ADVERTISEMENT

കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ് ആക്കണമെങ്കിൽ സംസ്ഥാനത്തെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്നു മലയാള മനോരമ വെബിനാറിൽ വിദഗ്ധരുടെ നിർദേശം. ‘വിദ്യാഭ്യാസം: കോവിഡ് കാലത്തും അതിനുശേഷവും’ എന്ന വിഷയത്തിലെ ചർച്ചയിൽ ഉയർന്ന മറ്റു നിർദേശങ്ങൾ:

∙കുട്ടിയുടെ അഭിരുചി തിരിച്ചറിഞ്ഞുള്ള പരിശീലനം ഒന്നാം ക്ലാസ് മുതൽ ഉറപ്പാക്കണം. കണക്കിലാണു താൽപര്യമെങ്കിൽ ആ കഴിവ് സ്കൂളിലേ വികസിപ്പിക്കണം. അഭിരുചിയില്ലാത്തവരും എൻജിനീയറിങ് പഠനത്തിനു പോകുന്ന സ്ഥിതി ഒഴിവാക്കണം. 

 

∙ഒരു വിഭാഗം വിദ്യാർഥികൾക്ക് ഇപ്പോഴും ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ല. ഇതു ലഭ്യമാക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഏഴായിരത്തോളം വരുന്ന ഗ്രന്ഥശാലകളെ ഇതിനായി ഉപയോഗിക്കാം.

 

∙സ്മാർട് ക്ലാസ് റൂം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കോളജുകളിലേക്കും വ്യാപിപ്പിക്കണം.

∙ഓഫ്‌ലൈൻ– ഓൺലൈൻ സംയോജിത പഠനരീതിക്കായി സർക്കാരിന്റെ നയ രൂപീകരണം വേണം. സർവകലാശാലാ പരീക്ഷകളിൽ കുറെയെണ്ണമെങ്കിലും ഓൺലൈനാക്കി മാറ്റണം. 

∙അമിത ഫീസ് നൽകേണ്ടാത്ത കോഴ്സുകൾ വിദേശ സർവകലാശാലകളുമായി ചേർന്നു നടത്തണം. ഡ്യുവൽ ഡിഗ്രി, ജോയിന്റ് ഡിഗ്രി സാധ്യതകൾ തേടണം.

∙സേവന മേഖലയിലെ തിരിച്ചടി തിരിച്ചറിഞ്ഞ്, കൃഷി ഉൾപ്പെടെയുള്ള ഉൽപാദന മേഖലകൾക്കു കൂടുതൽ ഊന്നൽ നൽകണം. 

∙ഏതെങ്കിലും പ്രത്യേക വ്യവസായത്തിനായല്ല വിദ്യാർഥിയെ പരിശീലിപ്പിക്കേണ്ടത്. നാളെ ആ വ്യവസായം ഉണ്ടാകുമെന്ന് ഉറപ്പില്ല. പൊതുവായ വ്യവസായ പരിശീലനമാണു നൽകേണ്ടത്.

∙ഓപ്പൺ സോഫ്റ്റ്‌വെയറുകൾ പോലെ ഓപ്പൺ ഹാർഡ്‌വെയറുകളുമുണ്ട്. ഇവ പൊതുവായി ലഭ്യമാക്കിയാൽ സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമാകും.

∙സ്റ്റാർട്ടപ്പുകൾ സ്വന്തം പഠനമേഖലയിൽ ഒതുങ്ങിനിൽക്കാതെ, ഉൽപന്നത്തിന്റെ മികവിനായി ഇന്റർഡിസിപ്ലിനറി രീതി അവലംബിക്കണം. 

 

ആസൂത്രണ ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ബി. ഇക്ബാൽ മോഡറേറ്ററായ വെബിനാറിൽ സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കു​ഞ്ചെറിയ പി. ഐസക്, എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ്,     കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ സിഇഒ കെ.അൻവർ സാദത്ത്, ടെക്നോപാർക്കിലെ ടാറ്റ എൽക്സി സെന്റർ ഹെഡ് വി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ജെയിൻ യൂണിവേഴ്സിറ്റിയായിരുന്നു പ്രായോജകർ. അഭിപ്രായങ്ങളും നിർദേശങ്ങളുമായി നൂറുകണക്കിനു വായനക്കാരും പങ്കാളികളായി.

 

Ekbal

കുടുംബശ്രീയെ കണ്ടുപഠിക്കണം, സർവകലാശാലകൾ

കുടുംബശ്രീ കോവിഡ് പ്രതിരോധത്തിന് ഒട്ടേറെ ആശയങ്ങൾ കൊണ്ടുവന്നു, സർവകലാശാലകളാകട്ടെ കാര്യമായൊന്നും ചെയ്തതുമില്ല.

 

ഡോ. ബി.ഇക്ബാൽ

(ആസൂത്രണ ബോർഡ് അംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറും)

 

ഓൺലൈൻ സങ്കേതങ്ങൾ മുൻപു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല എന്നതിനാൽ ലോക്ഡൗൺ നമുക്കൊരു പഠനകാലം കൂടിയാണ്. എന്നാൽ ഇപ്പോഴും ഡിജിറ്റൽ അസമത്വം (Digital Divide) പ്രശ്നമായി നിലനിൽക്കുകയാണ്. ഒട്ടേറെ വിദ്യാർഥികൾക്ക് ഇന്റർനെറ്റ് സൗകര്യമോ ഓൺലൈൻ പഠനത്തിനു വേണ്ട ഉപകരണങ്ങളോ ഇല്ല.

 

ഓൺലൈൻ കോഴ്സുകളുടെ ഏറ്റവും വലിയ പോരായ്മ അവ പരമ്പരാഗത വിദ്യാഭ്യാസ രീതിയിലെന്ന പോലെ തന്നെ അധ്യാപക കേന്ദ്രീകതമാകുന്നു എന്നതാണ്. പകരം ഇന്ററാക്ടീവ് സ്വഭാവത്തോടെ പഠനം വിദ്യാർ‌ഥി കേന്ദ്രീകൃതമാക്കിയാലേ കാര്യമുള്ളു. 

sabu-thomas

 

ഐടി അറ്റ് സ്കൂൾ സങ്കൽപം കോളജുകളിലേക്കുകൂടി വ്യാപിപ്പിച്ച് ‘ഐടി അറ്റ് എജ്യുക്കേഷൻ’ എന്നാക്കി മാറ്റണം. പഠനം ആസ്വാദ്യകരമാക്കുന്ന എജ്യുടെയ്ൻമെന്റ് രീതിയാണു വേണ്ടത്.

 

വിദ്യാർഥികളിൽ ആശയവിനിമയ ശേഷിക്കു പുറമേ വിഷയങ്ങളിലുള്ള ഡൊമെയ്ൻ സ്കില്ലും മോശമാകുന്നുവെന്ന ആക്ഷേപമുണ്ട്. കോവിഡ് കാലം ഗവേഷണത്തിന് ഏറെ ഉത്തേജനം നൽകിയെങ്കിലും ഇവിടെ അവയെല്ലാം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോയി. കുടുംബശ്രീ കോവിഡ് പ്രതിരോധത്തിനായി ഒട്ടേറെ പുത്തൻ ആശയങ്ങൾ കൊണ്ടുവന്നു. പക്ഷേ ഏറ്റവുമധികം ഗവേഷണം നടക്കേണ്ട നമ്മുടെ സർവകലാശാലകൾ കാര്യമായൊന്നും ചെയ്തില്ലെന്നതു നിരാശപ്പെടുത്തുന്നു. സർവകലാശാലാ റാങ്കിങ് കൊണ്ട് കോവിഡ് പോലെയുള്ള മഹാമാരിയെ ചെറുക്കാൻ കഴിയില്ല. 

 

സ്റ്റാർട്ടപ്പുകൾ ആശയം രൂപീകരിക്കുമ്പോൾ ഇന്റർഡിസിപ്ലിനറി രീതി അവലംബിക്കണം. ഉദാഹരണത്തിന് വെന്റിലേറ്റർ വികസിപ്പിക്കുന്ന ഒരു സ്റ്റാർട്ടപ് അതുമായി ബന്ധപ്പെട്ട് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ തേടിയില്ലെങ്കിൽ ഉൽപന്നത്തിനു പൂർണതയുണ്ടാകില്ല.

 

 

ജോയിന്റ് ഡിഗ്രികൾ വേണം, പരീക്ഷകൾ മാറണം

Anwar_sadath

ഒന്നിലേറെ സർവകലാശാലകൾ ചേർന്നുള്ള ഡിഗ്രി പ്രോഗ്രാമുകൾ തുടങ്ങണം; ഓൺലൈൻ എക്സാം മുതൽ എക്സാം ഓൺ ഡിമാൻഡ് വരെ ആലോചിക്കണം.

 

ഡോ. സാബു തോമസ്

(വൈസ് ചാൻസലർ, എംജി സർവകലാശാല)

 

ഓൺലൈൻ ഭാവിയിൽ വലിയ സാധ്യതയാണു തുറന്നുതരുന്നത്. 70 % പരമ്പരാഗത കോഴ്‌സുകൾ,  30 % ഓൺലൈൻ എന്ന രീതിയിലേക്കു കരിക്കുലം മാറ്റണം. ഇതോടൊപ്പം ലോകത്തെ ഉന്നത  സർവകലാശാലകളിൽനിന്നുള്ള കോഴ്‌സുകൾ ഓൺലൈനായെടുക്കാൻ ഇവിടത്തെ വിദ്യാർഥികളെ അനുവദിക്കണം. അതിവിദഗ്ധരായ അധ്യാപകരുടെയും നൊബേൽ സമ്മാന ജേതാക്കളുടെയുമൊക്കെ കോഴ്‌സുകൾ ഇപ്രകാരം തിരഞ്ഞെടുക്കാം.

 

വെർച്വൽ ലബോറട്ടറികൾ കൊണ്ടുവരാം. പരമ്പരാഗത പരീക്ഷകൾക്കു പകരം ഓൺലൈൻ പരീക്ഷകൾ പരീക്ഷിക്കാം. ടേക്ക് ഹോം എക്സാം, ഓപ്പൺ ബുക്ക്‌ എക്സാം, എക്സാം ഓൺ ഡിമാൻഡ് തുടങ്ങിയവയും വരണം. കോവിഡ് പശ്ചാത്തലത്തിൽ അഡ്മിഷൻ നടപടികൾ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കു മാറ്റാം. വർഷത്തിലൊരിക്കൽ എന്ന പരമ്പരാഗത പ്രവേശന രീതിക്കു പകരം വർഷത്തിൽ എപ്പോൾ  വേണമെങ്കിലും പ്രവേശനം സ്വീകരിക്കാവുന്ന ‘റൗണ്ട് ഇയർ അഡ്മിഷൻ’ രീതിയും പരീക്ഷിക്കാം. 

 

സർവകലാശാലകൾ കൈ കോർത്ത് ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ പരീക്ഷിക്കാം. ഐഐടി ബോംബെയും ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയും ചേർന്നുള്ള ജോയിന്റ് ഡിഗ്രി പ്രോഗ്രാം ഉദാഹരണം. വരുംകാല പഠനം പരമ്പരാഗത രീതിക്കപ്പുറം ഇന്റർഡിസിപ്ലിനറി, ക്രോസ് ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി തലത്തിലേക്കു വളരണം.

Kuncheriya

 

കോഴ്സുകളുടെ വ്യാവസായിക മൂല്യം ഉറപ്പാക്കാൻ സർവകലാശാലാ ബോർഡിൽ വ്യവസായ വിദഗ്ധരെ ഉൾപ്പെടുത്തണം. കമ്പനികൾക്ക് സിലബസ് നൽകി ഫീഡ്ബാക്ക് വാങ്ങണം. വ്യവസായ മേഖലയിൽ  നിന്നുള്ളവരെ അനുബന്ധ ഫാക്കൽറ്റിയാക്കണം. 

 

കേരളത്തെ ബയോമാസ്‌, കൃഷി, സോഫ്റ്റ്‌വെയർ, പോളിമർ സയൻസ്,  നാനോ ടെക്നോളജി എന്നീ പഠനമേഖലകളിൽ രാജ്യാന്തര ഹബ് ആക്കി മാറ്റുന്നതും ആലോചിക്കണം.

 

 

കരിക്കുലം പ്രകാരം തന്നെ വേണം ഓൺലൈൻ പഠനം 

കരിക്കുലത്തിൽ ഉദ്ദേശിക്കുന്നതിനു വിപരീതമായി ഓൺലൈൻ ക്ലാസ് പോകാതിരിക്കാൻ കേന്ദ്രീകൃത സംവിധാനം വേണം.

Sreekumar

അൻവർ സാദത്ത്

(സിഇഒ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ)

 

ഓൺലൈൻ വിദ്യാഭ്യാസം എന്നാൽ അധ്യാപകരെ ആവശ്യമില്ലാത്ത ഡിജിറ്റൽ സംവിധാനം എന്ന തെറ്റിദ്ധാരണ മാറണം. ക്ലാസ്മുറികൾ ഹൈടെക് ആക്കിയപ്പോൾ ഇത്തരമൊരു ധാരണയുണ്ടായിരുന്നു. എന്നാൽ, അധ്യാപകരെ സഹായിക്കുന്ന ടൂൾ ആണതെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി. 

കരിക്കുലം കോംപ്രമൈസ് ചെയ്യപ്പെടരുത്. എന്താണോ കരിക്കുലത്തിൽ ഉദ്ദേശിക്കുന്നത്, അതിനു വിപരീതമായി ഓൺലൈൻ ക്ലാസ് പോകാതിരിക്കാൻ കേന്ദ്രീകൃത സംവിധാനം വേണം.

 

പ്രബേഷനിലുള്ള സ്കൂൾ അധ്യാപകർക്കായി കഴിഞ്ഞവർഷം ‘കൈറ്റ് ഓപ്പൺ ഓപ്പൺ ഓൺലൈൻ ലേണിങ്’ (കൂൾ) എന്ന ഓൺലൈൻ പരിശീലന പരിപാടി നടത്തി. പതിനായിരത്തോളം അധ്യാപകരാണ് 45 മണിക്കൂർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്.

 

കുട്ടികളെ ക്രിട്ടിക്കൽ തിങ്കിങ്ങിലേക്കു കൊണ്ടുവരാതെ നേരിട്ട് ഉത്തരത്തിലേക്കെത്തിക്കുന്നു എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറ്റൊരപകടം. വിദ്യാർഥിയെക്കൊണ്ടു ചിന്തിപ്പിക്കാൻ അധ്യാപകനു കഴിയണം.

 

കോവിഡിനു ശേഷം ലോകത്ത് എവിടെനിന്നും ഓൺലൈനിൽ കോഴ്സുകൾ പഠിക്കാമെന്ന സ്ഥിതിയുണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാൻ പുറത്തുനിന്നു വിദ്യാർഥികൾ എത്തിച്ചേരുന്ന സ്ഥിതിവിശേഷം നമ്മൾ സൃഷ്ടിക്കണം. ആ വെല്ലുവിളിയാണ് നാം ഏറ്റെടുക്കേണ്ടത്.

 

സ്റ്റാർട്ടപ്പുകൾക്ക് അനുകൂല അന്തരീക്ഷം നാം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഓപ്പൺ ഡിസൈൻ മൂവ്മെന്റിനെ പ്രോത്സാഹിപ്പിക്കണം. ഓപ്പൺ സോഫ്റ്റ്‌വെയറുകൾ പോലെ ഓപ്പൺ ഹാർഡ്‌വെയറുകളുമുണ്ട്. ഇവ പൊതുവായി ലഭ്യമാക്കാം. സ്റ്റാർട്ടപ്പുകൾക്ക് അവ വികസിപ്പിച്ച് വീണ്ടും പൊതുവായി ലഭ്യമാക്കാം. ഇതിനായി വ്യവസായങ്ങളും സർക്കാരും മുൻകയ്യെടുക്കേണ്ടതുണ്ട്.

 

രാജ്യാന്തര നിലവാരമുള്ള അധ്യാപകർ വരണം

10 വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് നിലവാരം കൂട്ടണം. നൊബേൽ ജേതാക്കളെ ഉൾ‌പ്പെടെ കൊണ്ടുവരാൻ ശ്രമിക്കണം

ഡോ. കുഞ്ചെറിയ പി. ഐസക്

(മുൻ വൈസ് ചാൻസലർ, കേരള സാങ്കേതിക  സർവകലാശാല)

 

കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ് ആയി വികസിപ്പിക്കണമെങ്കിൽ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് അവയുടെ നിലവാരം ഉയർത്തണം. സയൻസ്, എൻജിനീയറിങ്, മാനവിക വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽനിന്നാകാം. ആദ്യം വേണ്ടത് രാജ്യാന്തര നിലവാരമുള്ള അധ്യാപകരാണ്. നൊബേൽ ജേതാക്കളെ വരെ കൊണ്ടുവരാൻ ശ്രമിക്കണം. വിദേശ വിദ്യാർഥികൾ വരെ ഇവിടെ പഠിക്കാനെത്തുന്ന സാഹചര്യമുണ്ടാകണം.

 

ഡിജിറ്റൽ യുഗത്തിൽ  അധ്യാപകർ സ്വന്തം റോൾ പുനർനിർണയിക്കേണ്ടതുണ്ട്. വിദ്യാർഥികേന്ദ്രീകൃതമായ ‘ക്രിയേറ്റീവ് ലേണിങ്’ രീതി നടപ്പാക്കാൻ അധ്യാപകൻ സ്വയം കരുത്താർജിക്കണം. സർഗാത്മകമായി ചിന്തിക്കാനുള്ള കഴിവ് സ്കൂൾ പഠനകാലത്ത് തന്നെ കുട്ടികൾ ആർജിച്ചെടുക്കേണ്ട ഒന്നാണ്. എങ്കിലേ തുടർവിദ്യാഭ്യാസത്തിൽ അതു പ്രതിഫലിക്കൂ.

 

പഠനം ഓൺലൈനാകുമ്പോൾ കുട്ടികളുടെ പരസ്പര ആശയവിനിമയത്തെയും സാമൂഹികബന്ധങ്ങളെയും അതു ബാധിക്കും. എന്നാൽ, സാമൂഹിക അകലം പാലിച്ചു ക്ലാസ് നടത്തിയാലും ഇതേ പ്രശ്നമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിലും ഭേദമായതിനാൽ ഓൺലൈൻ രീതിയിലേക്കു പെട്ടെന്നു മാറാൻ നമുക്കു കഴിയണം. ഭാവിയിൽ ഓൺലൈൻ, ഓഫ്‌ലൈൻ പഠനരീതികൾ സംയോജിപ്പിച്ച് മുന്നോട്ടുപോകാം. സർവകലാശാലാ തലത്തിലല്ല, സർക്കാർ തലത്തിൽ തന്നെ അതിനായി നയ രൂപീകരണം വേണം.

 

കോവിഡ് കാലത്തെ അവസരങ്ങൾ സ്റ്റാർട്ടപ്പുകൾ ഉപയോഗപ്പെടുത്തണം. വെന്റിലേറ്റർ, ഡിജിറ്റൽ ക്ലാസ്റൂം, ചെലവ് കുറഞ്ഞ ടാബ്‌ലറ്റ് തുടങ്ങിയവയൊക്കെ സാധ്യതകളാണ്.

 

ഇൻഡസ്ട്രി ട്രെയിനിങ് വേണം, അവസാന വർഷമെങ്കിലും

അൻപതോളം എൻജിനീയറിങ് വിദ്യാർഥികൾക്ക് ഞങ്ങളുടെ ട്രെയിനിങ് നൽകിയശേഷം റിക്രൂട്മെന്റ് നടത്തി; വൻവിജയമായി.

 

വി. ശ്രീകുമാർ

(സെന്റർ ഹെഡ്, ടാറ്റ എൽക്സി, ടെക്നോപാർക്ക്)

 

രണ്ടു വർഷം മുൻപ് റിസപ്ഷനിലേക്ക് ബി.എ ഇംഗ്ലിഷ് പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. 330 അപേക്ഷകരിൽ 290 പേരും ബിടെക്; 17 പേർ എംടെക്, 12 പേർ എംബിഎ. പത്തോ പന്ത്രണ്ടോ പേർ മാത്രമായിരുന്നു ബിഎ ഇംഗ്ലിഷ്. എന്തുകൊണ്ട് ബിടെക്/എംടെക് പശ്ചാത്തലമുള്ളവർ അപേക്ഷിക്കുന്നു, ബിഎ ഇംഗ്ലിഷ് പഠിക്കുന്നവർ എവിടെ പോകുന്നു എന്നീ ചോദ്യങ്ങളാണ് ഈ സംഭവമുയർത്തുന്നത്. 

 

പല വിദ്യാർഥികളുടെയും സാങ്കേതികജ്ഞാനം പരിമിതമാണെന്നു റിക്രൂട്മെന്റിന്റെ പ്രാഥമിക സ്ക്രീനിങ്ങിൽ തന്നെ മനസ്സിലാകാറുണ്ട്. ഏതെങ്കിലും ഐടി കമ്പനിയിൽ ജോലി ചെയ്യണമെന്ന ചിന്ത മാത്രം. ഏത് എൻജിനീയറിങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന തീരുമാനം പോലുമില്ല. 

 

എൻജിനീയറിങ്ങിൽ മാത്രമല്ല, ഏതു മേഖലയിലും സംരംഭകനാകാൻ കഴിയുമെന്ന് വിദ്യാർഥികളെ പഠിപ്പിക്കണം. കൃഷി ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ച് നാം കാര്യമായി ആലോചിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. എന്തിലുമേതിലും എൻജിനീയറിങ് കുത്തിത്തിരുകുന്നതല്ല പരിഹാരം. 

 

പഠനം പൂർണമായും ഓൺലൈനാക്കുന്നതിൽ പ്രശ്നമുണ്ട്. ക്യാംപസ് റിക്രൂട്മെന്റുകളിൽ തോന്നിയിട്ടുള്ള കാര്യം– അക്കാദമിക മികവുള്ളവരേക്കാൾ കാര്യക്ഷമത ക്യംപസുകളിലെ മറ്റ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളത്തിമുള്ളവർക്കാണ്. 

 

അക്കാദമിക മികവ് മാത്രമുള്ളവർക്കു തോൽവികൾ കൈകാര്യം ചെയ്യാൻ കഴിയാറില്ല. അതുകൊണ്ട് ക്യാംപസുകളിൽ‌ കുട്ടികളെത്തുന്നതും അവിടെ സജീവമാകുന്നതും പ്രധാനമാണ്.  

പഠനത്തിന്റെ അവസാനവർഷമെങ്കിലും വിദ്യാർഥികൾക്ക് ഇൻഡസ്ട്രി ട്രെയിനിങ് നൽകണം. തിരുവനന്തപുരത്തെ ഒരു സർക്കാർ എൻജിനീയറിങ് കോളജിലെ അൻപതോളം വിദ്യാർഥികളെ അവസാന സെമസ്റ്ററുകളിൽ കണ്ടെത്തി ഞങ്ങളുടെ ട്രെയിനിങ് നടത്തിയശേഷം റിക്രൂട്ട് ചെയ്തതു വൻവിജയമായി. ഇത്തരം പരിശീലനങ്ങൾ മൈനർ സബ്ജക്ടുകളായി ഉൾപ്പെടുത്തണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com