ADVERTISEMENT

എഡ്വിൻ‌ ആർനോൾഡിന്റെ Buddha–The Light of Asia എന്ന പുസ്തകം ഈയിടെ വായിച്ചു. സിദ്ധാർഥനിൽനിന്നു ബുദ്ധനിലേക്കുള്ള മാറ്റമാണു പുസ്തകത്തിന്റെ പ്രതിപാദ്യം. 

 

തണുപ്പുകാലത്തേക്ക് ‘ശുഭം’ എന്ന കൊട്ടാരവും വേനൽക്കാലത്തേക്ക് ‘സുരമ്യം’ എന്ന മറ്റൊരു കൊട്ടാരവും വസന്തകാലത്തേക്ക് ‘രമ്യം’ എന്ന മറ്റൊരു കൊട്ടാരവും ശുദ്ധോധന മഹാരാജാവ് സിദ്ധാർഥനുവേണ്ടി പണികഴിപ്പിച്ചിരുന്നു. കൊട്ടാരമതിലിനകത്ത് ഒരാൾപോലും രോഗത്തെയോ വാർധക്യത്തെയോ മരണത്തെയോ കുറിച്ചു മിണ്ടരുത് എന്നു ചട്ടം കെട്ടിയിരുന്നു. എന്നിട്ടോ? ഒരു ദിവസം രാജ്യം കാണാനിറങ്ങിയ സിദ്ധാർഥൻ കണ്ടു, മനുഷ്യർ ചുമച്ചും കഫം തുപ്പിയും മരിച്ചുവീഴുന്നത്, തുച്ഛമായ കൂലിക്കുവേണ്ടി എല്ലൊട്ടിയ മനുഷ്യർ പൊരിവെയിലിനോടു പടവെട്ടുന്നത്. 

 

കൂടെയുണ്ടായിരുന്ന ഛന്ദനോടു സിദ്ധാർഥൻ പറഞ്ഞു: ‘എന്റെ സുഖങ്ങൾ, എന്റെ സങ്കൽപങ്ങൾ, എന്റെ സ്വപ്നങ്ങൾ എല്ലാം അർഥമില്ലാത്തതാണെന്നു മനസ്സിലാക്കിയ നിമിഷം മുതൽ എന്റെ പ്രാണൻ പിടയുകയാണ്. ആരുടെയും മുഖം നോക്കാതെ ആരെയും കവർന്നെടുക്കാൻ കെൽപുള്ള മരണം തൊട്ടരികെ നിൽക്കുന്നത് ഞാൻ കാണുന്നു’. ആ തിരിച്ചറിവിൽ കൊട്ടാരവും കുടുംബവും എല്ലാം ഉപേക്ഷിച്ച് സിദ്ധാർഥൻ പുതിയൊരു ജീവിതത്തിലേക്കു കടന്ന് ബുദ്ധനായ സംഭവമാണ് ഈ പുസ്തകം പറയുന്നത്. 

 

ബുദ്ധനൊന്നുമായില്ലെങ്കിലും കൊറോണ വൈറസ് പഠിപ്പിച്ച അനുഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് ഇത്തിരി ബുദ്ധിയുള്ളവരാകാൻ നമുക്കു സാധിക്കുമോ? എന്നിലേക്കു നോക്കുമ്പോൾ, ഞാൻ പലതും പഠിച്ചു. മാജിക് ഷോ, മോട്ടിവേഷൻ ക്ലാസുകൾ, മാജിക് അക്കാദമി, മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട് സെന്റർ തുടങ്ങി എന്തൊരു തിരക്കായിരുന്നു? വീട്ടിലിരിക്കാൻ സമയമില്ല, മകനോടൊപ്പം ചെലവഴിക്കാൻ സമയമില്ല, നിലമ്പൂരിലുള്ള അമ്മയെ കാണാൻ പോകാൻ സമയമില്ല, ഒരു പരിപാടിക്കു വിളിച്ചുകഴിഞ്ഞാൽ ഒഴിവില്ല, ഫോണിൽ ആരെങ്കിലും വിളിച്ചാൽ അറ്റൻഡ് ചെയ്യാൻ നേരമില്ല... എന്തൊക്കെയായിരുന്നു എന്റെ അഹങ്കാരങ്ങൾ?! 

 

എല്ലാം ഒരു ദിവസം ലോക്ഡൗണായി. പരിപാടികൾ റദ്ദാകുന്നു, വിദേശയാത്രകൾ ഉപേക്ഷിക്കുന്നു, മാജിക് അക്കാദമിയും പ്ലാനറ്റുമെല്ലാം അടച്ചുപൂട്ടുന്നു. ഫോൺ പോലും നിശ്ചലമാവുന്നു. പരിപാടികൾക്കുള്ള അന്വേഷണങ്ങളില്ല, ചർച്ചകളില്ല. വീട്ടിൽത്തന്നെ കുത്തിയിരിക്കേണ്ട അവസ്ഥയായിട്ടുപോലും വീട്ടുകാർക്കുപോലും ഒന്നും പറയാൻ ഇല്ലാതെയാവുന്നു. ഒരു ദിവസം എന്തെങ്കിലുമൊരു രോഗം വന്ന് അവനവൻ ലോക്ഡൗണായിക്കഴിഞ്ഞാലും പ്രായം ചെന്ന് വീട്ടിൽ ലോക്ഡൗണായിക്കഴിഞ്ഞാലും ഇതുതന്നെയായിരിക്കും നമ്മുടെ അവസ്ഥ. ആ തിരിച്ചറിവിനുള്ള ഒരു റിഹേഴ്സലായാണ് ഞാൻ ഈ ദിവസങ്ങളെ കണ്ടത്. 

 

ആരാധനാലയങ്ങളിലല്ല, അവനവനിലാണ് ദൈവം കുടികൊള്ളുന്നത് എന്നു മനസ്സിലാവുന്നവർക്കു മനസ്സിലാക്കാനുള്ള വലിയൊരു അവസരമായിരുന്നു ഇത്. ആർഭാട വിവാഹങ്ങൾ, പാർട്ടികൾ, ഉത്സവങ്ങൾ... ഇതൊന്നും ഇല്ലാതെയും ഈ ലോകം ചലിക്കുമെന്നും തിരിച്ചറിഞ്ഞു. പതിനായിരങ്ങൾ വലിച്ചെറിഞ്ഞ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം കഴിച്ചും അതിലേറെ വെറുതെ കളഞ്ഞും ആഡംബരം കാണിച്ചിരുന്നവർ ഒരു മാസത്തിലേറെയായി വീട്ടിലെ ഭക്ഷണം കഴിച്ചതിലൂടെ ലോകത്തെ എത്രമാത്രം ഭക്ഷണമായിരിക്കും കരുതിവച്ചിട്ടുണ്ടാവുക? 

 

നോക്കൂ, പുറത്തേക്കു നോക്കുമ്പോൾ കുറച്ചുകൂടി വിശാലമാണ് കാഴ്ചകൾ. ഇതുവരെയില്ലാത്ത കാഴ്ചകൾ കാണാനും പഠിക്കാനും കുറച്ചെങ്കിലും പ്രാവർത്തികമാക്കാനും സാധിച്ചാൽ ഈ ലോകം തീർച്ചയായും കുറേക്കൂടി നന്നാവും എന്നു തോന്നുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com