sections
MORE

സർക്കാർ ജോലി കുറയില്ല, ലിസ്റ്റുകൾ ചുരുക്കില്ല: പിഎസ്‍സി ചെയർമാൻ

psc-exam-image
SHARE

വരാനിരിക്കുന്നത് സർക്കാർ ജോലികളിൽ കുറവു വരുന്ന കാലമല്ലെന്നും എന്നാൽ, ജീവനക്കാരുടെ കർമശേഷി വർധിപ്പിക്കേണ്ടിവരുമെന്നും പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ.

കോവിഡിനുശേഷം തൊഴിൽ മേഖലയെക്കുറിച്ചു പരക്കെ ആശങ്കയുണ്ട്. അതു സർക്കാർ ജോലികളുടെ കാര്യത്തിലുമുണ്ട്. പക്ഷേ, കോവിഡിനു പിറകെ സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല എന്നതാണു വാസ്തവം. പകരം, ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യതയുണ്ട്. അതേ സമയം, കോവിഡ് കൊണ്ടുവന്ന മാറ്റങ്ങൾ സർക്കാർ മേഖലയിലടക്കം പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. ഇത്തരം കാര്യങ്ങളിൽ ക്രിയാത്മകമായ വിലയിരുത്തലാണു വേണ്ടതും. 

‘ആരോഗ്യം’വർധിക്കും 

ആരോഗ്യ മേഖലയിലെ കേരള മോഡൽ ലോക പ്രസിദ്ധമാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ തുടങ്ങി ശുചീകരണ ജീവനക്കാർ വരെയുള്ളവരുടെ സേവന മനസ്ഥിതിയും വൈദഗ്ധ്യവും ഈ നേട്ടത്തിനു പിന്നിലുണ്ട്. കോവിഡ്–19 സാഹചര്യത്തിൽ കേരളത്തിലെ ആരോഗ്യ മേഖലയുടെ ഈ വൈദഗ്ധ്യം നമ്മൾ വീണ്ടും കണ്ടു. ലോകമെങ്ങും അംഗീകരിച്ച ഈ നിലയിൽനിന്ന് ഇനി പിന്നോട്ടു പോകാൻ നമുക്കു കഴിയില്ല. അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ളതിൽ കുറയാനല്ല, കൂടാൻ തന്നെയാണ് സാധ്യത. ഈ മേഖലയിലെ തൊഴിലന്വേഷകരുടെ സാധ്യതകൾ അതുകൊണ്ടുതന്നെ ഇരട്ടിക്കും. 

പൊലീസിനും ‘ബലം’ 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട മറ്റൊരു പ്രധാന വിഭാഗമാണു പൊലീസ് വകുപ്പ്. ലോക്ഡൗൺ നിർദേശങ്ങൾ നടപ്പാക്കുന്നതിനൊപ്പം അവശ്യസേവനങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ സേനാവിഭാഗങ്ങൾക്കു കഴിഞ്ഞു. കോവിഡിനു ശേഷവും ഇത്തരം പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പൊലീസിലേക്കു കൂടുതൽ നിയമനങ്ങൾ നടക്കാൻ സാധ്യതയുമുണ്ട്. സിവിൽ പൊലീസ് ഓഫിസർമാരുടെ ഏഴു ബറ്റാലിയനിലേക്കും ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇതിലേക്കുള്ള പുതിയ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഉൾപ്പെടാൻ കാത്തുനിൽക്കുന്നവർക്കും അവസരങ്ങൾ ഉണ്ടാവും. 

ജനങ്ങളുമായി കൂടുതൽ ഇടപ്പെട്ടു പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്ല രീതിയിൽ നിയമനം നടക്കാൻ സാധ്യത കാണുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ കോമൺ സർവീസ്, ഗ്രാമവികസനം, സാമൂഹികനീതി തുടങ്ങിയവയിലേക്കുള്ള വിവിധ തസ്തികകളിലും സാധ്യതകൾ കൂടുതലാണ്. 

പുനർവിന്യാസ സാധ്യത 

കോവിഡിനു ശേഷം ചില സർക്കാർ വകുപ്പുകളിലെ തൊഴിലവസരങ്ങൾ വലിയ തോതിൽ കുറയുമെന്ന പ്രചാരണമുണ്ട്. എന്നാൽ, അങ്ങനെയൊരു പ്രതിസന്ധി പ്രതീക്ഷിക്കുന്നില്ല. എല്ലാ തസ്തികകളിലെയും കേഡർ സ്ട്രെങ്തിനനുസരിച്ചു നിയമനം നടത്തിയേ കഴിയൂ. ഇതിൽനിന്നു പിന്നാക്കം പോകാൻ സർക്കാരിനു കഴിയില്ല. 

ജോലിഭാരത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചു ചില വകുപ്പുകളിലെ ജീവനക്കാരെ മറ്റു ചില വകുപ്പുകളിലേക്കു പുനർവിന്യസിക്കേണ്ടി വന്നേക്കാം. എന്നാൽ, ഇതിന്റെ പേരിൽ തസ്തിക വെട്ടിക്കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിയമന നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 

ഉണരണം, കർമശേഷി 

കോവിഡിനു ശേഷം സർക്കാർ വകുപ്പുകളിലെ ജോലിസാഹചര്യങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ സ്വയംപര്യാപ്തതയിലേക്ക് എത്തേണ്ടതായി വരും. ഉൽപാദന മേഖലകളിലുള്ള സ്ഥാപനങ്ങളും കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. നഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുണ്ടായെങ്കിലേ നിയമനങ്ങളും കുറയാതിരിക്കൂ. 

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനാണു വിനിയോഗിക്കുന്നതെന്ന പ്രചാരണമുണ്ട്. എന്നാൽ, അങ്ങനെയല്ല കാര്യങ്ങളെന്നും ജീവനക്കാർ ജനങ്ങൾക്കൊപ്പം നിന്നെങ്കിലേ സർക്കാർ സേവനങ്ങൾ മുടക്കം കൂടാതെ ജനങ്ങളിലെത്തൂ എന്നും അത്തരം പ്രചാരണം നടത്തുന്നവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നികുതിദായകരോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സർക്കാർ ജീവനക്കാർ ഇനി കൂടുതൽ ശ്രദ്ധിക്കുകയും വേണം. 

ലൈവാണ് ലിസ്റ്റുകൾ 

ആരോഗ്യ മേഖലയിലെ നിയമനത്തിനു പിഎസ്‌സി മുന്തിയ പരിഗണനയാണു നൽകുന്നത്. അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ആരോഗ്യ മേഖലയിലെ സേവനത്തിനു വേണ്ട ജീവനക്കാരുടെ റാങ്ക് ലിസ്റ്റുകൾ എപ്പോഴും സജീവമായി നിലനിർത്താനാണു ശ്രമം. 

ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് പ്രസിദ്ധീകരികരിക്കണമെന്നതാണു പിഎസ്‍സി നയം. ലോക്ഡൗണിനെ തുടർന്നു പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ പല നടപടിക്രമങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഇതു വൈകാതെ പൂർവ സ്ഥിതിയിലെത്തിക്കാനാണു ശ്രമം. എൽഡിസി ഉൾപ്പെടെ പ്രധാന തസ്തികകളുടെയെല്ലാം റാങ്ക് ലിസ്റ്റ് നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കുതന്നെ പ്രസിദ്ധീകരിക്കും.

ലിസ്റ്റുകൾ ചുരുക്കാൻ സർക്കാർ നിർദേശമില്ല 

പിഎസ്‌സി ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ കുറയ്ക്കുന്നു എന്ന ആരോപണം ശരിയല്ല. സർക്കാരിൽനിന്ന് ഇങ്ങനെയൊരു നിർദേശവും പിഎസ്‌സിക്കു ലഭിച്ചിട്ടില്ല. ഒരു തസ്തികയുടെ മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ അത്രയും ഉദ്യോഗാർഥികളെത്തന്നെ പുതിയ ലിസ്റ്റിലും ഉൾപ്പെടുത്തണം എന്ന വാദത്തിൽ കഴമ്പില്ല. റിപ്പോർട്ട് ചെയ്തതും ചെയ്യപ്പെടുന്നതുമായ ഒഴിവുകളുടെ ഏറ്റക്കുറച്ചിലുകൾ പരിശോധിച്ചാണു കാലാകാലങ്ങളിൽ വിവിധ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്. 

മുൻപുണ്ടായിരുന്നതുപോലെ റാങ്ക് ലിസ്റ്റുകൾ നാലര വർഷം വരെ നീണ്ടുപോകുന്ന സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ പരമാവധി 3 വർഷം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവുകൾ വിലയിരുത്തിയാണു ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത്. അതിനാൽ പരീക്ഷ എഴുതിയവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA