ADVERTISEMENT

കോവിഡ് കാലം തൊഴിൽ മേഖലയെ ആശങ്കയിലാഴ്ത്തുമ്പോൾ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ഇതാണ്: മനുഷ്യനു പകരം റോബട്ടുകൾ ജോലികൾ ഏറ്റെടുക്കുമോ? വൈറസ് റോബട്ടുകളെ ബാധിക്കില്ലെന്നതിനാൽ റോബട്ടുകളുടെ ഉപയോഗം കൂടുമെന്ന് ഉറപ്പാണ്. പല ജോലികൾക്കും മനുഷ്യൻ തന്നെ വേണമെന്നു നിർബന്ധമില്ലെന്നു കോവിഡ് കാലം തെളിയിച്ചു. സാമൂഹിക അകലം റോബട്ടുകളുടെ കാര്യത്തിൽ ബാധകമല്ലാത്തത് അവയുടെ ഉപയോഗം വളരെയധികം വർധിപ്പിച്ചിട്ടുമുണ്ട്.

ഭക്ഷണവിതരണം മുതൽ ശുചീകരണം വരെ 

നേരത്തേ ഓട്ടമൊബൈൽ പോലുള്ള വ്യവസായങ്ങളിലാണ് റോബട്ടുകൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കമ്പനികൾ കൂടുതൽ ജോലികൾ റോബട്ടുകളെ ഏൽപിക്കുകയാണ്. ശുചീകരണമാണ് ഇതിൽ പ്രധാനം. വ്യാപാരരംഗത്തെ അമേരിക്കൻ കമ്പനി വാൾമാർട്ട് തങ്ങളുടെ റീട്ടെയ്‌ൽ ഷോപ്പുകളിലെ ശുചീകരണം റോബട്ടുകളെ ഏൽപിച്ചുകഴിഞ്ഞു.

ചില രാജ്യങ്ങളിൽ മനുഷ്യരുടെ ശരീരച്ചൂടു പരിശോധിക്കുന്നതും ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്യുന്നതും റോബട്ടുകളാണ്. ശുചീകരണ റോബട്ടുകൾ നിർമിക്കുന്ന കമ്പനികൾക്കു കോവിഡ് കാലത്ത് വൻ ഡിമാൻഡുണ്ട്. ഭക്ഷണ വിതരണമാണു മറ്റൊരു മേഖല. മക്ഡോണൾഡ്സ് പോലുള്ള കമ്പനികൾ ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും റോബട്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആമസോണിന്റെയും വാൾമാർട്ടിന്റെയും വെയർഹൗസുകളിൽ സാധനങ്ങൾ പായ്ക്ക് ചെയ്യാനും ഷിപ്പ് ചെയ്യാനുമൊക്കെ റോബട്ടുകളുണ്ട്.

മനുഷ്യൻ ചെയ്യേണ്ട പണി ബാക്കിയുണ്ട്!
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് റോബട്ടുകളെ ഉപയോഗപ്പെടുത്തുന്നതെങ്കിലും പഴയ നിലയിലേക്കുള്ള പൂർണമായ തിരിച്ചുപോക്ക് അസാധ്യമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യനേക്കാൾ കുറഞ്ഞ ചെലവിൽ റോബട്ടുകളെ ഉപയോഗിക്കാം എന്നതാണ് പ്രധാന കാരണം. എന്നാൽ, ഉപഭോക്താക്കളുമായി ബന്ധപ്പെടേണ്ട മേഖലകളിൽ മനുഷ്യന്റെ അത്ര വിദഗ്ധമായി നിർമിതബുദ്ധിക്കോ റോബട്ടിനോ പ്രവർത്തിക്കാനാകില്ല. റോബട്ടുകൾ ചില ജോലികൾ ഏറ്റെടുത്താലും മനുഷ്യനു മാത്രം ചെയ്യാൻ സാധിക്കുന്ന ജോലികൾ മറ്റൊരു വശത്ത് ഉയർന്നുവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com