ADVERTISEMENT

കോവിഡ് വ്യാപനഭീതി തുടരുമെന്നതിനാൽ ഐടി കമ്പനികൾ ഡിസംബർ വരെയെങ്കിലും നിലവിലുള്ള 'വർക് ഫ്രം ഹോം' രീതി തുടർന്നേക്കും. സെർവർ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ അടിയന്തര ജോലികൾക്കായി 10 % വരെ ജീവനക്കാർ മാത്രമാണ് മിക്ക കമ്പനികളിലും എത്തുന്നത്. സർക്കാർ ഐടി പാർക്കുകൾക്ക് 10,000 ചതുരശ്രയടിക്ക് മൂന്നു മാസത്തെ വാടക ഇളവ് നൽകിയെങ്കിലും സ്വകാര്യ ഐടി കെട്ടിടങ്ങളിൽ ഇളവ് ലഭിക്കാത്തതിനാൽ സ്ഥലം ഒഴിയുന്നതിനെക്കുറിച്ചും ചില കമ്പനികൾ ആലോചിക്കുന്നുണ്ട്. ഓഫിസ് ഇല്ലാതെ അനിശ്ചിതകാലം വെർച്വലായി പ്രവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇവർക്കുള്ളത്. 

കോവിഡ് കാലം കഴിഞ്ഞാലും 4.5 ലക്ഷം ജീവനക്കാരിൽ 75 ശതമാനവും സ്ഥിരമായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുമെന്ന് ടാറ്റ കൺസൽറ്റൻസി സർവീസ് അറിയിച്ചതിനു പിന്നാലെ ഇൻഫോസിസും സമാനസൂചന നൽകി. അവരുടെ 33 % ജീവനക്കാർ സ്ഥിരമായി വർക് ഫ്രം ഹോം രീതിയിലേക്കു മാറിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഐടി പ്രമുഖരുമായി നടത്തിയ വിഡിയോ കോൺഫറൻസിലും പരമാവധി വർക് ഫ്രം ഹോം തുടരണമെന്ന നിർദേശമാണു നൽകിയത്. യുഎസ്ടി ഗ്ലോബൽ, ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) പോലെയുള്ള പ്രമുഖ കമ്പനികളുടെ 95 % ജീവനക്കാരും വർക് ഫ്രം ഹോമിലാണ്. 

'റിമോട്ട് പ്ലസ്' ആശയവും 

ചെന്നൈ കേന്ദ്രമായ കിസ്ഫ്ലോ കമ്പനി നടപ്പാക്കിയ റിമോട്ട് പ്ലസ് എന്ന ആശയവും ശ്രദ്ധ നേടുന്നു. നഗരത്തിനു പുറത്തുള്ളവർക്ക് ചെലവുകുറയ്ക്കലിന്റെ ഭാഗമായി അവരവരുടെ നാട്ടിലേക്കു പോകാം. ആവശ്യമെങ്കിൽ മാസത്തിൽ ഒരാഴ്ച മാത്രം ഓഫിസിൽ റിപ്പോർട്ട് ചെയ്താൽ മതി. ഈ ഒരാഴ്ചത്തെ താമസസൗകര്യം കമ്പനി ഒരുക്കും. 

വർക് നിയർ ഹോം: സർവേ തുടരുന്നു

സ്വന്തം വീടിനടുത്ത പ്രാദേശിക കേന്ദ്രത്തിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന 'വർക് നിയർ ഹോം' പദ്ധതിയുടെ സാധ്യത പരിശോധിക്കാനുള്ള സർവേ കമ്പനികൾക്കിടയിലും ജീവനക്കാർക്കിടയിലും പുരോഗമിക്കുന്നു. 

മെട്രോ നഗരങ്ങളിൽ പ്രീമിയം ഓഫിസ് സ്പെയ്സ് വർധിപ്പിക്കുന്നതിനു പകരം അവരവരുടെ നാട്ടിലെ സർക്കാർ നിയന്ത്രിത കോ–വർക്കിങ് കേന്ദ്രങ്ങളിൽ ജീവനക്കാരെ വിന്യസിച്ച് കോ–വർക്കിങ് രീതിയിലൂടെ കമ്പനികൾക്ക് ചെലവുകുറയ്ക്കാമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. കോവിഡ് മൂലം കമ്പനി പൂർണമായും അടച്ചിടുന്ന രീതി ഒഴിവാക്കാനും ഇത്തരം വികേന്ദ്രീകൃത ഓഫിസ് സങ്കൽപത്തിനു കഴിയും. കുടുംബത്തിനൊപ്പം നാട്ടിൽ കഴിയാമെന്നതിനാൽ ജീവനക്കാർ സംതൃപ്തരാകുമെന്നും പ്രാദേശിക സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണു പ്രതീക്ഷ. സർവേ: https://bit.ly/2UB2Ezr 

റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു പ്രതീക്ഷ 

മനോജ് മാത്യു 

കൊച്ചി ∙ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ജോലി (വർക് ഫ്രം ഹോം) ചെയ്യുന്ന രീതി വ്യാപകമായതു റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ സാധ്യത തുറക്കുന്നു. നഗര മേഖലകൾക്കു പുറത്ത്, ഓഫിസ് സൗകര്യം കൂടിയുള്ള പാർപ്പിടങ്ങളുടെ ആവശ്യം വർധിക്കും എന്നാണു വിലയിരുത്തൽ. 

നഗര മേഖലകളെ അപേക്ഷിച്ചു ചെലവു കുറയുമെന്നതിനാൽ നഗരപ്രാന്തങ്ങളിൽ മെച്ചപ്പെട്ട സൗകര്യമുള്ള വീടുകൾക്കു കൂടുതൽ ആവശ്യക്കാരുണ്ടായേക്കാം. 

വർക് ഫ്രം ഹോം സാധ്യമായ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ആവശ്യമെങ്കിൽ സ്വന്തം നാട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. യുഎസിലോ യൂറോപ്പിലോ ഗൾഫിലോ താമസിക്കുമ്പോഴുള്ള ചെലവു ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. ലോക്ഡൗൺ കാലത്തു തന്നെ ഇത്തരം സാധ്യതകളെക്കുറിച്ച് അന്വേഷണം വന്നു തുടങ്ങിയിരുന്നെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ സർക്കാർ പിന്തുണയും നിയമപരമായ ചട്ടക്കൂടും അത്യാവശ്യമാണെന്നും ക്രെഡായ് നാഷനൽ കൗൺസിൽ അംഗം ആന്റണി കുന്നേൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com