ADVERTISEMENT

കംപ്യൂട്ടർ സയൻസും സംഗീതവും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ ഡോ. സുധീപ് എം. ഇളയിടം പറയും, സംഗീതം പാഷനും കംപ്യൂട്ടർ സയൻസ് പ്രഫഷനും ആണെന്ന്. സിദ്ദ‍ിഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ‌ ‘ഫുക്രി’ എന്ന സിനിമയിലെ ‘കൊഞ്ചി വാ കൺമണി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ‘അധ്യാപകൻ’ എന്ന വിശേഷണത്തിനൊപ്പം ‘സംഗീത സംവിധായകൻ’ എന്നുകൂടി കൂട്ടിച്ചേർത്തു അദ്ദേഹം. അജയ് വിജയൻ സംവിധാനം ചെയ്ത് യുട്യൂബിൽ ഹിറ്റായ ‘അജിനോമോട്ടോ’ എന്ന ഹ്രസ്വചിത്രത്തിൽ രജത് പ്രകാശിനൊപ്പം പിന്നണി സംഗീതം ഒരുക്കിയതും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അധ്യാപകനായ ഈ കാലടി സ്വദേശി തന്നെ.

 

സർവം താളമയം

താളവാദ്യങ്ങളായ മൃദംഗം, തബല എന്നിവ വലിയ ഇഷ്ടമായിരുന്നു. അഞ്ചു വയസ്സു മുതലേ ഇവ പഠിക്കാൻ ആരംഭിച്ചു.അമ്മ സരോജിനിദേവിയായിരുന്നു സംഗീതരംഗത്തെ പ്രചോദനം. സംഗീത സംവിധായകൻ ബിജിബാൽ ബന്ധുവാണ്.

 

സൗഹൃദം തന്ന തുടക്കം

ഗായകൻ മധു ബാലകൃഷ്ണൻ സഹപാഠിയാണ്. പഠനകാലത്ത് അദ്ദേഹത്തിനു വേണ്ടി കച്ചേരികളിൽ മ‍ൃദംഗം വായിച്ചുകൊണ്ടാണു തുടക്കം. പിന്നീട് ശ്രദ്ധ പഠനത്തിലേക്കു മാത്രം തിരിഞ്ഞെങ്കിലും സംഗീതം ജീവശ്വാസമായി ഉള്ളിൽ സൂക്ഷിച്ചു. 1997ൽ കോതമംഗലം എംഎ കോളജിൽനിന്ന് ഒന്നാം റാങ്കോടെ എൻജിനീയറിങ് പാസായി കുസാറ്റിൽ എംടെക് പഠനം ആരംഭിച്ചു. അതും ഒന്നാം റാങ്കോടെ പാസ്സായി. ഇടവേളകളിൽ ഗാനമേളകളിൽ പാടി.

 

ഫുക്രി വന്ന വഴി...

സംവിധായകൻ സിദ്ദിഖുമായുള്ള സൗഹ‍ൃദമാണ് ഫുക്രി സിനിമയുടെ സംഗീത സംവിധായകൻ എന്ന വേഷം സമ്മാനിച്ചത്. കഥാപരിസരം പറഞ്ഞുതന്നിട്ട് അതിനനുസരിച്ച് ഈണം ഒരുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ആദ്യം രണ്ടെണ്ണം ഒരുക്കിയെങ്കിലും മൂന്നാമത്തെ ചാൻസിലാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള ഈണത്തിലേക്ക് എത്താൻ സാധിച്ചത്. ആ ഗാനം ആലപിച്ചതു നജീം അർഷാദ് ആയിരുന്നു. എഴുതിയത് റഫീക്ക് അഹമ്മദും.

 

പാട്ടിന്റെ വഴിയേ...

സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിക്കു വേണ്ടി ട്രാക്ക്  പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. ‘അജിനോമോട്ടോ’യിൽ പാട്ടൊരുക്കിയതിനൊപ്പം ചെറിയ വേഷവും ചെയ്തിട്ടുണ്ട്. അത് യുട്യൂബിൽ 7 ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരുമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് സുധീപ്.

 

പ്രിയ അധ്യാപകൻ

20 വർഷമായി അധ്യാപന രംഗത്തുള്ള സുധീപിന് കുസാറ്റിലെ വിദ്യാർഥികൾ വലിയ പിന്തുണയാണു നൽകുന്നത്. അവരിൽ സംഗീതവാസനയുള്ള കുട്ടികളെ മുന്നോട്ടുകൊണ്ടുവരാനും ശ്രദ്ധിക്കാറുണ്ട്. സംഗീതരംഗത്തു പേരെടുത്ത രാഹുൽ രാജും ഇന്ദുലേഖ വാരിയരും ബബിത് ജോർജും സുധീപിന്റെ ശിഷ്യരാണ്.

 

കുടുംബം പിന്തുണ

‘ഗവേഷണങ്ങൾക്കും അധ്യാപനത്തിനുമിടയിൽ കിട്ടുന്ന അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലുമാണ് പാട്ടിനൊപ്പം കൂടുന്നത്. മകൾ വരദയും സംഗീതത്തിലും ന‍ൃത്തത്തിലും താൽപര്യമുള്ള ആളാണ്. അച്ഛൻ എൻ.സി.ഇളയിടവും അമ്മ സരോജിനിദേവിയും ഭാര്യ സൗമ്യ കെ.മേനോനുമാണ് സംഗീതജീവിതത്തിലെ വലിയ പിന്തുണ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com