട്. രാജ്യരക്ഷയ്ക്കു പ്രാധാന്യം നല്കാതെ, ആ‍ഡംബരങ്ങൾക്കും ആഘോഷങ്ങൾക്കും സ്വന്തം സുഖസൗകര്യങ്ങൾ ആകാശംമുട്ടെ ഉയർത്തുന്ന ശ്രമങ്ങൾക്കും മുൻഗണന നല്കിയ രാജാക്കന്മാർക്ക് രാജ്യം നഷ്ടപ്പെട്ടിട്ടുണ്ട്. പണത്തിന് അതിരുകവിഞ്ഞ പ്രാധാന്യം നല്കുന്നവരുടെ വ്യക്തിബന്ധങ്ങൾ തകരുന്ന സംഭവങ്ങൾ ധാരാളം. ചെലവാക്കാൻ കഴിയുന്നതിലേറെ പണമുള്ളവർ പോലും ഈ കെണിയിൽ വീണുപോകാറുണ്ട്. പല പാഠങ്ങളും ഇത്തരം ജീവിതങ്ങളിൽ കാണാം. 

പണത്തിന്റെ കാര്യം മാത്രമല്ല, ചെലവാക്കാൻ കിട്ടുന്ന നേരവും പ്രശ്നം സൃഷ്ടിക്കും. ദിവസത്തിൽ 25 മണിക്കൂർ ആർക്കും കിട്ടില്ലല്ലോ. ഉള്ള നേരം ബുദ്ധിപൂർവം മുൻഗണന നിശ്ചയിച്ച് വകയിരുത്തേണ്ടതുണ്ട്. സമയത്തിലെ മുൻഗണനക്കാര്യവും അവഗണിച്ചുകൂടാ. പ്രധാനപ്പെട്ട പലതും ചെയ്യാൻ നേരം കിട്ടിയില്ലെന്നു പറയുന്നവർ സമയവിനിയോഗത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചു പാലിക്കാത്തവരാണ്.

വേണ്ട നേരത്തു പ്രധാന കൃത്യങ്ങൾ ചെയ്യാത്ത ശീലം പരാജയത്തിലേക്കു നയിച്ച  സംഭവങ്ങളേറെ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മുൻഗനാക്രമത്തിലൂന്നുന്ന മാനേജ്മെന്റ് തത്ത്വമുണ്ട്. ക്ലേശകരമായ കൃത്യങ്ങൾ ചെയ്യുന്നത് ആവർത്തിച്ചു മാറ്റിവയ്ക്കുന്നത് പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കും. പരാതികളുയരും. സർക്കാർ വകുപ്പുകളിലെയും മറ്റും കെടുകാര്യസ്ഥതയ്ക്ക് മുഖ്യകാരണം ഉത്തരവാദിത്വത്തോടെ വേണ്ട നേരത്ത്  കൃത്യങ്ങൾ ചെയ്യാത്തതാണ്. എങ്ങനെയാണ് ഇത്തരം വീഴ്ചകൾ ഒഴിവാക്കി, കാര്യക്ഷമത ഉറപ്പാക്കുന്നത്? പഠനക്ഷമത മെച്ചമാക്കാൻ വിദ്യാർത്ഥികൾക്കും സ്വീകരിക്കാവുന്ന നടപടിക്രമമിങ്ങനെ :

ഇന്നു ചെയ്യേണ്ട 10 പ്രധാനകാര്യങ്ങൾ എഴുതുക

∙ഇവ മുൻഗണനാക്രമത്തിൽ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം. പ്രയാസം തെല്ലു കുറഞ്ഞത് രണ്ടാമത്. തുടർന്ന് ഏറ്റവും എളുപ്പമുള്ളത് ഏറ്റവും അവസാനം വരുന്ന ക്രമത്തിൽ ലിസ്റ്റ് പരിഷ്കരിച്ചെഴുതുക.

∙ഏറ്റവും പ്രയാസമുള്ള ആദ്യത്തെ കാര്യം മാത്രം ആദ്യം ചെയ്യുക. ഇതു ചെയ്യുമ്പോൾ മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാൻ അനുവദിക്കരുത്.

∙ആദ്യത്തേതു തീർന്നാലുടൻ രണ്ടാമത്തേതു മാത്രം ചെയ്യുക.

∙ദിവസം പൂർത്തിയാക്കുമ്പോൾ ആറു കാര്യങ്ങൾ മാത്രമേ തീർന്നിട്ടുള്ളൂ എന്നു വരാം. ശേഷിച്ച നാലു കാര്യങ്ങളും പുതുതായുണ്ടായ ആറു കാര്യങ്ങളും ചേർത്ത് അടുത്ത ദിവസത്തെ 10 കാര്യങ്ങളെഴുതി, ഏറ്റവും പ്രയാസമുള്ളതു മുതൽ കീഴോട്ട് ക്രമത്തിലാക്കി, ആദ്യദിവസത്തെപ്പോലെ രണ്ടാം ദിവസവും പ്രവർത്തിക്കുക.

∙ഏതാനും ദിവസങ്ങൾക്കകം കൃത്യങ്ങളെല്ലാം യഥാവിധി ചെയ്തുതീരും. പുതിയ കൃത്യങ്ങളെ കാത്തിരിക്കുകയാവും നാം പിന്നീടു ചെയ്യുക. ∙ചെയ്തുതീർക്കാനുള്ള ഒരൊറ്റ കാര്യം മാത്രമാവും ഏതു നേരത്തും മനസ്സിലുള്ളത്. അതിനാൽ പലതും ചെയ്തുതീരുമോ എന്ന പരിഭ്രാന്തിയില്ല. ∙മനുഷ്യപ്രകൃതിയിലെ സുപ്രധാനസമീപനം ഈ രീതി പരിഗണിക്കുന്നുണ്ട്. എളുപ്പമുള്ള കൃത്യങ്ങൾ ചെയ്യാനും പ്രയാസമുള്ളവ മാറ്റിവയ്ക്കാനും ഉള്ള പ്രവണത ഏവരിലും കാണും. ഇതാണ് പ്രവർത്തനങ്ങളെ തകരാറിലാക്കി, പരാതികൾക്കു വഴിവയ്ക്കുന്നത്. ഇതു പരിഹരിക്കുന്നതോടെ വ്യക്തിയുടെയായാലും സ്ഥാപനത്തിന്റെയായാലും പ്രവർത്തനം മികവുറ്റതാകുന്നു.

∙മുൻഗണനയുടെ പ്രാധാന്യം ഏതു നേരവും മനസ്സിൽ വച്ചാൽ സമർത്ഥമായ പ്രവർത്തനം നമുക്ക് ഉറപ്പാക്കാം. ‘മുൻഗണനയാകട്ടെ നമ്മുടെ മുൻഗണന’.  

English Summary : Tips to prioritize your work

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA