ADVERTISEMENT

ബിരുദതല പരീക്ഷ മലയാളത്തിലും

പരീക്ഷാ സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ നടപ്പാക്കാൻ പിഎസ്‌സി തീരുമാനം.  ബിരുദതലത്തിൽ  നടത്തുന്ന പരീക്ഷകൾക്ക് മലയാളത്തിൽകൂടി ചോദ്യപേപ്പർ ലഭ്യമാക്കും. ഇനി നടക്കാൻ പോകുന്ന ബിരുദതല പരീക്ഷകൾ മുതൽ പരിഷ്ക്കാരം നടപ്പാകും.  സമാന യോഗ്യതയുള്ള തസ്തികകൾക്ക് ഇനി  പൊതു പരീക്ഷയാകും നടത്തുക. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ രണ്ടാം ഘട്ട എഴുത്തു പരീക്ഷ നടത്താനും സാധ്യത തെളിഞ്ഞു. ഇതുൾപ്പെടെ സുപ്രധാന പരീക്ഷാ പരിഷ്കാരങ്ങൾക്കാണ് കഴിഞ്ഞ ആഴ്ച ചേർന്ന പിഎസ്‌സി യോഗം അനുമതി നൽകിയിരിക്കുന്നത്.

 

എസ്ഐ പരീക്ഷ മുതൽ മാറ്റങ്ങൾക്കു സാധ്യത

മലയാള ചോദ്യങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ബിരുദതല പരീക്ഷ ഈ വർഷം തന്നെ നടക്കാൻ സാധ്യത. എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് തുടങ്ങി ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികൾക്കായി നടത്തുന്ന പൊതു പരീക്ഷയിലാവും പരിഷ്കാരം ആദ്യം നടപ്പാകുക. ബിരുദതലത്തിൽ  വിജ്ഞാപനം പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും തസ്തികയുടെ പരീക്ഷ നടത്താനുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുപരീക്ഷയാകും നടത്തുക. 

 

ഭാഷ ഉദ്യോഗാർഥികൾക്ക് തിരഞ്ഞെടുക്കാം

ബിരുദ നിലവാരത്തിലുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പർ ഏതു ഭാഷയിൽ വേണമെന്നത് ഉദ്യോഗാർഥിക്കു തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.  ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട എന്നിങ്ങനെ 4 ഭാഷകളിലുള്ള ചോദ്യപേപ്പറാണ് ബിരുദ നിലവാരത്തിലുള്ള പരീക്ഷകൾക്ക് ലഭ്യമാക്കുക. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകുമ്പോൾ ഇതിനുള്ള ഒാപ്ഷൻ ഉദ്യോഗാർഥി നൽകണം.  മലയാളം തിരഞ്ഞെടുക്കുന്നവർക്ക് മലയാളത്തിലുള്ള ചോദ്യപേപ്പർ ലഭ്യമാക്കും. മറ്റു ഭാഷകൾ തിരഞ്ഞെടുത്താൽ ആ മാധ്യമത്തിലെ ചോദ്യപേപ്പറാകും ലഭിക്കും. ഒരിക്കൽ ഭാഷ തിരഞ്ഞെടുത്താൽ മാറ്റാൻ സാധിക്കില്ല  അതിനാൽ  ഒാപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കണം. 

 

സമാന യോഗ്യതയ്ക്ക് ഇനി പൊതുപരീക്ഷ

സമാന തസ്തികകളിൽ പൊതുപരീക്ഷ എന്ന ആലോചന വളരെക്കാലമായി പിഎസ്‌സിക്കു മുൻപിലുള്ളതാണ്. ഈ വർഷം പരിഷ്കാരം ആരംഭിക്കുമെന്ന് പിഎസ്‌സി ചെയർമാൻ തൊഴിൽവീഥിയോട്  2020 തുടക്കത്തിൽ  വ്യക്തമാക്കിയിരുന്നു. ഇതിനാണ് കഴിഞ്ഞ കമ്മിഷൻ യോഗം അംഗീകാരം നൽകിയത്. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലുള്ള തസ്തികകൾക്കെല്ലാംകൂടി ഒരു പൊതു പരീക്ഷയാവും നടത്തുക. എസ്എസ്എൽസി അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടുള്ള എൽഡി ക്ലാർക്ക്, വിഇഒ തുടങ്ങിയ തസ്തികകൾക്കും, സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ തുടങ്ങി പ്ലസ്ടു അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകളിലും,  ബിരുദ നിലവാരത്തിലുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകാശാല അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾക്കും പൊതു പരീക്ഷകൾ തന്നെയാകും നടത്തുക. 

 

ലക്ഷ്യം സാമ്പത്തിക ലാഭം

പരീക്ഷകളുടെ എണ്ണം കുറച്ച് തിരഞ്ഞെടുപ്പു നടപടികൾക്കു വേഗം കൂട്ടുന്നതോടൊപ്പം സാമ്പത്തിക ലാഭവും പിഎസ്‌സി പ്രതീക്ഷിക്കുന്നുണ്ട്. എൽഡി ക്ലാർക്ക് ഉൾപ്പെടെ പലപ്പോഴായി വിജ്ഞാപനം പ്രസിദ്ധീകരിച്ച, എസ്എസ്എൽസി നിലവാരത്തിലുള്ള വിവിധ തസ്തികകളിലായി 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ ഇപ്പോൾ പിഎസ്‌സിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതിലെ യഥാർഥ അപേക്ഷകർ 21 ലക്ഷം പേരെയുള്ളൂ എന്നാണ് ഇതു സംബന്ധിച്ച പരിശോധനയിൽ ലഭിച്ച വിവരം. ഒരേ ഉദ്യോഗാർഥി തന്നെ വിവിധ തസ്തികകളിൽ അപേക്ഷിച്ചതു കൊണ്ടാണ് എണ്ണം 48 ലക്ഷമായി വർധിച്ചത്. പിഎസ്‌സി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന രീതിയിലാണ് പരീക്ഷയെങ്കിൽ  ഈ 48 ലക്ഷം പേർക്കുമായി പരീക്ഷ നടത്തണം. എന്നാൽ പൊതുപരീക്ഷയാക്കി നടത്തിയാൽ 21 ലക്ഷം പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയാകും. ഇത്രയും പേർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മതി. കോടിക്കണക്കിനു രൂപ ഈ രീതിയിൽ ലാഭിക്കാനും കഴിയും. ഒന്നിച്ചാണ് പരീക്ഷ നടത്തുന്നതെങ്കിലും വിവിധ വിജ്ഞാപനങ്ങൾ പ്രകാരം വ്യത്യസ്ത റാങ്ക് ലിസ്റ്റാവും പ്രസിദ്ധീകരിക്കുക.  നിശ്ചിത മാർക്കു വാങ്ങുന്ന ഉദ്യോഗാർഥിക്ക് വിവിധ ലിസ്റ്റുകളിൽ ഉൾപ്പെടുവാനും കഴിയും.  

 

പ്രധാന തസ്തികകളിൽ രണ്ടാംഘട്ട പരീക്ഷ

പ്രധാന തസ്തികകളിൽ പൊതു പരീക്ഷയ്ക്കു ശേഷം രണ്ടാം ഘട്ട പരീക്ഷ നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസി അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകൾ മുതൽ രണ്ടാംഘട്ട പരീക്ഷ നടത്താൻ തീരുമാനമുണ്ടെങ്കിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളിൽ മാത്രമേ രണ്ടാംഘട്ട പരീക്ഷ നടത്താൻ സാധ്യതയുള്ളൂ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിക്കുന്ന ധാരാളം പേർക്ക് ഫയലെഴുതാൻ അറിയില്ലെന്നുള്ള പരാതി മുൻപേ ഉയർന്നിട്ടുള്ളതാണ്. അതിനാൽ വിവരണാത്മക പരീക്ഷ നടത്തിയേ ഈ തസ്തികയുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാവൂ എന്ന ആവശ്യവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത തവണ മുതൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ  ഒബ്ജക്ടീവ് പരീക്ഷയ്ക്കു ശേഷം വിവരണാത്മക രീതിയിലുള്ള രണ്ടാഘട്ട പരീക്ഷയും നടത്തിയേക്കും. 

 

ഇതിൽ പൊതുവായി നടത്തുന്ന ആദ്യ പരീക്ഷയ്ക്ക് ഇപ്പോഴത്തെ സിലബസ് തന്നെയാകും. എന്നാൽ രണ്ടാം ഘട്ടത്തിലെ വിവരണാത്മക പരീക്ഷയിൽ ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ടാം ഘട്ട പരീക്ഷ നടത്തുന്ന തസ്തികകളിലെല്ലാം ഇതു ബാധകമാണ്. 

English Summary : Changes in Kerala PSC Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com