sections
MORE

ചില ചോദ്യങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

questions
SHARE

ഏതൊരാളുടെയും ചോദ്യങ്ങളിൽ നിന്ന് അയാളുടെ ബുദ്ധിയും വിവേകവും തിരിച്ചറിയാമെന്നു പറയാറുണ്ട്. അതിൽ കുറെയൊക്കെ ശരിയുമുണ്ട്. ബുദ്ധിമാനായ സേവകനോടു ചോദ്യങ്ങൾ ചോദിക്കുന്നത് രാജാവിന്റെ വിനോദമായിരുന്നു. ഒരുനാൾ ചോദിച്ചു, ‘എടോ, നല്ല കാലത്തു വായിച്ചാൽ ദുഃഖവും, കഷ്ടകാലത്തു വായിച്ചാൽ സുഖവും പകരുന്ന ചെറിയ വാക്യം പറയാമോ?’ സേവകൻ ഉടൻ മറുപടി നല്കി, ‘ഈ കാലം വേഗം കഴിഞ്ഞുപോകും’. കാര്യം ശരിയല്ലേ? ഉത്തരത്തിൽ നിന്നും ബുദ്ധി തിരിച്ചറിയാമെന്ന സൂചന.

തനിക്കു മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ സ്വയം വിലയിരുത്തി, ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതു ഫലപ്രദമാകും. അതിനുതകുന്ന ചില ചോദ്യങ്ങൾ കാണുക.

∙പുതിയത് എന്തെങ്കിലും നിങ്ങൾ പരീക്ഷിച്ചുനോക്കിയത് എന്നായിരുന്നു? (പുതുമയെ സ്വീകരിക്കാൻ പലതവണ താല്പര്യം കാട്ടിയവരെ തുടർന്നും പ്രോത്സാഹിപ്പിക്കുന്ന ചോദ്യം. പക്ഷേ ഒന്നും ചൂണ്ടിക്കാട്ടാനില്ലാത്തവർക്കു ലഭിക്കുന്ന ആരോഗ്യകരമായ സൂചനയും ചോദ്യത്തിലുണ്ട്.)

∙സ്നേഹിതൻ എങ്ങനെയായിരിക്കണമെന്ന് ധാരണയുണ്ടല്ലോ. അത്തരത്തിലുള്ള സ്നേഹിതനാകുംവിധം നിങ്ങൾ പ്രവർത്തിക്കാറുണ്ടോ?

∙നിങ്ങൾ ഏറ്റവും ഒടുവിൽ സഹായിച്ചത് ആരെയാണ്?

∙നിങ്ങൾക്ക് അന്യരിൽനിന്നു ക‌ിട്ടിയ ഏറ്റവും വലിയ സഹായമെന്ത്?

∙നിങ്ങൾ ചെയ്യുന്ന ജോലിയിൽ പരിപൂർണത പ്രതീക്ഷിക്കാറുണ്ടോ? (പെർഫെക്‌ഷൻ നല്ല ആദർശമാണെങ്കിലും, ഒരു പരിഷ്കാരത്തിനും സാധ്യതയില്ലാത്ത മനുഷ്യസൃഷ്ടിയില്ല. ചെറിയ പോരായ്മയെങ്കിലും ഏതിലും കാണും. അതിമനോഹരമായി പാടുന്ന ഗായകനെ നോക്കി, നാം പറയും, ഇതിനെക്കാൾ നന്നായി പാടുക അസാധ്യം. പക്ഷേ അദ്ദേഹത്തിനുതന്നെ ആ ഗാനത്തെ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കാം. ഭാവനാശാലിയായ ടാഗൂർ ഗീതാഞ്ജലിയിൽ സ്വന്തം മാതൃഭൂമി എങ്ങനെയാകണമെന്ന സ്വപ്നം ഏഴ‌ു കാര്യങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. ഒന്ന് ഇങ്ങനെ : ‘എവിടെ അക്ഷീണമായ പ്രയത്നം പരിപൂർണതയിലേക്കു കരങ്ങൾ നീട്ടുന്നുവോ’. പരിപൂർണതയെ ഗ്രസിക്കണമെന്ന് ടാഗൂർ ഭാവനയിൽപ്പോലും കാണുന്നില്ല. ‘എന്റെ ജോലി പെർഫെക്റ്റായില്ല’ എന്നോർത്ത് നാം വിഷമിക്കേണ്ട. കഴിയുന്നത്ര പരിശ്രമിച്ച് ജോലി കുറ്റമറ്റതാക്കാൻ നിരന്തരം ശ്രമിക്കുക. അതിനപ്പുറം ആർക്കും സാധ്യമല്ല.)

∙എങ്ങനെയെങ്കിലും കഴിഞ്ഞുപോകുന്നതും ശരിയായി ജീവിക്കുന്നതും തമ്മിൽ വ്യത്യാസമെന്ത്? (മനുഷ്യജന്മത്തിന്റെ സവിശേഷസാധ്യതകളെപ്പറ്റി ബോധമുണ്ടോയെന്നു പരിശോധിക്കുന്ന ചോദ്യം. ജീവിതം നിലനിർത്തുകയെന്ന പരിമിതലക്ഷ്യം പോരാ മനുഷ്യന്. അതിനപ്പുറവുമുള്ള കാര്യങ്ങൾ നേടാൻ പ്രോത്സാഹിപ്പിക്കുന്നു.)

∙വലിയ മീറ്റിങ്ങിനു ചെന്നാൽ മുൻനിരയിലിരിക്കുമോ? (ആത്മവിശ്വാസം വിലയിരുത്തുന്ന ചോദ്യം)

∙പ്രധാനപ്പെട്ട ഫോൺവിളിക്കുമുൻപ് എന്തു സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്ന് ആലോചിക്കാറുണ്ടോ? കുറിപ്പെഴുതാറുണ്ടോ?

∙കഴിയുന്നത്ര കുറച്ചു ജോലി ചെയ്യുന്നതിലാണോ, ഏറെ സംതൃപ്തി ലഭിക്കുംവിധം പ്രയാസമുള്ളതും മടികൂടാതെ ചെയ്യുന്നതിലാണോ താല്പര്യം?

∙തെറ്റു വരുത്തുന്നതിൽ നിന്നു പഠിക്കാമെന്നു പറയാറുണ്ട്. പിന്നെന്തിനാണ് നിങ്ങൾ തെറ്റു വരുത്താൻ പേടിക്കുന്നത്? (കാര്യം തെറ്റിദ്ധരിച്ചവരുടെ ചോദ്യം. പഠിക്കാൻ വേണ്ടി തെറ്റു വരുത്തണമെന്നല്ല, തെറ്റു വന്നുപോയാൽ പാഠമുൾക്കൊണ്ട് അത് ആവർത്തിക്കാതിരിക്കണമെന്നാണ് മനസ്സിലാക്കേണ്ടത്.)

∙മനുഷ്യായുസ്സ് 40 വയസ്സിൽ ഒതുങ്ങുമെന്നു സങ്കല്പ്പിച്ചാൽ, ഇന്നു മുതൽ എന്തെല്ലാം ചെയ്യുന്നതിലാകും നിങ്ങളുടെ ശ്രദ്ധ? (ചെറുപ്പക്കാർ നേട്ടങ്ങൾക്കു മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നു)

∙ചെയ്യാനാഗ്രഹിക്കുന്ന ഏതു കാര്യമാണ് ചെയ്യാൻ കഴിയാതെ പോയത്? (നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ചില സൂചനകൾ ഇതിന്റെ ഉത്തരത്തിൽനിന്നു കിട്ടും.)

∙ചെയ്തുപോയ ഏതിനെക്കുറിച്ചാണ് പശ്ചാത്താപമുള്ളത്?

∙ഒരിക്കലും നിങ്ങൾ ചെയ്യില്ലെന്നു നിർബന്ധമുള്ള പ്രധാനകാര്യം എന്ത്?

∙നിങ്ങളെ സംബന്ധിച്ച മുഖ്യതീരുമാനങ്ങൾ നിങ്ങളുടെ തന്നെയോ, അതോ മറ്റുളളവരുടെയോ?

∙തീരുമാനങ്ങൾ ഉടനെടുക്കുമോ, അതോ നല്ല തീരുമാനം വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമോ?

∙വൻവിജയം കൈവരിക്കുന്നവരോട് ആദരവാണോ അസൂയയാണോ തോന്നുക? അവരെ ആത്മാർത്ഥമായി അനുമോദിക്കുമോ?

∙നിങ്ങളുടെ തെറ്റു ചൂണ്ടിക്കാട്ടുന്നവരോടു ദേഷ്യം തോന്നുമോ?

∙നിങ്ങളെ എന്തിനു ഞാൻ സ്നേഹിക്കണം /  ബഹുമാനിക്കണം എന്ന് ആരെങ്കിലും ചോദിച്ചാൽ ഏതു കാര്യം ചൂണ്ടിക്കാട്ടും?

∙അന്യരെ സഹായിച്ചാൽ, അവർ തിരിച്ചു സഹായിക്കണമെന്ന് വിചാരിക്കുമോ?

∙കഷ്ടപ്പെടുത്തിയ അനുഭവത്തിൽ നിന്നു പഠിച്ച ഏറ്റവും വലിയ പാഠം?

∙ജീവിക്കാൻ വേണ്ടതിലേറെ പണം കൈയിലുണ്ടെങ്കിൽ എന്തു ജോലിയാകും ചെയ്യുക? 

∙എന്തിനെയാണ് നിങ്ങൾ ഏറ്റവും ഭയക്കുന്നത്? (പലതിനെയും നിങ്ങൾ ഭയക്കുന്നുവെന്ന സൂചനയുണ്ട്. അതു ശരിയുമാണ്. ഒന്നിനെയും ഭയമില്ലെന്നു പറയുന്ന നന്മ നിറഞ്ഞയാൾക്ക് മോഷ്ടിക്കുന്നതിനോ മറ്റ് അധർമ്മം കാട്ടുന്നതിനോ ഭയമായിരിക്കുമല്ലോ. അധർമ്മഭീരു എന്ന പ്രയോഗം തന്നെയുണ്ട്.)

∙അന്യർ നിങ്ങളെപ്പറ്റി എങ്ങനെ ചിന്തിക്കണമെന്നാണ് ആഗ്രഹം?

∙അനീതി കാണുമ്പോൾ ധാർമ്മികരോഷം കൊള്ളുമോ നിസ്സംഗനായിരിക്കുമോ?‌

∙നിങ്ങളെ പുകഴ്ത്തുന്നവരെ സഹായിക്കാൻ തെറ്റായ കാര്യങ്ങളും  ചെയ്യുമോ? 

∙മനുഷ്യത്വത്തോടെ പെരുമാറുകയെന്നാൽ?

∙ജീവിതത്തിൽ സംതൃപ്തനാണോ? അല്ലെങ്കിൽ, സംതൃപ്തി കൈവരുത്താൻ നിങ്ങൾ എന്തെല്ലാം ചെയ്യുന്നു? (അസംതൃപ്തരായി നിരാശപ്പെട്ടിരിക്കാതെ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന സന്ദേശം).

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA