sections
MORE

നിയമന ശുപാർശ: കണക്ക് ഊതിപ്പെരുപ്പിച്ച് പിഎസ്‌സി

psc-exam-image
SHARE

ലോക്ഡൗൺ കാലത്ത് 7225 പേർക്കു നിയമന ശുപാർശ നൽകിയെന്ന് പിഎസ്‍സി അവകാശപ്പെടുമ്പോഴും യഥാർഥ നിയമനം ഇത്രത്തോളമുണ്ടാകില്ല. വിവിധ റാങ്ക് പട്ടികകളിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് ഒരേ ഉദ്യോഗാർഥികളാണ്. ഇങ്ങനെ ഒരേ ആളുകൾക്കു തന്നെ രണ്ടും മൂന്നും നിയമന ശുപാർശ (അഡ്വൈസ്) നൽകിയിട്ടുണ്ട്. 

നിയമനശുപാർശ ലഭിച്ചയാൾ ജോലിയിൽ ചേർന്നില്ലെങ്കിൽ മറ്റൊരാൾക്കു വീണ്ടും ശുപാർശ നൽകും. നോട്ട് ജോയിനിങ് ഡേറ്റ് (എൻജെഡി) എന്നാണിത് അറിയപ്പെടുന്നത്. ഇവ കൂടി ചേർത്താണ് 7225 പേർക്കു ജോലി നൽകിയെന്നു പറയുന്നത്. 

നൂറിലേറെ റാങ്ക് പട്ടികകൾ റദ്ദായി ഉദ്യോഗാർഥികളിൽ നിന്നു വൻ പ്രതിഷേധം ഉയർന്നതോടെയാണ് ഇതിന്റെ കണക്കുമായി പിഎസ്‍സി രംഗത്തെത്തിയത്.

 കണക്കുകൾ ഇങ്ങനെ

പി‌‍എ‍സ്‍സിയുടെ കണക്കു പ്രകാരം അസി. സർജൻ (276), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (1459), കമ്പനി, ബോർഡ്, കോർപറേഷൻ അസിസ്റ്റന്റ് (1186), അസി.പ്രിസണർ (454), സിവിൽ പൊലീസ് ഓഫിസർ (277) എന്നിങ്ങനെ 5 റാങ്ക് ‌ലിസ്റ്റുകളിൽനിന്നായി ആകെ 3652 നിയമന ശുപാർശ നൽകിയിട്ടുണ്ട്. ബാക്കി നാനൂറോളം റാങ്ക് പട്ടികയിൽ നിന്നുള്ള വിവരം കൂടി പുറത്തുവിടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

കമ്പനി, ബോർഡ്, കോർപറേഷൻ അസിസ്റ്റന്റിനുള്ള ഒറ്റ പരീക്ഷയിൽ നിന്ന് 4 തസ്തികകളിലേക്കാണു നിയമനം. ഇതിനായി 2 റാങ്ക് ലിസറ്റുകളുണ്ട്. മിക്കവരും എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിനാൽ ആദ്യ റാങ്കുകാർക്ക് ഇവയിലേക്കെല്ലാം നിയമന ശുപാർശ ലഭിക്കും. ഇതെല്ലാം ചേർത്താണ് 1186 പേർക്കു ശുപാർശയെന്നു പിഎസ്‌സി പറയുന്നത്. 

276 പേർക്ക് അഡ്വൈസ് നൽകിയ അസി. സർജൻ തസ്തികയിലെ റാങ്ക് പട്ടികയുടെ കാലാവധി ഇന്നു തീരും. മേയിലെ കണക്കുപ്രകാരം ഈ പട്ടികയിൽ 1098 പേർ ബാക്കിയുള്ളപ്പോൾ 980 താൽക്കാലിക നിയമനങ്ങൾ സർക്കാർ നടത്തുകയും ചെയ്തു.

റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടാൽ പിൻവാതിൽ നിയമനം എളുപ്പം

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നൊന്നായി കഴിയുന്നതിനിടെ, പല വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം തകൃതി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരെ വിആർഎസ് എടുപ്പിച്ച് ആ തസ്തികകളിലേക്ക് ഇഷ്ടക്കാരെ തിരക്കിട്ട നിയമിക്കുന്നുമുണ്ട്.

ഈ മാസം 30നു മുപ്പതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു തീരുന്നത്. 19ന് നൂറോളം  റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞു. കാലാവധി നീട്ടുന്ന കാര്യം പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ പല തസ്തികകളിലേക്കും താൽക്കാലിക നിയമനത്തിനു വഴിയൊരുങ്ങും. വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ പിന്നെ തടസ്സമുണ്ടാകില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

English summary: PSC list validity ends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA