ADVERTISEMENT

മാറ്റിവച്ച പരീക്ഷകൾ നടത്താൻ തയാറെടുത്ത് പിഎസ്‌സി. ജൂൺ അവസാനത്തോടെ പരീക്ഷകൾ  തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്താൽ നിബന്ധനകൾക്കു വിധേയമായി പരീക്ഷകൾ നടത്താം.  ഉദ്യോഗാർഥികളിൽ  നിന്ന് കൺഫർമേഷൻ സ്വീകരിച്ച പരീക്ഷകൾക്കായിരിക്കും മുൻഗണന. ഇതുവരെ 62 തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. 

മേയിലെ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകേണ്ടിയിരുന്ന അവസാന തീയതി മാർച്ച് 11 ആയിരുന്നു. 

 

ഏപ്രിലിലെ പരീക്ഷകൾക്ക് ഫെബ്രുവരി 10 വരെയും. ഉദ്യോഗാർഥികൾക്ക് കൺഫർമേഷൻ നൽകാൻ ഒരവസരംകൂടി നൽകണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും കമ്മിഷൻ യോഗം അനുമതി നൽകിയില്ല. 

 

അപേക്ഷകർ കുറവുള്ള തസ്തികകളിൽ ഒാൺലൈൻ പരീക്ഷ നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പിഎസ്‌സിയുടെ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറമേ മുൻപ് പരീക്ഷ നടത്തിയിട്ടുള്ള എൻജിനീയറിങ് കോളജുകൾകൂടി പരീക്ഷാ കേന്ദ്രങ്ങളാക്കും. ഫയർമാൻ പോലെ ലക്ഷത്തിലധികം അപേക്ഷകരുള്ള പരീക്ഷകൾ ഉടൻ നടത്തുക പ്രയാസമാണെന്നാണ് പിഎസ്‌സിയുടെ വിലയിരുത്തൽ. ഇങ്ങനെയുള്ള പരീക്ഷകൾ വൈകിയേക്കും. 

കെഎഎസ് മെയിൻ പരീക്ഷ ജൂലൈയിൽ നടത്താനാണ്  തീരുമാനം. എന്നാൽ പൊതുഗതാഗതം ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നീണ്ടുപോയാൽ നീട്ടിവയ്ക്കേണ്ടിവരും.  

 

മാറ്റിവച്ച വകുപ്പുതല പരീക്ഷകൾ ജൂലൈയിൽ 

ജനുവരിയിൽ നടത്തിയ വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനും ജനുവരിയിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നടത്താൻ ബാക്കിയുള്ള പരീക്ഷകൾ ജൂലൈയിലെ വിജ്ഞാപനത്തോടൊപ്പം  നടത്താനും പിഎസ്‌സി തീരുമാനിച്ചു. 93 വകുപ്പുതല പരീക്ഷകളാണ് ജനുവരിയിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ടിയിരുന്നത്. ഇതിൽ 23 പരീക്ഷകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ലോക്ഡൗണിനെ തുടർന്ന് ബാക്കി 70 പരീക്ഷകളും മാറ്റിവച്ചു. ജൂലൈയിലാണ് ഇനി വകുപ്പുതല പരീക്ഷാ വിജ്ഞാപനം  പ്രസിദ്ധീകരിക്കുക. ജനുവരിയിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ച്, പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയവർക്ക് ഫീസിളവ് നൽകി ജൂലൈയിൽ പരിഗണിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com