ADVERTISEMENT

എഴുത്തു പരീക്ഷാ കേന്ദ്രീകൃതമായ കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ നിന്നു നാം മാറിച്ചിന്തിക്കേണ്ടതില്ലേ ? മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിലെ (ടിസ്സ്) അസിസ്റ്റന്റ് പ്രഫസർ ഡോ. സുരേഷ് മാധവൻ ബദൽ വഴികൾ ചൂണ്ടിക്കാട്ടുന്നു. 

വിദ്യാർഥികൾക്കു വലിയ സമ്മർദമുണ്ടാക്കുന്ന പരമ്പരാഗത പരീക്ഷാ രീതിക്കപ്പുറമുള്ള വിലയിരുത്തൽ വഴികളെക്കുറിച്ചു ചിന്തിക്കാനുള്ള സമയമാണിപ്പോൾ. വിലയിരുത്തലിന്റെ പുതിയ രീതികൾ ഉപയോഗിച്ചാൽ, വിദ്യാർഥിയെ അറിഞ്ഞു വിലയിരുത്താം പലപ്പോഴും. ഓരോ കോഴ്സും ആവശ്യപ്പെടുന്നതു വ്യത്യസ്ത തരത്തിലുള്ള അറിവു സമ്പാദനമാണ്. അതു പഠിപ്പിക്കുന്ന രീതിയിലുമുണ്ട് വ്യത്യാസം. അതിനാൽ അതു കുട്ടികൾ ഉൾക്കൊണ്ടോ എന്നറിയാനുള്ള രീതികളിലും വ്യത്യാസം വരണം. ഏകീകൃത എഴുത്തു പരീക്ഷയിലൂടെ മാത്രം കുട്ടി എന്തു പഠിച്ചുവെന്നു മുഴുവനും മനസ്സിലാക്കാനാവില്ല. വിജയ/പരാജയം നിശ്ചയിക്കാൻ, അല്ലെങ്കിൽ ഗ്രേഡ് നിശ്ചയിക്കാൻ അതുമൊരു വഴിയാണെന്നു മാത്രം. പക്ഷേ, വൈവിധ്യമാർന്ന ചുറ്റുപാടുകളിൽ നിന്നു വരുന്ന വിദ്യാർഥിയെ സമഗ്രമായി വിലയിരുത്താൻ അതുമാത്രം പ്രധാന ഉപാധിയാകുന്നതിൽ യുക്തിയില്ല. ഏറെക്കുറെ നീതിപൂർവകമായ സമീപനം നിരന്തര മൂല്യനിർണയ‍മാണ്. ഇതു പക്ഷേ എല്ലാം ഗ്രേഡഡ് ആവണം എന്നില്ല. വിവിധ ഉപാധികളിലൂടെ, വിദ്യാർഥിയെ അറിഞ്ഞു വിലയിരുത്തുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. 

വിലയിരുത്തലിലും അധ്യാപക– വിദ്യാർഥി സംവേദനം വേണം

ഓരോ കുട്ടിയും ആർജിച്ച അറിവ്/ ശേഷികൾ എന്തുമാത്രമുണ്ട്? അതെത്രമാത്രം പ്രയോഗവൽക്കരിക്കാനറിയാം? മുൻപത്തേതിനേക്കാളും എന്ത് ഇംപ്രൂവ്മെന്റാണ് കുട്ടിക്ക് ഉണ്ടായിട്ടുള്ളത്? ഇപ്പോൾ ലഭിച്ചിരിക്കുന്ന മാർക്ക്/ ഗ്രേഡ് കുട്ടിയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു... ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സമഗ്രമായി വിലയിരുത്താനാവണം. തീർച്ചയായും എഴുത്തുപരീക്ഷ ഒരു വഴിയാണ്. ഒപ്പം അസൈൻമെന്റ്, ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ, റിസർച് പ്രോജക്ട്, ഫീൽഡ് എക്സ്പീരിയൻസ് റിപ്പോർട്ട്, പ്രസന്റേഷൻ, ആത്മകഥാ വിവരണം, പുസ്തക നിരൂപണം, പ്രബന്ധരചന, പിയർ അസസ്മെന്റ്... ഇങ്ങനെ പലവിധ വഴികളിലൂടെ വിദ്യാർഥികളെ വിലയിരുത്താം. ഓരോ കോഴ്സിന്റെയും പ്രത്യേകത അനുസരിച്ചു വേണം ഏതു രീതിയിൽ മൂല്യനിർണയം നടത്തണം/ ഓരോന്നിന്റെയും വെയ്റ്റേജ് എത്ര എന്നൊക്കെ തീരുമാനിക്കാൻ. ഇക്കാര്യത്തിൽ ഏറ്റവും ഉചിതമായ തീരുമാനമെടുക്കാനാവുക അധ്യാപകർക്കാണ്. നിർഭാഗ്യവശാൽ, സിലബസ് തയാറാക്കുന്നതിലും, ചോദ്യപ്പേപ്പർ തയാറാക്കുന്നതിലും, മൂല്യനിർണയം നടത്തുന്നതിലും, വിദ്യാർഥിയെ പഠിപ്പിക്കുന്ന അധ്യാപകന്റെ പങ്ക് പരിമിതമാണെന്നതാണു നമ്മുടെ പരമ്പരാഗത സർവകലാശാലാ സമ്പ്രദായത്തിന്റെ പ്രധാന പോരായ്മ. 

കുട്ടികളെ വിലയിരുത്തുന്നതിനുള്ള ഓരോ ഉപാധികളിലും അധ്യാപകനു സ്വയം വിലയിരുത്താനുള്ള അവസരം കൂടിയുണ്ട്. നമ്മൾ പഠിപ്പിച്ചതിൽ നിന്നു വിദ്യാർഥികൾ എന്തു മനസ്സിലാക്കി എന്നതിനെപ്പറ്റി അധ്യാപകർ തിരിച്ചറിയേണ്ടതു വിദ്യാഭ്യാസ ഗുണനിലവാരത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. എഴുത്തുപരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ ഈ തിരിച്ചറിവിനും അവസരം കുറയും. വിദ്യാർഥികളെ വിലയിരുത്തുന്നതിൽ ഫലപ്രദമായ വിദ്യാർഥി–അധ്യാപക സംവേദനം സാധ്യമായാൽ അധ്യാപന ഗുണനിലവാരവും ഉയരും. 

തീർച്ചയായും ഒരു രീതിയും കുറ്റമറ്റതല്ല. നിരന്തരമായ വിലയിരുത്തൽ യാന്ത്രികമായി ചെയ്താൽ പഠിപ്പിക്കുന്നതിനു പകരം ഒരു സെമസ്റ്റർ മുഴുവനും പരീക്ഷകൾ മാത്രമായി ചുരുങ്ങാം. ഓരോ രീതികൾക്കും പല പോരായ്മകളുമുണ്ട്. എന്നാൽ, വിദ്യാർഥികളെ വിലയിരുത്തുന്നതിൽ യാന്ത്രിക സമീപനം മാറ്റി കുറേക്കൂടി ക്രിയാത്മകമാക്കണമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. അതിനുള്ള ശ്രമങ്ങൾക്ക് ഇനിയും മടിച്ചു നിന്നുകൂടാ. 

ടിസ്സിലെ രീതികൾ

ഞാൻ പഠിപ്പിക്കുന്ന ടിസ്സിൽ ഓരോ കോഴ്സും കൈകാര്യം ചെയ്യുന്ന അധ്യാപകരാണു വിലയിരുത്തൽ രീതികൾ തീരുമാനിക്കുന്നത്. ചിലർ പരീക്ഷാ ഹാളിൽ പുസ്തകം നോക്കി എഴുതുന്നത് അനുവദിക്കും. ഈ ചോദ്യങ്ങൾ പലപ്പോഴും വിലയിരുത്തുന്നതു വിദ്യാർഥിയുടെ ഓർമശക്തി ആയിരിക്കില്ല. പകരം ചിന്താശേഷി ആയിരിക്കും. അവർക്ക് ഉദ്ധരണികൾ പുസ്തകത്തിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ നേരിട്ട് എടുക്കാം. എന്നാൽ ആശയങ്ങൾ അവരുടെ സ്വന്തം തന്നെ ആയിരിക്കണം. ചിലർ പാഠ ഭാഗങ്ങൾ മുൻകൂട്ടി അറിയിച്ചു തയാറായി വരാൻ പറയും. മറ്റു ചിലർ ക്വിസ് സംഘടിപ്പിക്കും. ഞാൻ എന്റെ കോഴ്സിൽ ചില പേപ്പറുകൾ ക്ലാസെടുക്കുന്നതിനു മുൻപേ കുട്ടികളോടു വായിച്ചു മനസ്സിലാക്കി വരാൻ പറയും. എന്നിട്ട് അതിനെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോം വഴി ചോദ്യോത്തരപംക്തി നടത്തും. ഇങ്ങനെ എഴുത്തു പരീക്ഷയ്ക്കു തന്നെ പല രീതികളാണ്. നേരിട്ടുള്ള ചോദ്യങ്ങളേക്കാൾ കൂടുതൽ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട വിമർശനാത്ക, വിശകലാനത്മക തലത്തിലുള്ള ചോദ്യങ്ങളാണു പൊതുവെ നൽകുക. ഇതിനു പുറമെ അസൈൻമെന്റുകൾ, പ്രോജക്ട്, സെമിനാറുകൾ, പ്രസന്റേഷൻ തുടങ്ങിയവ സ്വീകരിക്കുന്ന അധ്യാപകരുണ്ട്. പ്രായോഗിക പരിശീലനത്തിനുള്ള ഫീൽഡ് തല ജോലികൾക്കു വിട്ട കുട്ടികളെ വിലയിരുത്തുന്നതു ചിലപ്പോൾ ആ എക്സ്പീരിയൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും. 

English Summary : TISS Assistant Professor Suresh Madhavan about Alternative Methods of Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com