sections
MORE

കിട്ടിയ ജോലിയിൽ സ്വന്തം കഴിവുകൾ പ്രയോഗിക്കാനാവില്ലെങ്കിൽ, മെച്ചമായ പുതിയ ജോലി തേടാൻ വിമുഖത വേണ്ട

placement
SHARE

അമ്മ ഒട്ടകവും കുഞ്ഞുമോനും മരത്തണലിൽ കിടക്കുകയാണ്. കുഞ്ഞിനു സംശയങ്ങളേറെ. ‘നമ്മുടെയെല്ലാം പുറത്ത് വലിയ മുഴയുള്ളതെന്തിനാണ്? വേറെ മൃഗങ്ങൾക്ക് ഇതില്ലല്ലോ’. അമ്മ : ‘മോനേ, നമ്മൾ മരുഭൂമിയിലെ മൃഗങ്ങളാണ്. വേണ്ടത്ര ഭക്ഷണമില്ലാതെ ഏറെ നാൾ കഴിയേണ്ടി വരാം. അപ്പോൾ ഉപയോഗിക്കാനുള്ള ഊർജ്ജം കൊഴുപ്പായി ശേഖരിച്ചു വച്ചിരിക്കുന്നതാണ് മുഴകളായി കാണുന്നത്. ചിലർക്ക് ഒരു മുഴ. മറ്റു  ചിലർക്ക് രണ്ടു മുഴ.’

മകൻ : ‘നമുക്ക് 150 ലിറ്റർ വരെ വെള്ളം ഒറ്റയടിക്ക് കുടിക്കാൻ കഴിയുമല്ലോ. എന്തിനാണ്  ഈ കഴിവ്?’

അമ്മ : ‘ദിവസങ്ങളോളം വെള്ളം കിട്ടാതെ മരുഭൂമിയിൽ കഴിയേണ്ടി വരും. അതിനുള്ള വെള്ളം നാം ശേഖരിച്ചു വയ്ക്കണം.’

മകൻ : ‘നമ്മുടെ കാൽവിരലെല്ലാം എന്താ ഇങ്ങനെ പരന്നു നീണ്ട് കുഷൻ വച്ചതുപോലെ?’

അമ്മ:  ചുട്ടുപഴുത്ത മണലിലൂടെ നടക്കണം. കാൽ പുതയരുത്, പൊള്ളരുത്. അതിനാണ്.’

മകൻ : ‘എന്തിനാണ് ഈ തിങ്ങിനിൽക്കുന്ന രോമപ്പുതപ്പുള്ള തൊലി?’

അമ്മ : ‘മോനേ, വലിയ ചൂടും വലിയ തണുപ്പും മരുഭൂമിയിൽ നമ്മൾ താങ്ങേണ്ടിവരും.’

മകൻ : ‘നമ്മുടെ കൺപോളകൾ വിചിത്രമാണല്ലോ, മൂന്നെണ്ണം?’

അമ്മ : വലിയ അത്ഭുതമാണ് മോനേ അത്. നിറയെ നീണ്ട പീലികളുള്ള രണ്ട് കനത്ത കൺപോളകൾ. താഴെയും മുകളിലുമുള്ള പീലികൾ ചീപ്പുപോലെ കോർക്കും. മണ്ണടിച്ചുകേറാതെ നോക്കും. മൂന്നാമത്തെ  പോള മേലോട്ടും താഴോട്ടുമല്ല, ഇടത്തോട്ടും വലത്തോട്ടുമാണ് നീങ്ങുന്നത്. മനുഷ്യർ ഓടിക്കുന്ന കാറിന്റെ വൈപ്പർ പോലെ നീങ്ങി, കണ്ണു വൃത്തിയാക്കും. ഈ പോളയ്ക്ക് കനം കുറവായതിനാൽ മണൽക്കാറ്റുള്ളപ്പോൾ പൊടികയറാതെ സൂക്ഷിക്കും. അതിലൂടെ കുറേശ്ശെ കാണാനും കഴിയും. ഇതു മാത്രമല്ല, നീ കണ്ടിട്ടില്ലേ ചുട്ടുപഴുത്ത സൂര്യരശ്മികൾ തടയുന്ന കനത്ത പുരികങ്ങൾ? നമ്മുടെ കാതിലും മൂക്കിലും ഏറെ രോമങ്ങൾ. അടയ്ക്കാൻ കഴിയുന്ന മൂക്ക്. മണ്ണും പൊടിയും കയറാതെ സൂക്ഷിക്കാനാണിതെല്ലാം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള പച്ചിലകൾ കടിച്ചെടുക്കാൻ സഹായിക്കുന്ന നീണ്ട കഴുത്ത്’

മകൻ : ‘എന്തിനാണമ്മേ ചുണ്ടുകൾക്ക് ഇത്ര കനം?’

അമ്മ : ‘മരുഭൂമിയിലെ മുൾച്ചെടികൾ പോലും തിന്നാൻ കനത്ത ചുണ്ടുകൾ സഹായിക്കും. ഇത്രയുമൊന്നുമല്ല മോനേ, വേറെയുമുണ്ട് നമ്മുടെ ശരീരത്തിന് പല സവിശേഷതകളും. എല്ലാം മരുഭൂമിയിലെ ജീവിതത്തിനു പറ്റിയവ’.

മകൻ : ‘അമ്മ പറഞ്ഞതെല്ലാം എനിക്കു നല്ലപോലെ മനസ്സിലായി. ഇനി ഒരു സംശയം മാത്രം. നമ്മുടെ ശരീരത്തിലെ വിശേഷങ്ങളെല്ലാം മരുഭൂമിയിലെ ജീവിതത്തിന് ഒന്നാന്തരം. പക്ഷേ നല്ല പച്ചപ്പും തണുപ്പും ഉള്ള  ഈ മൃഗശാലയിൽ കഴിയുന്ന നമുക്ക് ഇവകൊണ്ട് എന്തു പ്രയോജനമാണ്?’

അമ്മയ്ക്കു മറുപടി ഇല്ലാതായി. അപ്പോൾ അതാണു കാര്യം. നമുക്കു പല കഴിവുകളും സാമർത്ഥ്യങ്ങളും ഉണ്ടായിരിക്കാം. അവ  പ്രയോഗിക്കാൻ പറ്റുന്ന സഥലത്തും സമയത്തും ചെന്നില്ലെങ്കിൽ, പ്രയോജനമില്ല. സ്വന്തം ശേഷികളിൽ ദുരഭിമാനംപൂണ്ട് വീമ്പിളക്കി എവിടെയെങ്കിലും ഒതുങ്ങിക്കൂടിയാൽ, അർഹിക്കുന്ന നേട്ടങ്ങളോ അംഗീകാരമോ കൈവരില്ല. 

കിട്ടിയ ജോലിയിൽ സ്വന്തം കഴിവുകൾ പ്രയോഗിക്കാനാവില്ലെങ്കിൽ, മെച്ചമായ പുതിയ ജോലി തേടാൻ വിമുഖത വേണ്ട. ജോലി ദൂരസ്ഥലത്താകും, പുതിയ ജോലിയിലെത്തിയാൽ വെറും തുടക്കക്കാരനായിപ്പോകും എന്നെല്ലാമുള്ള ഭീതികൾ വളർച്ചയ്ക്കു തടസ്സമായിക്കൂടാ. എല്ലാവരും ഒരു ഘട്ടത്തിൽ തുടക്കക്കാരായിരിക്കും. ഉത്സാഹശീലർ സ്ഥിരപ്രയത്നംവഴി ക്രമേണ ഉയരങ്ങളിലേക്കു നീങ്ങും. സംശയാലുക്കളും പ്രയത്നഭീരുക്കളും സ്വന്തം കഴിവുകൾ പാഴാക്കി പിൽക്കാലത്തു ദുഃഖിച്ചെന്നു വരാം. ആയ കാലത്ത് കഴിവിനൊത്ത മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നവരാണ് വിജയികൾ.

ഏതു കാര്യത്തിലായാലും മികച്ച നൈപുണി നേടാൻ നല്ല ഇച്ഛാശക്തി വേണം. സാമർത്ഥ്യമെന്നാലെന്ത് എന്ന പഴയ ചോദ്യമുണ്ട്. അന്യർ ചെയ്യാൻ വിഷമിക്കുന്നത് നിസ്സാരമായി ചെയ്യുന്നതാണ് സാമർത്ഥ്യം. നമുക്കുള്ള കഴിവുകൾ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞാലേ പൂർണസംതൃപ്തി കൈവരൂ. അതിനു സാഹചര്യമില്ലെങ്കിൽ, പുതിയ സാഹചര്യം കണ്ടെത്തണം. കൈവശമുള്ള കഴിവുകൾ പാഴായിക്കൂടാ. പ്രയോഗിക്കുന്നതിൽ പിശുക്കു വേണ്ട. നാം പ്രതീക്ഷിക്കാത്ത വലിയ വിജയം കൈവരാനും മതി.

എല്ലാവരും വലിയ സാമർത്ഥ്യവുമായി ജനിക്കുന്നവരല്ല. പക്ഷേ അതിസമർത്ഥരെ പിൻതള്ളി സാമർത്ഥ്യം കുറ‍ഞ്ഞവർ സ്ഥിരപരിശ്രമംവഴി വിജയിക്കാറുണ്ട്. ആമയും മുയലും പങ്കെടുത്ത ഓട്ടമത്സരത്തിലെപ്പോലെ. പാട്ടിൽ ഏറ്റവും മികച്ച കിളികൾ മാത്രം പാടിയാൽ കാടു മുഴുവൻ നിശ്ശബ്ദമാവും എന്ന് ബഹുമുഖപ്രതിഭയായിരുന്ന ഹെൻറി വാൻ ഡൈക് (1852–1933).

കഴിവുകൾ പ്രയോജനപ്പെടുത്താതെ ആലസ്യത്തെ പുണർന്ന് അവസരങ്ങൾ നഷ്ടമാക്കുന്നവർ നിശ്ചയമായും പശ്ചാത്തപിക്കും. അതിനു വഴി നല്കിക്കൂടാ. പ്രയത്നമെന്നത് കഠിനമല്ല, രസകരമാണ് എന്നു കരുതിയാൽ യുദ്ധം പാതി ജയിച്ചു. ‘സമർത്ഥർക്ക് അവസരം കൈവരും. പക്ഷേ സാമർത്ഥ്യം വേണമെന്ന് തീവ്രമായ ആഗ്രഹം വേണം’ എന്ന് ബ്രൂസ് ലീ. ഏതെങ്കിലും വിഷയത്തിൽ സാമർത്ഥ്യം ഏവർക്കുമുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രയോഗിക്കാൻ പറ്റുന്ന ചുറ്റുപാട് കണ്ടെത്തുന്നത് പ്രധാനം.  കഴിവുകൾ പ്രയോഗിക്കാനുള്ളവയാണ്. ‘സൂര്യന്റെ നില നോക്കി സമയം അറിയിക്കുന്ന സൺഡയൽ മരത്തണലിൽ വച്ചിട്ടെന്തു കാര്യം?’ എന്ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ. മൃഗശാലയിലെ ഒട്ടകം ആകരുത് നമ്മൾ.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA