ADVERTISEMENT

തൊഴില്‍ രംഗത്ത് കൊറോണ വൈറസ് ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. വ്യവസായങ്ങള്‍ പലതും പ്രതിസന്ധിയിലാകുകയും നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിരിച്ച് വിടുന്ന ജീവനക്കാര്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സഹായങ്ങള്‍ നല്‍കി ഈ ദുരിതകാലത്തും ചില കമ്പനികള്‍ മാതൃകയാവുകയാണ്. 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ചില കമ്പനികളാണ് കോര്‍പ്പേറ്റ് രംഗത്തെ കരുതലിന്റെ മാതൃകകളാകുന്നത്. 1100 ഓളം പേരെയാണ് സ്വിഗ്ഗി ലോക്ഡൗണ്‍ കാലത്ത് ജോലിയില്‍ നിന്ന് നീക്കം ചെയ്തത്. എന്നാല്‍ കമ്പനിയുടെ ഹയറിങ്ങ് ടീം ഇവരെ മറ്റ് സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ഇപ്പോള്‍ സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഔട്ട്‌പ്ലേസ്‌മെന്റ് എന്നാണ് ഈ പരിപാടിക്ക് കോര്‍പ്പറേറ്റ് ലോകം നല്‍കുന്ന പേര്. അതായത് കമ്പനിയില്‍ നിന്ന് ഔട്ടാകുന്നവരെ സുരക്ഷിതമായി പ്ലേസ് ചെയ്യുന്നതിനുള്ള സംവിധാനം. 

ചിലര്‍ പ്രത്യേക ഔട്ട്‌പ്ലേസ്‌മെന്റ് ഏജന്‍സിയെ ഉപയോഗിച്ചാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതെങ്കില്‍ ചിലര്‍ സ്വന്തം എച്ച്ആര്‍ ടീമിനെ തന്നെ ഇതിനു വേണ്ടി നിയോഗിക്കുന്നു. ഇതിനുള്ള ചെലവുകള്‍ വഹിക്കുന്നത് ജീവനക്കാരെ പിരിച്ച് വിട്ട കമ്പനി തന്നെയാണ്. ഔട്ട്‌പ്ലേസ്‌മെന്റ് ഇന്ത്യയില്‍ പ്രതിവര്‍ഷം 30 ശതമാനം നിരക്കില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഈ മേഖലയിലെ കമ്പനിയായ റൈസ് സ്മാർട്ട് ചൂണ്ടിക്കാണിക്കുന്നു. 

തൊഴില്‍ നഷ്ടമാകുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്. വാതിലുകള്‍ കൊട്ടിയടച്ച് ജീവനക്കാരെ പുറന്തള്ളുന്നതിന് പകരം ഈ ഘട്ടത്തെ മറികടക്കാനുള്ള ഉപായങ്ങളുമായി കൂടെ നില്‍ക്കുകയാണ് ഇത്തരത്തില്‍ ചുരുക്കം ചില കമ്പനികള്‍. 

പിരിച്ചു വിടുന്ന ജീവനക്കാരുടെ റെസ്യൂമേ പുതുക്കാനും അവരുടെ നൈപുണ്യങ്ങള്‍ മാപ്പ് ചെയ്യാനും സ്വിഗ്ഗി സഹായിക്കുന്നുണ്ട്. ഇനിയൊരു ജോലി ശരിയാകും വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മാനസിക സമ്മര്‍ദ്ധത്തെ അതിജീവിക്കാനുള്ള കൗണ്‍സിലിങ്ങ് സേവനങ്ങള്‍ തുടങ്ങിയവയും കമ്പനി നല്‍കുന്നു. പിരിച്ച് വിടുന്ന ജീവനക്കാരുടെ ടാലന്റ് ഡയറക്ടറി തയ്യാറാക്കിയാണ് സൊമാറ്റോ ജീവനക്കാരെ സഹായിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെയാണ് ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങള്‍ ഈ വിധത്തില്‍ ലഭ്യമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com