sections
MORE

11 മണിക്ക് തീരേണ്ട ജോലി 3 മണി വരെ നീട്ടുന്നത് ഹാർഡ് വർക്ക്, മനേജർക്കിഷ്ടം ഈ തൊഴിലാളിയെ!

Hard_work
SHARE

വളരെ വർഷങ്ങൾക്ക് മുൻപാണ്, ഇന്ത്യയിലെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിൽ ഗവേഷണം ചെയ്യുന്ന സമയം. എന്റെ ജോലികളിൽ സഹായിക്കാനായി ഒരു റിസർച്ച് അസിസ്റ്റൻറ്റും ഉണ്ട്. അദ്ദേഹത്തെ കിരൺ എന്ന് വിളിക്കാം (യഥാർത്ഥ പേരല്ല). കിരണിന്റെ പ്രധാന ജോലികൾ സാമ്പിളുകൾ  പ്രസ് ചെയ്‌ത്‌ ഫർണസിൽ (ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്ന ഉപകരണം) വയ്ക്കുക, അത് തീരുമ്പോൾ സാമ്പിളുകൾ ക്വാളിറ്റി അനാലിസിസ് ചെയ്യുക, റിപ്പോർട്ട് എഴുതുക, ഇവയൊക്കെയാണ്. കംപ്യൂട്ടർ ഒക്കെ ഒരു ഓഫീസിൽ ഒരെണ്ണം ഒക്കെ കാണുന്ന കാലമാണ്. അത് കൊണ്ട് ദിവസേനയുള്ള റിപ്പോർട്ടുകൾ കൈ കൊണ്ട് ബുക്കിൽ എഴുതുകയാണ് പതിവ്. ഫർണസിൽ സാമ്പിൾ വച്ചാൽ അത് അതിന്റെ ഫുൾ പ്രവർത്തനം കഴിഞ്ഞു, തണുത്തിട്ട് സാമ്പിൾ പുറത്തെടുക്കാൻ ഏകദേശം അഞ്ചു മണിക്കൂർ വേണം. ഈ സമയത്താണ്, അടുത്ത ദിവസത്തേക്കുള്ള സാമ്പിളുകൾ പ്രസ് ചെയ്തുണ്ടാക്കുന്നതും, കഴിഞ്ഞ ദിവസത്തെ സാമ്പിളുകളുടെ ബാക്കിയുള്ള ക്വാളിറ്റി വിശകലനം നടത്തുന്നതും റിപ്പോർട്ട് കംപ്ലീറ്റ് ചെയ്യുന്നതും ഒക്കെ.

കിരൺ ജോലിയിൽ വളരെ സമർത്ഥനാണ്. മുകളിൽ പറഞ്ഞ ജോലികൾ ഒക്കെ പതിനൊന്ന് മണിയോടെ തീർക്കും. അടുത്ത ജോലി ഫർണസ് തണുത്തിട്ട് ഏകദേശം മൂന്ന് മണിക്ക് ശേഷമേ ഉള്ളൂ, ലഞ്ച് സമയം മാറ്റിയാലും, പിന്നെയും മൂന്ന് മണിക്കൂർ ഫ്രീ ഉണ്ട്. വേണമെങ്കിൽ അദ്ദേഹത്തിന് ഇത് വലിച്ചു നീട്ടി ആ മൂന്ന് മണിക്കൂർ കൊണ്ട് ചെയ്യാം.

ഒരിക്കൽ കിരൺ എന്നോട് ചോദിച്ചു

"സുരേഷ് ഫ്രീ ആയിട്ടുള്ള സമയം ഞാൻ PSC ടെസ്റ്റിന് പഠിച്ചോട്ടെ?"

"എനിക്ക് പ്രശ്നം ഇല്ല"എന്ന് ഞാൻ പറഞ്ഞു.

അങ്ങിനെ ഏൽപ്പിച്ച ജോലി ഒക്കെ കൃത്യമായി ചെയ്തു കിരൺ ബാക്കി ഫ്രീ ടൈമിൽ PSC ടെസ്റ്റിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം സീനിയർ സയന്റിസ്റ്റ് ആയ ഹരിസാർ (യഥാർത്ഥ പേരല്ല) ലാബിലേക്ക് വരുന്നത്. അദ്ദേഹം നോക്കിയപ്പോൾ കിരൺ PSC ബുക്കും തുറന്നു വച്ചിരിക്കുന്നു. അദ്ദേഹം കോപിഷ്ഠനായി.

എന്നോട് പറഞ്ഞു, "നീ ലഞ്ച് കഴിഞ്ഞ് എന്റെ ഓഫീസിലേക്ക് വരണം." ഞാൻ ചെന്നു.

അദ്ദേഹത്തിന്റെ കോപം അടങ്ങിയിട്ടില്ല, അദ്ദേഹം പറഞ്ഞു

"നീ, അവന്, ആവശ്യത്തിന് ജോലി കൊടുക്കുന്നില്ല, അവനെ ഇരിക്കാൻ സമ്മതിക്കരുത്."

ഞാൻ തിരിച്ചൊന്നും പറഞ്ഞും ഇല്ല, കിരണിനോടും ഒന്നും പറഞ്ഞില്ല. എല്ലാം പഴയതു പോലെ തന്നെ പോയി. അദ്ദേഹം പിന്നെ ചെക്ക് ചെയ്യാനും വന്നിട്ടില്ല.

നാട്ടിലെ പല മാനേജർ മാരും ഇങ്ങനെയാണ്. എംപ്ലോയീസ് 'ഹാർഡ്-വർക്ക്' ചെയ്യുന്നുണ്ടോ എന്നാണ് അവർക്കറിയേണ്ടത്. ചെയ്യുന്നത് 'സ്മാർട്ട്' ആയാണോ ചെയ്യുന്നത് എന്ന് അറിയേണ്ട കാര്യമില്ല.

"അവനെ/അവളെ ഇരിക്കാൻ സമ്മതിക്കരുത്' എന്ന മനഃസ്ഥിതി.

എന്താണ് ഹാർഡ് വർക്കും 'സ്മാർട്ട്' വർക്കും തമ്മിലുള്ള വ്യത്യാസം?

ഹാർഡ് വർക്ക് എന്നാൽ ധാരാളം സമയവും, പ്രയത്‌നവും ചെയ്ത് നിശ്ചയിച്ച ഒരു ജോലി (പരമ്പരാഗത രീതിയിൽ) ചെയ്തു തീർക്കുന്നത്.

പതിനൊന്ന് മണിക്ക് തീരേണ്ട ജോലി വലിച്ചു നീട്ടി മൂന്ന് മണി വരെ മാനേജരെ ഇമ്പ്രസ് ചെയ്യാനായി മാത്രമുള്ള ജോലി.

സ്മാർട്ട് വർക്ക് എന്നാൽ, വളരെ കുറച്ചു സമയം കൊണ്ട്, കാര്യക്ഷമയായി അത്രയും ജോലി കൃത്യമായും, ഫലപ്രദമായും ചെയ്യുന്നതാണ് സ്മാർട്ട്' വർക്ക്. സ്മാർട്ട് ആയി ചെയ്യുന്നത് കൊണ്ട് നമുക്ക് ധാരാളം സമയം ലഭിക്കുകയും ആ സമയം മറ്റുള്ള ജോലികൾക്കായി ഉപയോഗിക്കുകയും ചെയ്യാം.

എങ്ങിനെയാണ് ജോലിയിൽ 'സ്മാർട്ട്' ആകുന്നത്?

1. കൃത്യമായ പ്ലാനിങ്. എന്ത് ജോലിയാണ് ചെയ്യുന്നത്, എത്ര സമയം കൊണ്ട് ചെയ്തു തീർക്കാം തുടങ്ങിയവ പ്ലാൻ ചെയ്യുക.

2. ജോലി എളുപ്പമാക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുക. പുസ്തകങ്ങളിൽ നിന്നും, മറ്റുള്ള റിസോർസുകളിൽ നിന്നും University of Chicago യിലെ ശാസ്ത്രജ്ഞൻ ആയിരുന്ന പ്രൊഫസ്സർ Henry Westheimer പറഞ്ഞത് "A month in the laboratory can often save an hour in the library." ലൈബ്രറിയിൽ നിന്ന് മാത്രമല്ല, ചിലപ്പോൾ നിങ്ങളുടെ ഏരിയയിൽ ജോലി ചെയ്യുന്നവരും ആയി സംസാരിച്ചാലും ഒരു പക്ഷെ നിങ്ങൾക്ക് ജോലി ചെയ്യാനുള്ള നൂതന മാർഗ്ഗങ്ങൾ കിട്ടും.

3. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള (state of the art) ഉപകരണങ്ങള്‍ ജോലി സ്മാർട്ട് ആയി ചെയ്യാൻ സഹായിക്കും. ഉദാഹരണത്തിന് പണ്ടൊക്കെ മരങ്ങൾ മുറിക്കാൻ കോടാലി ഉപയോഗിച്ചിരുന്നത് ഇപ്പോൾ നൂതനമായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ചെയ്യാം.

4. ജോലികൾ പ്രാധാന്യം അനുസരിച്ചു ചിട്ടയോടെ ചെയ്യുക. മുകളിൽ പറഞ്ഞ കിരൺ, ചിട്ടയോടുകൂടിയ പ്രവർത്തനം കൊണ്ടാണ് സമയം ലാഭിച്ചത്. വീട്ടിൽ ജോലി ചെയ്യുമ്പോൾ അരിയിട്ടിട്ട്, അത് തിളയ്ക്കുന്ന സമയം കൊണ്ട് വേറൊരു അടുപ്പിൽ കറി വയ്ക്കുന്ന പോലെ. ചോറ് വാർക്കുമ്പോളേക്കും കറികളും റെഡി ആകുന്നത് സ്മാർട്ട് കുക്കിങ്. എല്ലാം കൂടി പരമാവധി ഒരു മണിക്കൂർ.

5. സ്മാർട്ട് ആയാൽ മാത്രം വിജയം കൈവരിക്കാൻ പറ്റില്ല. അഞ്ചു മണിക്കൂറിന്റെ ജോലി രണ്ടു മണിക്കൂർ ചെയ്തിട്ട് ബാക്കി സമയം അലസമായി ഇരുന്നിട്ട് കാര്യമില്ല. കേട്ടിട്ടില്ലേ "Successful people work smart and also exceptionally hard." അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസന്ററ്റീവ് മുൻ സ്‌പീക്കർ Newton Leroy പറഞ്ഞപോലെ perseverance “Perseverance (അക്ഷീണപരിശ്രമം) is the hard work you do after you get tired of doing the hard work you already did.” എന്നാണ്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA