ADVERTISEMENT

പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള 7 പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഒഴിവുകളെല്ലാം അധികൃതർ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തില്ലെന്ന് ആക്ഷേപം. കഴിഞ്ഞ 30 ന് ഈ പട്ടികകളുടെയെല്ലാം കാലാവധി അവസാനിച്ചു.

കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി വരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആ പട്ടികയിൽ നിന്നു നിയമനം നടത്തണമെന്നാണു ചട്ടം. എന്നാൽ ഒഴിവുകൾ പൊലീസ് അധികൃതർ പൂഴ്ത്തിവച്ചു തങ്ങളെ കബളിപ്പിച്ചെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പട്ടികയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഇനി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയേ ഇവർക്കു വഴിയുള്ളൂ. പൊലീസ് കോൺസ്റ്റബിൾമാരുടെ 1200 തസ്തികകൾക്കു തുടർച്ചാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഈ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.

പൊലീസ് കോൺസ്റ്റബിൾമാരുടെ 7 റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് 1861 ഒഴിവുകൾ കൂടി പൊലീസ് വകുപ്പിൽ നിന്നു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 994 എണ്ണം പുതിയതായി സൃഷ്ടിച്ചതാണെന്നാണു പിഎസ്‌സിക്കു ലഭിച്ച അനൗദ്യോഗിക വിവരം. എറണാകുളത്തെ ഒഴിവുകളാണ് 343 എണ്ണം. ഇടുക്കിയിൽ കേസിൽ കുടുങ്ങിക്കിടന്ന 468 ഒഴിവുകളും മലപ്പുറത്തെ 56 ഒഴിവുകളും കൂടിച്ചേർത്ത് 1861 ഒഴിവുകളിലേക്കു കൂടി പിഎസ്‌സി ഉടനെ നിയമന ശുപാർശ നൽകും.

ഇതോടെ ഈ പട്ടികയിൽ നിന്ന് ഒരു വർഷം കൊണ്ടു നിയമന ശുപാർശ ലഭിച്ചവരുടെ എണ്ണം 5504 ആകും. ഇതു കഴിഞ്ഞ റാങ്ക് പട്ടികകളെക്കാൾ കുറവാണ്. പട്ടികകളുടെ കാലാവധി അവസാനിച്ച 30നു മുൻപ് തിരുവനന്തപുരത്തെ 19 എണ്ണം ഉൾപ്പെടെ ഏതാനും ഒഴിവുകൾ കൂടി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7 ജില്ലകളിൽ നിന്നുള്ള വിവരം ലഭിച്ചാലേ അന്തിമ കണക്ക് അറിയാനാവൂ.

ഇതിനിടെ, പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള കെഎപി 4 റാങ്ക് ലിസ്റ്റിന് ഒരു വർഷം മാത്രമായിരുന്നു കാലാവധിയെന്നും അതിൽ 7 മാസം യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്തു കേസിന്റെ പേരിലും കോവിഡ് മൂലവും നഷ്ടമായെന്നും ഇതിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആരോപിച്ചു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ ഉദ്യോഗാർഥികൾ ഉൾപ്പെട്ടതാണു കെഎപി 4 പട്ടിക.

മെയിൻ ലിസ്റ്റിൽ 1287 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 500 പേരുമുണ്ട്. 650 പേർക്കു മാത്രമാണു നിയമനം ലഭിച്ചത്. മുൻ ലിസ്റ്റുകളിൽ നിന്നു 3 വർഷത്തോളം നിയമനം നടത്തിയിരുന്നു. തങ്ങളുടേതല്ലാതെ കുറ്റം കൊണ്ട് 7 മാസം നഷ്ടപ്പെട്ട പ്രത്യേക സാഹചര്യത്തിൽ കെഎപി 4 പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടു പലരെയും സമീപിച്ചെങ്കിലും അവഗണിച്ചെന്നും ഉദ്യോഗാർഥികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

English summary: Police constable vacancy not reported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com