sections
MORE

ജീവിതത്തിൽ വിജയിക്കണോ? സ്വൽപം 'ടണൽ വിഷൻ' ഉണ്ടാകണം!

Tonnel-Vision
SHARE

കുഴൽക്കാഴ്ച (ടണൽ വിഷൻ) കൺരോഗമാണ്. കുഴലിലൂടെയെന്നപോലെ കേന്ദ്രഭാഗം മാത്രം കാണാനാവുന്ന അവസ്ഥ. വശങ്ങളിലേതൊന്നും കാണാൻ കഴിയില്ല. തുരങ്കത്തിൽ നിൽക്കുന്നയാൾ പുറത്തോട്ടു നോക്കുമ്പോഴും കാഴ്ച ഇതുപോലെ പരിമിതമാകും. ടെലിസ്കോപ്പിലൂടെ നോക്കുമ്പോഴും അവസ്ഥ  ഇതു തന്നെ.

പല കാരണങ്ങളാലും കുഴൽക്കാഴ്ചയുണ്ടാകാം –– കാഴ്ചഞരമ്പുകളിലെ തകരാറ്, ഗ്ലോക്കോമ രോഗം, മദ്യലഹരി, മയക്കുമരുന്ന്, കടുത്ത രക്തസ്രാവം മുതലായവ. വശങ്ങളിലുള്ളതൊന്നും കാണാനാവാത്ത നിലയിൽ വാഹനമോടിക്കുന്നതെന്നല്ല, തെരുവിൽ നടക്കുന്നതു പോലും അപായകരമാണ്.

കണ്ണിന്റെ വശങ്ങൾ മറയ്ക്കുന്ന കണ്ണടകൾ കുതിരകളെ ധരിപ്പിക്കാറുണ്ട്. വശങ്ങളിലുള്ളതു കാണാതെ മുന്നിലേക്കു നോക്കി ഏകാഗ്രതയോടെ കുതിരയോടണം. പന്തയത്തിൽ ട്രോഫി നേടാനുള്ള ജോക്കികളുടെ തന്ത്രം.

ഇപ്പറഞ്ഞതിനെല്ലാം മറ്റൊരു തരത്തിലും വ്യാപകമായ അർത്ഥമുണ്ട്. അയാൾക്ക്  ടണൽ വിഷനാണെന്നോ, അയാൾ കണ്ണടപ്പൻ വച്ച കുതിരയാണെന്നോ പറയാറില്ലേ? ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് മറ്റെല്ലാം തീർത്തും അവഗണിക്കുന്നയാൾ. ഇത്തരക്കാരേറെയുണ്ട്. സ്വന്തം ജോലി മാത്രം ഏറ്റവും മികച്ചത്, മറ്റെല്ലാം മോശം എന്ന് കണ്ണടച്ചു വിശ്വസിക്കുന്നവരും ഈ വിഭാഗത്തിൽപ്പെടും. 

ഒരൊറ്റ കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നുന്നവരുടെ വീക്ഷണം ഇടുങ്ങും. ഇതരമേഖലകളിലെ സർവതും അവഗണിക്കും. അന്യരുടെ അഭിപ്രായങ്ങൾക്കു യാതൊരു പ്രാധാന്യവും നല്കില്ല. അതുവഴി അഹങ്കാരിയെന്ന ലേബൽ സ്വയം നെറ്റിയിലൊട്ടിക്കും. ഇതൊന്നും കുഴൽക്കാഴ്ചക്കാരൻ തിരിച്ചറിയാതെ പോയാൽ സമൂഹത്തിലൊറ്റപ്പെടും. ‘അയാളോടു സംസാരിക്കാൻ പറ്റില്ല. സംസാരിക്കണമെന്നുമില്ല’ എന്ന് അന്യരെക്കൊണ്ടു പറയിക്കും.

ശത്രുവിന്റെ ഏതെങ്കിലുമൊരു വസ്തുവിൽ മാത്രം ശ്രദ്ധിച്ച് യുദ്ധരംഗത്തു നീങ്ങുന്ന സൈനികൻ മറ്റു ഭാഗങ്ങളിൽ നിന്നു വരുന്ന ആക്രമണം കാണാതെ പോകാം. കുഴൽക്കാഴ്ചക്കാർക്ക് വിശാലവീക്ഷണമില്ല. അവർ ബൃഹത്തായ ചിത്രം കാണാതെ പോകുന്നു. പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്ന വിദ്യാർത്ഥി ആരോഗ്യം, സുഹൃത്തുക്കൾ, അനുപാഠ്യപ്രവർത്തനങ്ങൾ മുതലായവയിൽ മനസ്സു വയ്ക്കാത്തത് ദോഷമാകും.

ചില ഉന്നതാധികാരികൾ അവർക്കു താല്പര്യമുള്ള മേഖലയിൽ മാത്രം ശ്രദ്ധയൂന്നി, സുപ്രധാനമായ പലതും അവഗണിക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്താറുണ്ട്. സ്വാർത്ഥതല്പരരായ രാഷ്ട്രീയനേതാക്കൾ അവർക്കു വിശേഷതാല്പര്യമുള്ള വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ട്, അവരെ സമരങ്ങളിലും മറ്റും ഇറക്കി,  സ്വന്തകാര്യം നേടി, പൊതുനന്മ അവഗണിക്കുന്നത് സാധാരണം.

ഒരൊറ്റ ലക്ഷ്യം മാത്രം  മനസ്സിൽ വച്ച്, മറ്റെല്ലാം അവഗണിച്ചു  മുന്നേറുമ്പോൾ, അതിൽ തിരിച്ചടി വന്നാൽ മറ്റു സാധ്യതകളൊന്നും കൈവശമില്ല, അവയെപ്പറ്റി വിവരമില്ല എന്ന നില വന്നേക്കാം. സമചിത്തത കൈവരുത്താൻ താമസം വരാം. ഒരസ്ത്രം കൊണ്ടു ഭാരതയുദ്ധം നടത്താൻ പോകുംപോലെ എന്ന ചൊല്ലോർക്കാം. പ്രതികാരബൂദ്ധിയുള്ളവർ കുഴൽക്കാഴ്ചയോടെ പകവീട്ടാൻ ശ്രമിക്കുമ്പോൾ ഏതു ഹീനമാർഗവും സ്വീകരിക്കും.  സന്മാർഗത്തെപ്പറ്റി അന്യർ നല്കുന്ന സൂചനകൾ ശ്രദ്ധിക്കില്ല.

സമൂഹത്തിൽ കണ്ടുവരുന്ന ചില ദുഷ്പ്രവണതകളുടെ പിന്നിൽ ടണൽ വിഷനുണ്ട്. ഏതെങ്കിലും പ്രദേശത്തുള്ളവരിൽ ചിലർ ഏതെങ്കിലും തിന്മ കാട്ടിയാൽ, അന്നാട്ടുകാരെല്ലാം അത്തരക്കാരാണെന്നു നാം മുദ്രകുത്തിക്കളയും. അവരിൽ ബഹുഭൂരിപക്ഷത്തിനും ആ രീതിയുമായി ബന്ധം കാണില്ല. പക്ഷേ നാം അതു വകവച്ചുകൊടുക്കില്ല. ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടവരെയും ഇങ്ങനെ സാമാന്യവല്ക്കരിക്കുന്ന പ്രവണത വ്യാപകമാണ്. യുക്തിപൂർവം വിശാലമനസ്സോടെ ചിന്തിച്ചാൽ മാത്രമേ ഈ വൈകല്യത്തിൽ നിന്നു വിട്ടുനിൽക്കാനാവൂ. He who generalises generally lies എന്ന മൊഴിയുമോർക്കാം.

എങ്ങനെയും പണമുണ്ടാക്കുക എന്ന ഏകലക്ഷ്യമുള്ളവരുടെ പ്രവർത്തനങ്ങൾ പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. കുഴൽക്കാഴ്ചയ്ക്കപ്പുറം അത് മനോഭാവവും ശീലവും ജീവിതദർശനവുമായി വളരാം. പണത്തിനപ്പുറം ഒന്നുമില്ലെന്ന് കരുതിയാൽ  ബന്ധങ്ങൾ ഉലയും. ഒറ്റപ്പെട്ട ധനികന് പണംകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയുമുണ്ടാകാം.

ടണൽ വിഷനെ സംബന്ധിച്ച അതിശയോക്തിക്കഥ കൂടി കേൾക്കുക. ഏറ്റവും വിലയേറിയ സാധനങ്ങൾ വാങ്ങി പ്രദർശിപ്പിച്ച് മേനി നടിക്കുന്നതിൽ മാത്രം ആനന്ദം കണ്ടിരുന്ന കോടീശ്വരൻ സ്വയം ഓടിച്ചുവന്ന റോൾസ് റോയ്സ് കാർ റോഡരികിൽ നിറുത്തി. കാർ തുറന്ന് ഇറങ്ങുമ്പോഴേക്കും പാഞ്ഞുവന്ന ലോറി കാറിന്റെ ഡോർ തട്ടിത്തെറിപ്പിച്ചു. ‘അയ്യോ, എന്റെ റോൾസ് റോയ്സ്, രണ്ടരക്കോടിയുടെ റോൾസ് റോയ്സ്’ എന്ന് അയാൾ അലമുറയിട്ടു. രംഗം കണ്ട് ഫുട്പാത്തിൽ നിന്നയാൾ അലറിച്ചോദിച്ചു,‘നിങ്ങൾ കാറിനെപ്പറ്റി വേവലാതിപ്പെടുന്നല്ലോ. നിങ്ങളുടെ കൈ കൂടി ലോറി തട്ടിത്തെറിപ്പിച്ചതു കാണുന്നില്ലേ?’. കൈയിൽ കെട്ടിയിരുന്ന വാഷെറോൺ വാച്ചോർത്തായി അയാളുടെ അടുത്ത വിളി : ‘അയ്യോ, എന്റെ വാഷെറോൺ, ഒന്നരക്കോടിയുടെ വാഷെറോൺ.’

പക്ഷേ കുഴൽക്കാഴ്ച എപ്പോഴും മോശമാണെന്നു കരുതാനാവില്ല. അതുകൊണ്ട് പ്രയോജനങ്ങളുണ്ട്. എന്നല്ല, അതുവഴിയാണ് വലിയ വിജയങ്ങൾ നേടിയതെന്നു പലരും സാക്ഷ്യപ്പെടുത്തുന്നു. നല്ല ലക്ഷ്യം തീരുമാനിക്കുക, അതു മാത്രം മനസ്സിൽവച്ച് ഏകാഗ്രതയോടെ കഠിനമായി പ്രയത്നിക്കുക എന്ന രീതി മഹാവിജയങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. 

യുദ്ധകാലത്തെ ശാസ്ത്രഗവേഷണത്തിൽ ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽവച്ച് അതു നേടാൻ അതിവേഗ പ്രവർത്തനങ്ങൾ പതിവാണ്. രണ്ടാം ലോകയുദ്ധത്തിൽ അത്തരം അടിയന്തരകണ്ടുപിടിത്തങ്ങൾ പലതുമുണ്ടായി. ചിലതെല്ലാം പഴയ കണ്ടുപിടിത്തങ്ങൾ ആവശ്യാനുസരണം അതിവഗം പരിഷ്കരിച്ചവയായിരുന്നു. പൈലറ്റിന് മർദ്ദമേറിയ കോക്പിറ്റ്, കൃത്രിമ എണ്ണ, കൃത്രിമ റബർ, റെയ്ഡാർ, പുതുജാതി മിസൈലുകൾ, ദൂരനിയന്ത്രിത ആയുധങ്ങൾ, കപ്പൽ സുരക്ഷാവ്യവസ്ഥകൾ, പാരഷൂട്ടിനുള്ള നൈലോൺ, പുതിയ ഔഷധങ്ങൾ എന്നിവ കുഴൽക്കാഴ്ചയോടെ നടത്തിയ ഗവേഷണവിജയങ്ങളുടെ ദൃഷ്ടാന്തങ്ങൾ. ഇപ്പോൾ കോവിഡ് 19നെ തടയുകയെന്ന ഒറ്റ ലക്ഷ്യം നേടാൻ ലോകമെമ്പാടും നടക്കുന്ന തീവ്രഗവേഷണവും ഉദാഹരണം.

ഗ്രാൻഡ് സ്ലാമിൽ 18 സിംഗിൾസ്, മൂന്ന് ഡബിൾസ്, ഏഴു വർഷങ്ങളിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം എന്നീ നേട്ടങ്ങളുള്ള വനിതാടെന്നിസിലെ വിസ്മയമായ ക്രിസ്  എവർട്ട് : ‘ടെന്നിസ് ചാമ്പ്യനാകണമെങ്കിൽ നിങ്ങൾക്ക് സ്ഥിരത, ശഠത, ഗർവ്, സ്വാർത്ഥത എന്നിവ വേണം. തന്നിൽത്തന്നെ മുഴുകിയിരിക്കണം. നിങ്ങൾ ടണൽ വിഷനിലാവണം’.

ചിത്രത്തിലെ ഇരുളും വെണ്മയും നാം കണ്ടു. കുഴൽക്കാഴ്ച വേണം; പക്ഷേ പാകത്തിനു മതി.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA