ADVERTISEMENT

‘കടുകിൻമണി മാത്രമുള്ളൊരു പരദോഷ–

 മുടനേ കാണുന്നു നീ, നിന്നുടെ ദോഷം പിന്നെ

കണ്ടാലും ഗജമാത്രം കാണുന്നീലേതുമതു

പണ്ഡിതന്മാർക്കുപോലുമുള്ളൊരു ശീലമത്രേ’  

ഗാന്ധർവിവാഹം ചെയ്ത ദുഷ്യന്തന്റെ രാജസന്നിധിയിൽ പുത്രനുമായി ശകുന്തളയെത്തുന്നു. പിറക്കുന്ന പുത്രനെ രാജാവാക്കാമെന്നു വാക്കു വാങ്ങിയിട്ടായിരുന്നു ശകുന്തള വിവാഹത്തിനു സമ്മതിച്ചത്. പക്ഷേ ശകുന്തളയെ താൻ വിവാഹം ചെയ്തിട്ടില്ലെന്നു രാജാവ്. ശകുന്തളയെ അതികഠിനമായി കുറ്റപ്പെടുത്തി, ആക്ഷേപവാക്കുകൾവഴി അപമാനിക്കുന്നു,   ശകുന്തളയുടെ മറുപടി എഴുത്തച്ഛൻ രേഖപ്പെടുത്തിയതിലെ ചില വരികളാണ് മുകളിൽ കണ്ടത് (മഹാഭാരതം – സംഭവപർവം).

അന്യന്റെ തീരെച്ചെറിയ വീഴ്ച വരെ പെരുപ്പിച്ചുകാട്ടുക, തന്റെ വലിയ അപരാധം പോലും കാണാതിരിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുക എന്ന തെറ്റായ രീതി ഇന്നും സാധാരണം. കടുകു കാണുന്നയാൾ ആനയെ കാണില്ല.

പക്ഷേ സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ശ്രമിക്കാത്തവർക്ക് എങ്ങനെയാണ് മെച്ചപ്പെടാൻ കഴിയുക? തെറ്റു വരുത്തുന്നത് ദൗർബല്യമോ വ്യക്തിപരമായ പരാജയമോ ആണെന്നും, അത് മാന്യത നഷ്ടപ്പെടുത്തുമെന്നും ഉള്ള വികലധാരണയാണ് ‘എനിക്കു തെറ്റു വരില്ല’ എന്ന സമീപനത്തിനു കാരണം. ചെയ്ത തെറ്റ് ദുരഭിമാനംകൊണ്ട് മറയ്ക്കാനാവില്ല. തെറ്റു വരുന്നത് മനുഷ്യസഹജം. തനിക്കു തെറ്റു പറ്റിയെന്നു സമ്മതിക്കുന്നവരെക്കുറിച്ച് അന്യർക്ക് മതിപ്പു കൂടാനാണ് സാധ്യത. പക്ഷേ തെറ്റിൽനിന്നു പാഠം പഠിക്കുന്നതും തെറ്റ് ആവർത്തിക്കാതിരിക്കുന്നതും പ്രധാനം. നാം മറച്ചുവച്ച തെറ്റ് പരസ്യമായി തെളിഞ്ഞാലാണ് മാനഹാനിയുണ്ടാകുക.

തെറ്റ് സ്വയം ഏറ്റുപറയാനുള്ള ധീരതയും അതു തിരുത്താനുള്ള ദൃഢനിശ്ചയവും ഉള്ളവർ എത്രയോ കുറവെന്ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ. അന്യരുടെ തെറ്റുകളിൽ ശ്രദ്ധയൂന്നുന്നതാണ് നമ്മുടെ ഏറ്റവും വലിയ തെറ്റ്. അയലത്തെ പറമ്പിലെ കല്ലെണ്ണുമ്പോൾ സ്വന്തം പറമ്പു  വൃത്തിയാക്കാൻ കഴിയില്ലെന്ന് സിസീറോ. തെറ്റു കാണാൻ  കണ്ണാടിയാണ്, ടെലിസ്കോപ്പല്ല ഉപയോഗിക്കേണ്ടത് എന്ന് പുതിയ മൊഴി. സമാനാശയവും ശകുന്തള പ്രകടിപ്പിച്ചതായി എഴുത്തച്ഛൻ.

 ‘കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം

നന്നെന്നു  നിരൂപിക്കുമെത്രയും വിരൂപന്മാർ’

മുഖത്തിനു വൈരൂപ്യമുള്ളവർ തങ്ങൾ സുന്ദരന്മാരാണെന്നു കരുതും. പക്ഷേ  കണ്ണാടിയുടെ മുന്നിലെത്തുമ്പോൾ സത്യം മനസ്സിലാക്കും. സ്വന്തം കുറ്റം തിരിച്ചറിയാത്തവരുടെ മുന്നിൽ ചിലർ കണ്ണാടിയായി പ്രവർത്തിച്ചേക്കാം.  ഇതു ഫലപ്രദമായി തിരുത്തലിനു വഴിവയ്ക്കാനും മതി.

രാത്രി കിടക്കുന്നതിനു മുൻപ് അന്നു ചെയ്ത കാര്യങ്ങളോർത്ത്, തനിക്കു തെറ്റു വല്ലതും വന്നുപോയോ എന്ന് സത്യസന്ധമായി സ്വയം വിലയിരുത്തുന്നത് വ്യക്തിത്വവികസനത്തെ സഹായിക്കുമെന്ന വിദഗ്ധമതമുണ്ട്.

അന്യരുടെ പിഴകളും പോരായ്മകളും തിരക്കുന്നതിനു പകരം സ്വന്തം തെറ്റുകൾ ഒഴിവാക്കാൻ ശ്രീബുദ്ധൻ നിർദ്ദേശിക്കുന്നു. സ്വന്തം തെറ്റുകളോടുള്ള മൃദുസമീപനം അന്യരുടെ തെറ്റുകളോടും വേണമെന്ന് ചൈനീസ് മൊഴി.

സ്വാമി വിവേകാനന്ദൻ : ‘നമ്മുടെ തെറ്റ് നാം കാണുന്നില്ല. കണ്ണുകൾ സ്വയം കാണുന്നില്ല; മറ്റെല്ലാവരു‌ടെയും കണ്ണുകൾ കാണുന്നു. അന്യരെ പഴി ചാരാൻ കഴിയുമെങ്കിൽ, മനുഷ്യരായ നാം സ്വന്തദൗർബല്യവും തെറ്റുകളും അംഗീകരിക്കുന്നത് വളരെ സാവധാനം മാത്രം. സ്വന്തം തെറ്റുകൾ ധീരമായേൽക്കുക. അന്യരുടെ മേൽ ചെളിവാരിയെറിയാൻ വരട്ടെ. നിങ്ങളുടെ തെറ്റുകളുടെ ചുമതല നിങ്ങൾക്കു മാത്രം’.

ചില കുട്ടികൾ കൂട്ടത്തിൽ ദുർബലരെ തിരഞ്ഞുപിടിച്ച്  ഉപദ്രവിക്കും. ഒരിക്കൽ ശ്രമം വിജയിച്ചാൽ അത്തരം കുറ്റം വീണ്ടും വീണ്ടും ആവർത്തിക്കും. ഭീകരവാദികൾ നിരപരാധികളെയും നിരുപദ്രവികളായ നിഷ്കളങ്കരെയും നിഷ്കരുണം കൊന്നൊടുക്കുന്നതിനുമുണ്ട് തുടക്കം. ഒരിക്കൽ വിജയിച്ചത് തരംകിട്ടുമ്പോഴെല്ലാം അതേ രീതിയിൽ അവർ ആവർത്തിച്ചുകൊണ്ടേയിരിക്കും. സീരിയൽ കൊലപാതകികളും ക്രൂരകൃത്യം ഇങ്ങനെ ആവർത്തിക്കും. ഇത്തരം ‘ഡോമിനോ ഇഫക്റ്റ്’ സ്വന്തം കുറ്റം മറയ്ക്കുന്നതിലുമുണ്ട്. ചുരുക്കത്തിൽ, ഇത് ശീലമാകും. നേരേമറിച്ച്, ആദ്യതെറ്റു തന്നെ സ്വയം അംഗീകരിച്ചു തിരുത്തിപ്പോയാൽ നാം വലിയ തെറ്റുകളിലേക്കു കടക്കില്ല.

‘അവൾ അഹങ്കാരിയാണ്’ എന്ന മട്ടിൽ പൊതുവിലയിരുത്തൽ പരസ്യമായിപ്പറഞ്ഞാൽ, പിന്നീടു നമ്മുടെ ശ്രമം അതു തെളിയിക്കുന്ന പെരുമാറ്റം അന്വേഷിച്ചിറങ്ങുന്നതായിരിക്കും. അന്യരിലെ കുറവു കാണുമ്പോൾ അതിന് എന്റെ കുറവിനോടു സാമ്യമുണ്ടോയെന്നു പരിശോധിക്കുന്നത് നമ്മുടെ പ്രതികരണത്തെ മയപ്പെടുത്തും. വിനയവും ആർജ്ജവവും ഉണ്ടെങ്കിൽ കുറ്റാരോപണം ഒഴിവാക്കി, നമ്മുടെ സ്വീകാര്യത ആരോഗ്യകരമായി ഉയർത്താൻ കഴിയും.

മറ്റുള്ളവരെ പഴിക്കുന്നതിനെപ്പറ്റിയുള്ള ഏറ്റവും പ്രശസ്തമായ വരി യേശുവിന്റേതാണ്. ‘നീ ആദ്യം സ്വന്തം കണ്ണിലെ മരത്തടി എടുത്തുമാറ്റൂ. അപ്പോൾ സഹോദരന്റെ കണ്ണിലെ കരട് മാറ്റാൻ തക്ക തെളിച്ചം നിന്റെ കണ്ണിനു വരും’ (മത്തായി 7:5).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com