sections
MORE

പിഎസ്‌സി റാങ്ക്‌ പട്ടികകൾ കാലഹരണപ്പെടുന്നു; ആശങ്കയിൽ ആയിരങ്ങൾ

palakkad-psc-waiting
SHARE

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ നീട്ടിയ കാലാവധി അവസാനിക്കാനിരിക്കെ ഈ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിൽ. ലോക്ഡൗൺ ആയിരുന്നതിനാൽ 3 മാസം കാലാവധി നീട്ടിക്കിട്ടിയ റാങ്ക് ലിസ്റ്റുകളിൽ നിന്നു കാര്യമായ നിയമനമൊന്നും നടന്നിട്ടില്ല. കഴിഞ്ഞ തവണ ആനുകൂല്യം ലഭിക്കാത്ത ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ തങ്ങൾക്കും ഒരവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും  ഇതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ കടുത്ത നിരാശയിലാണ് ഉടൻ റദ്ദാകുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ. 

മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് ജൂൺ 19 വരെ നീട്ടിയത്. കോവിഡ്19 ആശങ്കളുടെയും ലോക്ഡൗണിന്റെയും അടിസ്ഥാനത്തിൽ 6 മാസമെങ്കിലും കാലാവധി നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും  3 മാസം മാത്രമാണ് സർക്കാർ കാലാവധി കൂടുതൽ അനുവദിച്ചത്. സിവിൽ എക്സൈസ് ഒാഫിസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്–3, ചില വിഷയങ്ങളിലെ കോളജ്/ ഹൈസ്കൂൾ അധ്യാപക ലിസ്റ്റുകൾ എന്നിവ ഉൾപ്പെടെ നൂറോളം ലിസ്റ്റുകൾക്കു മാത്രമാണ് കാലാവധി നീട്ടൽ ആനുകൂല്യം ലഭിച്ചത്. സിവിൽ പൊലീസ് ഒാഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, എച്ച്എസ്എ ഇംഗ്ലിഷ്/മ ലയാളം തുടങ്ങി പ്രധാനപ്പെട്ട ധാരാളം ലിസ്റ്റുകൾക്ക് ആനുകൂല്യം ലഭിച്ചതുമില്ല. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ഉടൻ റദ്ദാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട് നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. പ്രായപരിധി അവസാനിച്ചതിനാൽ പലരുടെയും അവസാന അവസരമാണിത്. 6 മാസംകൂടിയെങ്കിലും കാലാവധി നീട്ടി നൽകിയെങ്കിൽ മാത്രമേ  ഉദ്യോഗാർഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കൂ.  

ലോക്ഡൗൺ പിൻവലിച്ചപ്പോൾ ലിസ്റ്റില്ല

ലോക്ഡൗൺ പിൻവലിച്ചപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയ സമയത്ത് ലോക്ഡൗണായിരുന്നതിനാൽ ഭൂരിഭാഗം സർക്കാർ ജീവനക്കാരും ജോലിക്കെത്തിയിരുന്നില്ല. അതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളും കൃത്യമായി നടന്നില്ല.  ലോക്ഡൗൺ ഇളവുകളെ തുടർന്ന് ജീവനക്കാർ പൂർണമായി ഒാഫിസിലെത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അപ്പോഴേക്കും റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും. ശരിക്കും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടത് ഇനിയുള്ള മാസങ്ങളിലാണ്. എങ്കിൽ മാത്രമേ ഉദ്യോഗാർഥികൾക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. 

വഴിമുട്ടിയ പൊലീസ് ലിസ്റ്റ്
റാങ്ക് ലിസ്റ്റ് നീട്ടാത്തതിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിനെയാണ്. 7 ബറ്റാലിയനുകളിലായി  2019 ജൂലൈ 1ന് നിലവിൽ വന്ന  പൊലീസ് റാങ്ക് ലിസ്റ്റുകളുടെ സ്വാഭാവിക കാലാവധി ജൂൺ 30ന് അവസാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ലിസ്റ്റുകളിൽ ഉൾപ്പെട്ടതിന്റെ പകുതിപ്പേർക്കു പോലും  നിയമനം ലഭിക്കാതെയാണ് ഈ റാങ്ക് ലിസ്റ്റുകൾ റദ്ദാകുക. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം നിയമനം നൽകുക വഴി മുൻപുള്ള പൊലീസ് റാങ്ക് ലിസ്റ്റുകളെല്ലാം അവസാനിക്കുകയിരുന്നു പതിവ്. എന്നാൽ ഇത്തവണ ഒരു ലിസ്റ്റുപോലും ഈ രീതിയിൽ അവസാനിക്കാൻ സാധ്യത കാണുന്നില്ല. 

നടപടികളൊന്നുമില്ലാതെ ഏഴു മാസം
സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് യഥാർഥത്തിൽ ലഭിച്ചത് 5 മാസത്തെ കാലാവധി മാത്രം. പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള അന്വേഷണവും തുടർനടപടികളുമായി ആദ്യത്തെ നാലു മാസം ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശയൊന്നും നടന്നിരുന്നില്ല. നവംബർ അവസാനത്തോടെയാണ് നിയമന ശുപാർശ ആരംഭിച്ചത്. പിന്നീട് ലോക്ഡൗണിനെ തുടർന്ന് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും നിയമനം തടസ്സപ്പെട്ടു. മൊത്തത്തിൽ 7 മാസം ഈ ലിസ്റ്റിൽ നിന്നു നിയമന നടപടികളൊന്നും നടന്നിട്ടില്ല.

പൊലീസ് സേനയിൽ അയ്യായിരത്തോളം സിവിൽ പൊലീസ് ഒാഫിസർമാരുടെ കുറവുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ വകുപ്പ് അധികൃതർ തയാറാകുന്നില്ല.  ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറുകമ്പോൾ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ വിവിധ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കുന്ന നടപടി ഊർജിതമാക്കാറുണ്ടായിരുന്നു. എന്നാൽ ലോക്ഡൗണിനെ തുടർന്ന് ഉദ്യോഗാർഥികൾക്ക് ഇതിനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഒഴിവുകളൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. 

പതിനായിരത്തിലധികം ഉദ്യോഗാർഥികളാണ് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളി‍ൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ മൂവായിരത്തോളം പേർക്ക് നിയമന ശുപാർശ ലഭിച്ചെങ്കിലും രണ്ടായിരത്തി അഞ്ഞൂറിൽ താഴെ ഉദ്യോഗാർഥികളേ ട്രെയിനിങ്ങിൽ പ്രവേശിച്ചിട്ടുള്ളൂ. ആദ്യ ഘട്ടങ്ങളിൽ നടന്ന നിയമന ശുപാർശയെ തുടർന്നു ലഭിക്കേണ്ട പ്രതീക്ഷിത ഒഴിവുകളും സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ഡപ്യൂട്ടേഷൻ എന്നിവ വഴി ഉണ്ടാകേണ്ട ഒഴിവുകളും പൂർണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ ഒഴിവുകളെല്ലാം ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നഷ്ടമാകും. 

പുതിയ ലിസ്റ്റിന്  സമയമെടുക്കും
സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ പുതിയ വിജ്ഞാപന പ്രകാരമുള്ള പരീക്ഷാ തീയതി പിഎസ്‌സി തീരുമാനിച്ചിട്ടില്ല.  3,17,017 പേരാണ് 7 ബറ്റാലിയനുകളിലായി ഇത്തവണ അപേക്ഷ നൽകിയത്. ഇവർക്ക് ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ പൂർത്തിയാക്കി വേണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ. 

ഇപ്പോഴത്തെ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകാൻ 6 മാസത്തിലധികം വേണ്ടിവരും. അതിനാൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾക്ക് 6 മാസം കാലാവധി നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA